അത്തരം ചോദ്യങ്ങൾ വേദനിപ്പിക്കാറുണ്ട്, മറിച്ച് പറഞ്ഞാൽ ഞാനൊരു കള്ളനായിപ്പോകും : മമ്മൂട്ടി
Movie news
അത്തരം ചോദ്യങ്ങൾ വേദനിപ്പിക്കാറുണ്ട്, മറിച്ച് പറഞ്ഞാൽ ഞാനൊരു കള്ളനായിപ്പോകും : മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 1st February 2023, 9:22 pm

കഥാപാത്രത്തിന്റെ സ്വാഭാവികതയല്ല മറിച്ച് അഭിനയമാണ് തനിക്ക് പ്രിയപ്പെട്ടതെന്ന് മമ്മൂട്ടി. എല്ലാ കഥാപാത്രങ്ങളും താൻ എൻജോയ് ചെയ്യുന്നുണ്ടെന്നും ഏത് തരത്തിലുള്ള കഥാപാത്രമാണ് ഇഷ്ടമെന്ന ചോദ്യം വേദനിപ്പിക്കുമെന്നും മമ്മൂട്ടി പറഞ്ഞു.

“ഞാൻ അഭിനയം എൻജോയ് ചെയ്യുന്നയാളാണ്, ക്യാരക്ടറല്ല. പോക്കിരിരാജയിലെ കഥാപാത്രം ഞാൻ എൻജോയ് ചെയ്യുന്നില്ല എന്ന് പറഞ്ഞാൽ ഞാൻ ഒരു കള്ളനായിപ്പോകും. അങ്ങനെ ഒരു കള്ളനല്ല ഞാൻ. ഞാൻ എല്ലാം എൻജോയ് ചെയ്യുന്നുണ്ട്. ഞാൻ അഭിനയത്തെയാണ് ഇഷ്ടപ്പെടുന്നത്. കഥാപാത്രങ്ങളുടെ രൂപഘടനയോ, അതിലെ വലുപ്പ-ചെറുപ്പമോ, സ്വഭാവികതയോ എന്നതിനപ്പുറത്തേക്ക് ഒരു നല്ല നടനാകുക എന്നതാണ് പ്രധാനം,” മമ്മൂട്ടി പറഞ്ഞു.

പോക്കിരിരാജ പോലൊരു കഥാപാത്രമാണോ ഇഷ്ടപ്പെടുന്നത് എന്ന അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. ഇത്തരം ചോദ്യങ്ങൾ വേദനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൻപകൽ നേരത്ത് മയക്കം എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ഓരോ കഥാപാത്രവും വളരെ സിൻസിയറായി ചെയ്യുന്ന ആളാണ് ഞാൻ. അത് ഇഷ്ടപ്പെട്ടില്ല മറ്റൊരു കഥാപാത്രം ഇഷ്ടമായി എന്ന് പറയുന്നത് വലിയ സങ്കടമാണ്. ഇത്തരം ചോദ്യങ്ങൾ സ്വാഭാവികമായും ഉണ്ടാകുന്നതാണ്. എന്നാൽ അവയ്ക്ക് പിന്നിൽ വൈകാരികമായ ചില അർത്ഥങ്ങൾ കൂടിയുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

 

Content Highlight: Mammootty says he concerns more about being an actor than characters