മോളിവുഡില്‍ വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന താരസംഗമമായി മാറിയിരിക്കുകയാണ് പേട്രിയറ്റ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിഗ് എംസായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് പുറമെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ചാറ്റ്‌ഷോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇത്രയും വലിയൊരു സ്റ്റാര്‍ കാസ്റ്റുള്ള സിനിമയുടെ പ്രൊമോഷന്‍ കൃത്യമായി അടയാളപ്പെടുത്തുന്ന തരത്തിലാണ് ചാറ്റ്‌ഷോ ഒരുക്കിയിരിക്കുന്നത്. കോമഡി ഡയലോഗുകളില്‍ തുടങ്ങി പിന്നീട് ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുന്ന ചാറ്റ്‌ഷോ സംവിധാനം ചെയ്തിരിക്കുന്നത് പ്രകാശ് വര്‍മയാണ്.
മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്ക് പുറമെ സംവിധായകന്‍ മഹേഷ് നാരായണന്‍, സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം, രാജീവ് മേനോന്‍, പ്രകാശ് വര്‍മ തുടങ്ങിയവരായിരുന്നു ചാറ്റ്‌ഷോയില്‍ പങ്കെടുത്തത്. കഥ കേട്ട് താരങ്ങളെ തീരുമാനിച്ചതിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
‘ഇതിന്റെ കഥ മഹേഷ് ആദ്യം എന്നോടാണ് പറഞ്ഞത്. ആദ്യം കേട്ടപ്പോള്‍ തന്നെ ഇതൊരു വലിയ സിനിമയാണെന്നും അതിനനുസരിച്ച് ബജറ്റും സ്റ്റാര്‍ കാസ്റ്റും വേണമെന്ന് മനസിലായി. വലിയൊരു സിനിമയായതുകൊണ്ട് നാഷണല്‍ റീച്ച് കിട്ടാന്‍ പുറത്തുനിന്ന് ആരെയെങ്കിലും കാസ്റ്റ് ചെയ്താലോ എന്ന് മഹേഷ് എന്നോട് ചോദിച്ചു. ‘എന്തിനാ പുറത്തുനിന്ന് ഒരാള്‍, ഇവിടെത്തന്നെ നമുക്കൊരാളുണ്ടല്ലോ’ എന്ന് ഞാന്‍ പറഞ്ഞു.
പേട്രിയറ്റ് Photo: Screen grab/ Anto Joseph Film Company
മോഹന്‍ലാലിനെ നോക്കിയാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. ഇന്‍ഡസ്ട്രിയില്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളായ രണ്ട് മഹാനടന്മാര്‍ പരസ്പരം നല്‍കുന്ന ബഹുമാനം ഈ വാക്കുകളില്‍ വ്യക്തമാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. മോഹന്‍ലാലിന് ഇത്തരമൊരു ഇന്‍ട്രോ നല്‍കിയ മമ്മൂട്ടിയും അതിന് മോഹന്‍ലാല്‍ നല്‍കുന്ന ബഹുമാനവും മറ്റ് ഇന്‍ഡസ്ട്രികളില്‍ കാണാന്‍ സാധിക്കില്ലെന്നും കമന്റുകളുണ്ട്.
ഈ സിനിമയിലെ നായകന്മാര്‍ ഫഹദും കുഞ്ചാക്കോ ബോബനുമാണെന്നും തമാശരൂപേണ മമ്മൂട്ടി പറയുന്നതും വൈറലായി. നായകന്മാര്‍ക്ക് ആവശ്യമുള്ള റൊമാന്‍സ്, ഫൈറ്റ്, നെടുനീളന്‍ ഡയലോഗുകള്‍ എന്നിവ കുഞ്ചാക്കോ ബോബനും ഫഹദിനുമാണെന്നും മമ്മൂട്ടി തമാശരൂപത്തില്‍ പറയുന്നുണ്ട്.
‘നായകനാണെങ്കില്‍ ഫൈറ്റ് വേണം, റൊമാന്‍സ് വേണം, പാട്ട് വേണം, ഇത് മൂന്നുമുള്ളത് ചാക്കോച്ചനാണ്. അതുപോലെ ഫഹദിനാണ് ഈ സിനിമയില്‍ നല്ല കിടുക്കാച്ചി ഡയലോഗുകള്‍. അങ്ങനെ നോക്കുമ്പോള്‍ ഈ രണ്ട് പേരുമാണ് ഹീറോസ്. എനിക്കും ലാലിനും കുറച്ച് സീനുകളേയുള്ളൂ. ലാലിനാണ് സീനുകള്‍ കുറവ് അല്ലേ? (മോഹന്‍ലാല്‍ അതേയെന്ന് തലയാട്ടുന്നു). അതുപോലെ ശക്തരായ നാല് സ്ത്രീ കഥാപാത്രങ്ങളും ഇതിലുണ്ട്,’ മമ്മൂട്ടി പറയുന്നു.
Content Highlight: Mammootty’s words about Mohanlal in Patriot chat show viral