മുണ്ടുടുത്ത ബിലാലിക്ക; ബിഗ് ബിയുടെ ഐക്കോണിക് ബി.ജി.എമ്മുമായി മാത്യു ദേവസി; വീഡിയോ
Film News
മുണ്ടുടുത്ത ബിലാലിക്ക; ബിഗ് ബിയുടെ ഐക്കോണിക് ബി.ജി.എമ്മുമായി മാത്യു ദേവസി; വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th November 2022, 7:02 pm

ജിയോ ബേബി-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന കാതലിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. ഒരിടവേളക്ക് ശേഷം തെന്നിന്ത്യന്‍ താരം ജ്യോതിക മലയാളത്തിലേക്ക് തിരികെയെത്തുന്ന ചിത്രം കൂടിയാണ് കാതല്‍. ചിത്രത്തെ പറ്റിയുള്ള അപ്‌ഡേഷനുകള്‍ മിക്കവാറും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ച് നില്‍ക്കുന്ന വിന്റേജ് ലുക്കിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ ഇരുവരും ഒരു വീടിന്റെ പൂമുഖത്തിരിക്കുന്ന ചിത്രവും വൈറലായി.

ഇപ്പോഴിതാ സെറ്റില്‍ നിന്നും മടങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോയും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. കാതല്‍ സെറ്റില്‍ നിന്നും മാത്യു ദേവസിയുടെ ഗെറ്റപ്പില്‍ മടങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് മമ്മൂട്ടി കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടത്. കാതലിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരാണ് മാത്യു ദേവസി.

ചിത്രത്തിന്റെ ഷൂട്ടിന്റെ ഭാഗമായ ഫ്‌ളക്‌സ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയുടെ ചിത്രം വെച്ച ഫ്‌ളക്‌സില്‍ തിക്കോയി ഗ്രാമ പഞ്ചായത്ത് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നായിരുന്നു ഫ്‌ളക്‌സില്‍ എഴുതിയിരുന്നത്.

ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ കാതലില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

മമ്മൂട്ടി കമ്പനി നിര്‍മ്മാണം നിര്‍വഹിക്കുന്ന കാതല്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. സാലു കെ. തോമസാണ് ഛായാഗ്രാഹകന്‍. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. ജോര്‍ജാണ്.

Content Highlight: Mammootty’s video returning from the set of kaathal is also gaining attention