കൂട്ടുകാര്‍ പറഞ്ഞാണ് ഞാന്‍ നടിയാണെന്ന് മക്കള്‍ അറിയുന്നത്, പഴയ സിനിമകള്‍ കാണുമ്പോള്‍ ഒട്ടും രസം തോന്നാറില്ല: ജോമോള്‍
Film News
കൂട്ടുകാര്‍ പറഞ്ഞാണ് ഞാന്‍ നടിയാണെന്ന് മക്കള്‍ അറിയുന്നത്, പഴയ സിനിമകള്‍ കാണുമ്പോള്‍ ഒട്ടും രസം തോന്നാറില്ല: ജോമോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th November 2022, 5:20 pm

എന്ന് സ്വന്തം ജാനകിക്കുട്ടി, മയില്‍പ്പീലിക്കാവ്, നിറം, ദീപസ്തംഭം മഹാശ്ചര്യം മുതലായ സിനിമകളിലൂടെ പ്രേക്ഷകമനസില്‍ ഇടം നേടിയ നടിയാണ് ജോമോള്‍. ഒരിടവേളക്ക് ശേഷം 2017ല്‍ അഭിനയിച്ച കെയര്‍ഫുള്ളാണ് ഒടുവില്‍ പുറത്തിറങ്ങിയ ജോമോളുടെ സിനിമ.

തന്റെ പഴയ സിനിമകള്‍ താന്‍ കാണാറില്ലെന്ന് പറയുകയാണ് ജോമോള്‍. മക്കളേയും തന്റെ സിനിമകള്‍ കാണിക്കാറില്ലെന്നും എന്നാല്‍ താനറിയാതെ അവര്‍ കാണാറുണ്ടെന്നും മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ജോമോള്‍ പറഞ്ഞു.

‘എന്റെ സിനിമകള്‍ ഞാന്‍ കാണാറില്ല, മക്കളെയും കാണിച്ചിട്ടില്ല. പക്ഷേ ഞാന്‍ കാണാതെ അവര്‍ ഒന്നോ രണ്ടോ സിനിമ കണ്ടിട്ടുണ്ട്. ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. ക്ലാസ്‌മേറ്റ്‌സ് പറഞ്ഞാണ് ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്ന് അവര്‍ അറിയുന്നത്.

അമ്മ ഉറങ്ങിയ സമയത്ത് ഞാനും അമ്മൂമ്മയും അമ്മയുടെ സിനിമ കണ്ടിട്ടുണ്ട്, മയില്‍പ്പീലിക്കാവ് കണ്ടിട്ടുണ്ട് എന്നൊക്കെ പിന്നീട് എന്നോട് വന്ന് പറയും. അതില്‍ നിര്‍ത്തും, കൂടുതലൊന്നും അവര്‍ പറയാറില്ല.

എന്റെ പഴയ സിനിമകള്‍ കാണുമ്പോള്‍ എനിക്ക് ഒട്ടും രസം തോന്നുന്നില്ല. ഇപ്പോള്‍ കാണുമ്പോള്‍ ഞാന്‍ എന്തെക്കെയോ കാണിച്ചു കൂട്ടുന്നു എന്നാണ് തോന്നുന്നത്. ഇന്ന് സംസാരിച്ച് കഴിഞ്ഞ് നാളെ ഈ ഇന്റര്‍വ്യൂ കാണുമ്പോള്‍ അയ്യോ ഞാന്‍ കുറച്ചു കൂടി നന്നായി സംസാരിക്കേണ്ടതായിരുന്നു എന്ന് തോന്നും.

ജാനകിക്കുട്ടി ചെയ്യുന്ന സമയത്ത് ഹരിഹരന്‍ സാര്‍ കാണാന്‍ വരുമ്പോള്‍ ട്യൂഷന്‍ ഉണ്ടെന്നൊക്കെ പറയും. പിന്നെ ആലോചിച്ചിട്ടുണ്ട് ഞാന്‍ എന്ത് ധൈര്യത്തിലാണ് അന്ന് അങ്ങനൊക്കെ പറയുന്നതെന്ന്. സാര്‍ എനിക്ക് ട്യൂഷനുണ്ട്, എട്ടരക്ക് ട്യൂഷന്‍ തീരുകയുള്ളൂ എന്ന് പറഞ്ഞാല്‍ എട്ടരക്ക് മതി, എട്ടരക്ക് വണ്ടി വിടാമെന്ന് സാര്‍ പറയും. അതുകഴിഞ്ഞ് മറ്റെ ക്ലാസുണ്ടെന്ന് പറയുമ്പോള്‍ പൊയ്‌ക്കോ അത് കഴിഞ്ഞ് മതിയെന്ന് പറയും. അന്ന് അദ്ദേഹത്തിന്റെ വലിപ്പം അറിയാത്തതുകൊണ്ടായിരിക്കും അല്ലെങ്കില്‍ വിവരം ഇല്ലാത്തത് കൊണ്ടായിരിക്കും അങ്ങനെ പറഞ്ഞത്. പിന്നെ സിനിമ നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഇങ്ങനെയൊക്കെ ആണല്ലോ പറയുന്നത് എന്നാലോചിക്കുമായിരുന്നു.

എനിക്ക് വന്ന സിനിമകളെ ഭാഗ്യമായിട്ടാണ് കാണുന്നത്. നമുക്ക് അറിയാത്ത എത്രയോ കഴിവുള്ള ആളുകളുണ്ട്. പല പ്രോഗ്രാമുകളും കാണുമ്പോള്‍ എന്ത് ടാലന്റഡായ ആളുകളുണ്ടെന്ന് തോന്നും. ഇവരെയൊന്നും ആരും തിരിച്ചറിയുന്നില്ല. അവര്‍ക്കിടയില്‍ നിന്നും എന്നെ ചൂസ് ചെയ്യുന്നത് എനിക്ക് കിട്ടിയ അനുഗ്രഹമാണ്,’ ജോമോള്‍ പറഞ്ഞു.

Content Highlight: Jomol says that he does not watch her old movies