നന്‍പകല്‍ നേരത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ട് മമ്മൂട്ടി; ഇനിയും കാത്തിരിക്കാനാവില്ലെന്ന് കമന്റുകള്‍
Film News
നന്‍പകല്‍ നേരത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ട് മമ്മൂട്ടി; ഇനിയും കാത്തിരിക്കാനാവില്ലെന്ന് കമന്റുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th August 2022, 7:39 pm

വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ളതാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങുന്ന നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തിന്റേതായി പുറത്ത് വന്ന പോസ്റ്ററുകള്‍ക്കും ടീസറിനും വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ലഭിച്ചത്.

ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് മമ്മൂട്ടി. ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ ഓടിട്ട പഴയ കെട്ടിടത്തിന് പുറകിലൂടെ ബൈക്ക് ഓടിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററില്‍ കാണിക്കുന്നത്. പോസ്റ്റര്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ചിത്രം എത്രയും വേഗം റിലീസ് ചെയ്യണമെന്നാണ് പോസ്റ്റിന് വരുന്ന കമന്റുകള്‍. കാത്തിരുന്ന് മടുത്തുവെന്നും റിലീസ് നോക്കി ഉറക്കം വരുന്നുവെന്നും കമന്റുകളുണ്ട്. ഷൂട്ടിങ്ങ് പൂര്‍ത്തിയായ ചിത്രത്തിന്റെ റിലീസ് ഉടന്‍ തന്നെയുണ്ടാകുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ മമ്മൂട്ടിയുടെ കഥാപാത്രം സ്‌കൂട്ടര്‍ ഓടിച്ചുപോകുമ്പോള്‍ പിറകെ ഓടുന്ന നാട്ടുകാരുടെ ചിത്രമുള്ള പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

ശിവാജി ഗണേശന്റെ ഡയലോഗ് മമ്മൂട്ടി അനുകരിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു നാടന്‍ ബാറില്‍ ഒരുപറ്റം മദ്യപര്‍ക്കൊപ്പമാണ് മമ്മൂട്ടി ശിവാജി ഗണേശന്റെ ഡയലോഗ് അനുകരിക്കുന്നത്. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗം സിംഗിള്‍ ഷോട്ടായാണ് ഒരുക്കിയത്. ടീസര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റിലും ഇടംപിടിച്ചിരുന്നു.

മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലിജോയുടെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. രമ്യ പാണ്ഡ്യന്‍, അശോകന്‍, വിപിന്‍ അറ്റ്ലി, രാജേഷ് ശര്‍മ എന്നിവരാണ് മറ്റുതാരങ്ങള്‍. തേനി ഈശ്വറാണ് ഛായാഗ്രഹണം. ദീപു ജോസഫാണ് എഡിറ്റര്‍.

Content Highlight: Mammootty released the new poster of Nankpakal nerathu mayakkam