എനിക്ക് വേണ്ട പ്രതിഫലം തരുന്നയാള്‍ക്കൊപ്പം ബോളിവുഡ് സിനിമ ചെയ്യും: ഫഹദ് ഫാസില്‍
Film News
എനിക്ക് വേണ്ട പ്രതിഫലം തരുന്നയാള്‍ക്കൊപ്പം ബോളിവുഡ് സിനിമ ചെയ്യും: ഫഹദ് ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th August 2022, 6:53 pm

സൗത്ത് ഇന്ത്യന്‍ താരങ്ങള്‍ ബോളിവുഡില്‍ അഭിനയിക്കുന്നത് ഇപ്പോള്‍ ഒരു സാധാരണ കാര്യമാണ്. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, പ്രിയാമണി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ബോളിവുഡില്‍ അഭിനയിക്കാറുണ്ട്. തന്റെ ബോളിവുഡ് പ്രവേശനത്തെ പറ്റി രസകരമായ മറുപടി പറയുകയാണ് ഫഹദ് ഫാസില്‍.

ഒരു ബോളിവുഡ് ആക്റ്ററിനൊപ്പമോ സംവിധായകനൊപ്പമോ വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ അത് ആര്‍ക്കൊപ്പമായിരിക്കും എന്നായിരുന്നു അവതാരകയുടെ ചോദ്യം. എനിക്ക് വേണ്ട പ്രതിഫലം നല്‍കുന്ന ആള്‍ക്കൊപ്പം വര്‍ക്ക് ചെയ്യും എന്നായിരുന്നു ദി ക്വിന്റ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദിന്റെ മറുപടി.

‘ഒരുപാട് കാര്യങ്ങള്‍ നോക്കേണ്ടതുണ്ട്. ഇവിടെ ഇപ്പോള്‍ എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന ഒരുപാട് സിനിമ ഉണ്ട്. അതിനെക്കാള്‍ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്നത് വന്നാല്‍ ആ സിനിമ ചെയ്യും.

സിനിമ സെലക്റ്റ് ചെയ്യുമ്പോഴും അഭിനയിക്കുമ്പോഴും സംവിധായകനെക്കാളും എഴുത്തുകാരനെയാണ് ഞാന്‍ ആശ്രയിക്കുന്നത്. കാരണം ഞാന്‍ എന്ത് ചെയ്യണമെന്ന് എന്നെക്കാള്‍ നന്നായി അറിയാവുന്നത് അവര്‍ക്കായിരിക്കും. എന്ത് ചെയ്യണം എങ്ങനെയൊക്കെ ചെയ്യണമെന്ന് ഞാന്‍ എപ്പോഴും അവരോട് ചോദിച്ചുകൊണ്ടിരിക്കും. ആ ഇന്ററാക്ഷനാണ് എന്നെ എപ്പോഴും ഹെല്‍പ് ചെയ്യുന്നത്. ആ ചര്‍ച്ചകള്‍ എനിക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്.

എല്ലായ്‌പ്പോഴും ഏറ്റവും എളുപ്പമായിട്ടുള്ള ഷെഡ്യൂള്‍ വെക്കാനാണ് ഞാന്‍ നോക്കുന്നത്. ഓവര്‍വര്‍ക്ക് ഒന്നും ചെയ്യാറില്ല. ഒരു സമയം ഒരു സിനിമ മാത്രമേ ചെയ്യാറുള്ളൂ. എനിക്ക് വേണ്ട സമയം ഞാനെടുക്കാറുണ്ട്,’ ഫഹദ് പറഞ്ഞു.

മലയന്‍കുഞ്ഞാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ഫഹദിന്റെ ചിത്രം. നവാഗതനായ സജിമോന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ എഴുതിയത് മഹേഷ് നാരായണനായിരുന്നു. മണ്ണിടിച്ചിലിന്റെ ഭീകരത കാണിച്ച് തന്ന ചിത്രത്തിന് സംഗീതം നല്‍കിയത് എ.ആര്‍. റഹ്മാനായിരുന്നു. 30 വര്‍ഷത്തിന് ശേഷമാണ് മലയന്‍കുഞ്ഞിലൂടെ റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക് എത്തിയത്.

Content Highlight:  Fahadh Faasil says he will do a Bollywood film with whoever pays him well