മലയാള സിനിമയുടെ കാരണവരെന്ന് നിസംശയം വിളിക്കാന്‍ സാധിക്കുന്ന അഭിനേതാവാണ് മമ്മൂട്ടി. എഴുപത്തിയഞ്ചാം വയസിലും നല്ല ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ മുന്നില്‍ നിന്നും നയിക്കുന്ന താരം തന്റെ നാലാമത്തെ നാഷണല്‍ അവാര്‍ഡായിരുന്നു ഭ്രമയുഗത്തിലൂടെ സ്വന്തമാക്കിയത്. ഭ്രമയുഗത്തിനൊപ്പം കാതല്‍ ദി കോര്‍, പുഴു, കളങ്കാവല്‍, നന്‍പകല്‍ നേരത്ത് മയക്കം, ഉണ്ട തുടങ്ങി നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഒട്ടനവധി ചിത്രങ്ങളാണ് താരം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ചെയ്തിരിക്കുന്നത്.

എന്നാല്‍ മലയാള സിനിമാ പ്രേമികളും മമ്മൂട്ടി ആരാധകരും ഒരുപോലെ കാത്തിരിക്കുന്നത് ഒരു കംപ്ലീറ്റ് മാസ് ആക്ഷന്‍ മസാല ചിത്രത്തിനായാണ്. തിയേറ്ററുകളില്‍ മമ്മൂട്ടി എന്ന താരത്തെ ആഘോഷിക്കാന്‍ കിട്ടുന്ന ഒരു പക്കാ ചിത്രം എന്നുവരുമെന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടായിരുന്നു നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മേളയുടെ അപ്‌ഡേറ്റ് പുറത്തുവന്നത്.

മേള. Photo: X.com

പക്കാ മാസ് കൊമേഷ്സ്യല്‍ എന്റര്‍ടൈനറായാണ് ചിത്രം ഒരുങ്ങുന്നതെന്ന് ഫസ്റ്റ് ലുക്കിലൂടെ തന്നെ വ്യക്തമായിരുന്നു. മേള എന്നാണ് ചിത്രത്തിന്റെ പേര്. സര്‍ക്കസ് കമ്പനി ഉടമയായ ഗ്യാങ്സ്റ്ററായാകും മമ്മൂട്ടി മേളയില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് ആദ്യം മുതല്‍ കേള്‍ക്കുന്ന റൂമറുകള്‍. ഗ്രാന്‍ഡ് സ്‌കെയിലിലാകും ചിത്രം ഒരുങ്ങുന്നതെന്ന് ഓരോ അപ്ഡേറ്റും സൂചന നല്‍കിയിരുന്നു. ചിത്രത്തിന്റെ അറുപത്തിയഞ്ചാം ദിനത്തിലെ ഷൂട്ടിനിടയില്‍ നിതീഷ് സഹദേവ് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു.

ഇത്തവണ നല്ല പ്രൊമോഷനോടെ തന്നെ ചിത്രം പുറത്തിറക്കണമെന്നാണ് മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. മലയാളത്തിലെ യുവതാരങ്ങള്‍ പോലും സ്ഥാനമുറപ്പിച്ച നൂറ് കോടി ക്ലബ്ബില്‍ മേളയിയൂടെ മമ്മൂട്ടിയ്ക്കും സ്ഥാനമുറപ്പിക്കാന്‍ സാധിക്കുമെന്നും നല്ല മാര്‍ക്കറ്റിങ് സ്ട്രാറ്റര്‍ജി ഉപയോഗിച്ച് ചിത്രത്തിന് ഹൈപ്പ് സൃഷ്ടിക്കണമെന്നും പലരും അഭിപ്രായപ്പെടുന്നു.

മേള. Photo: X.com

ഫാലിമി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചയാളാണ് നിതീഷ് സഹദേവ്. ഒരുപാട് ഇഷ്ടം പിടിച്ചുപറ്റിയ ചിത്രത്തിന് ശേഷം തമിഴിലായിരുന്നു നിതീഷ് തന്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്തത്. ജീവയെ നായകനാക്കി ഒരുക്കിയ ടി.ടി.ടി വലിയ വിജയം സ്വന്തമാക്കുകയും ജീവയുടെ കംബാക്കിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഗ്യാരണ്ടി നല്‍കുന്ന ഒരു യുവസംവിധായകനൊപ്പം വീണ്ടും മമ്മൂട്ടി ഒന്നിക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷ വലുതാണ്. ഇതോടൊപ്പം തന്നെ ധനുഷ് നായകനാകുന്ന തമിഴ് ചിത്രം ഓമും ആരാധകര്‍ക്ക് വിരുന്നൊരുക്കുമെന്ന് ഉറപ്പാണ്.

Content Highlight: Mammootty Movie Mela creates hype among audience