മമ്മൂട്ടി അതുല്യ നടൻ; പല കഥാപാത്രങ്ങളിലൂടെ അത്ഭുതപ്പെ‌ടുത്തുന്നു: ശോഭന
Malayalam Cinema
മമ്മൂട്ടി അതുല്യ നടൻ; പല കഥാപാത്രങ്ങളിലൂടെ അത്ഭുതപ്പെ‌ടുത്തുന്നു: ശോഭന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th September 2025, 2:42 pm

എൺപതുകളിലും തൊണ്ണൂറുകളിലും മുൻനിര താരങ്ങൾക്കൊപ്പവും പ്രശസ്ത സംവിധായകർക്കൊപ്പവും തിളങ്ങിയ നടിയാണ് ശോഭന. പതിനാലാം വയസിൽ സിനിമയിലേക്ക് എത്തിയ ശോഭന ഇപ്പോഴും അഭിനയത്തിൽ സജീവമാണ്. അഭിനേത്രി മാത്രമല്ല മികച്ച നർത്തകി കൂടിയാണ് അവർ. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകളും നടി സ്വന്തമാക്കി.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ശോഭന അഭിനയിച്ചിട്ടുണ്ട്. ഇടക്ക് സിനിമയുടെ ലോകത്ത് നിന്നും ഇടവേളയെടുക്കുമെങ്കിലും തിരിച്ചുവരവ് വീണ്ടും വീണ്ടും ഗംഭീരമാക്കുന്ന നടി കൂടിയാണ് അവർ. തരുൺ മൂർത്തി മോഹൻലാൽ ചിത്രം തുടരും ആണ് ശോഭന ഏറ്റവുമൊടുവിൽ അഭിനയിച്ചത്. ഇപ്പോൾ സിനിമയിലെ മാറ്റങ്ങളെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും സംസാരിക്കുകയാണ് ശോഭന.

‘സിനിമയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. അത് ടെക്‌നിക്കലി വന്നിട്ടുള്ള മാറ്റങ്ങളാണ്. ഇടക്ക് തരുൺ മൂർത്തിയുടെ സിനിമ ചെയ്തു. അതിന് മുമ്പ് വേറൊരു സിനിമ ചെയ്തു. എഡിറ്റിങ്ങെല്ലാം അവരുടെ മൈൻഡിലാണ്. ചില കാര്യത്തിൽ എനിക്കൊരു കൺഫ്യൂഷൻ വരും. അപ്പോൾ അവർ പറയും ‘നോ പ്രോബ്ലം മാം…. നമുക്ക് എഡിറ്റിൽ നോക്കാം’ എന്ന്,’ ശോഭന പറയുന്നു.

എന്നാൽ തനിക്ക് ശീലമായത് പ്രിയദർശന്റെ പോലെ എല്ലാം എഴുതിവെച്ചിട്ടുള്ള സ്‌ക്രിപ്റ്റാണെന്നും അതുകൊണ്ട് ഇപ്പോൾ വന്ന് അഭിനയിക്കുമ്പോൾ തനിക്ക് കൺഫ്യൂഷനാണെന്നും ശോഭന കൂട്ടിച്ചേർത്തു. എന്നാൽ അത് വർക്കാവുന്നുണ്ടെന്നും ശോഭന പറഞ്ഞു.

മലയാളം സിനിമയുടെ മാറ്റം ഘട്ടമായിട്ടാണെന്നും താൻ ചെയ്തിട്ടുള്ള സിനിമകളെല്ലാം അതിന് മുന്നിലുള്ള കാലഘട്ടത്തേക്കാളും ഒരു സ്റ്റെപ് മുകളിലായിരുന്നെന്നും മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയം ആണ് ഗോൾഡൻ പിരീഡ് എന്നും അവർ പറഞ്ഞു.

എല്ലാ ജെനറേഷനിലും ഒരു ചേഞ്ച് വരുമെന്നും താൻ ചെയ്തിട്ടുള്ള സിനിമകളെല്ലാം മനോഹരമായിരുന്നെന്നും ശോഭന പറഞ്ഞു. മമ്മൂട്ടിയൊരു അതുല്യനടനാണെന്നും അദ്ദേഹം പല കഥാപാത്രങ്ങളിലൂടെ നമ്മെ അത്ഭുതപ്പെടുത്തുകയാണെന്നും ശോഭന കൂട്ടിച്ചേർത്തു. റിപ്പോർട്ടറിനോട് സംസാരിക്കുകയായിരുന്നു ശോഭന.

Content Highlight: Mammootty is a unique actor; he surprises with many characters says Shobhana