ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം സ്വന്തമാക്കിയ മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. മോഹന്‍ലാല്‍ സഹോദരന്‍ ആണെന്നും അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരത്തില്‍ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞു. സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘സഹപ്രവര്‍ത്തകന്‍ എന്നതിലുപരി സഹോദരനാണ്. പതിറ്റാണ്ടുകളായി സിനിമായാത്ര തുടരുന്ന കലാകാരന്‍ ആണ് മോഹന്‍ലാല്‍. ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ചിരിക്കുന്നത് ഒരു നടന് മാത്രമല്ല, സിനിമയില്‍ ജീവിക്കുകയും അത് ശ്വസിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ കലാകാരനാണ്. ലാല്‍ നിങ്ങളെക്കുറിച്ച് എനിക്ക് സന്തോഷവും അഭിമാനവും തോന്നുന്നു. ഈ കിരീടത്തിന് നിങ്ങള്‍ ശരിക്കും അര്‍ഹനാണ്,’ മമ്മൂട്ടി കുറിച്ചു.
മോഹന്‍ലാലിന്റെ പുരസ്‌കാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രശംസിച്ചിരുന്നു.
മോഹന്‍ലാലിന്റെ പുരസ്‌കാര നേട്ടം മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്നതാണെന്നായിരുന്നു മുഖ്യമന്ത്രി മോഹന്‍ലാലിനെ അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്. അനുപമമായ കലാജീവിതത്തിന് അര്‍ഹിക്കുന്ന അംഗീകാരമാണ് ലഭിച്ചതെന്നും അദ്ദേഹം കുറിച്ചു.
മികവിന്റേയും വൈവിധ്യത്തിന്റേയും പ്രതീകമാണ് മോഹന്‍ലാലെന്നാണ് മോദി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചത്. പതിറ്റാണ്ടുകളുടെ സമ്പന്നമായ തന്റെ കലാജീവിതം കൊണ്ട് മോഹന്‍ലാല്‍ മലയാള സിനിമയുടെയും നാടകവേദിയുടെയും വഴികാട്ടിയായെന്നും മോദി പറഞ്ഞു.
തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മികവ് ഏറെ പ്രചോദനം നല്‍കുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇത് രണ്ടാം തവണയാണ് ഒരു മലയാളിക്ക് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണനാണ് ഇതിന് മുമ്പ് ഈ പുരസ്‌കാരം ലഭിച്ച മലയാളി. 2004ലാണ് അടൂരിന് പുരസ്‌കാരം ലഭിച്ചത്.
ചൊവ്വാഴ്ച നടക്കുന്ന ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്‌കാരം മോഹന്‍ലാലിന് സമ്മാനിക്കും.
കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു.
Content Highlight: Mammootty Congratulating on Mohanlal on his Award