അതാവണമെടാ പ്രൊഡക്ഷന്‍ കമ്പനി; മറ്റാര്‍ക്കും തിരുത്താനാവാത്ത റെക്കോഡുമായി മമ്മൂട്ടി കമ്പനി
Film News
അതാവണമെടാ പ്രൊഡക്ഷന്‍ കമ്പനി; മറ്റാര്‍ക്കും തിരുത്താനാവാത്ത റെക്കോഡുമായി മമ്മൂട്ടി കമ്പനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st December 2022, 9:36 pm

നിര്‍മാണ മേഖലയില്‍ വേറിട്ട ഒരു പാത തെളിച്ച പ്രൊഡക്ഷന്‍ ഹൗസാണ് മമ്മൂട്ടി കമ്പനി. മമ്മൂട്ടി എന്ന സൂപ്പര്‍ സ്റ്റാറിന്റെ പ്രൊഡക്ഷന്‍ കമ്പനി എന്നതിന് അപ്പുറം ശ്രദ്ധ നേടാന്‍ ഈ പ്രൊഡക്ഷന്‍ ഹൗസിനായി. അതിന് കാരണം മമ്മൂട്ടി കമ്പനി തെരഞ്ഞെടുക്കുന്ന സിനിമകള്‍ തന്നെയായിരുന്നു. റിലീസ് ചെയ്ത് സൂപ്പര്‍ ഹിറ്റടിച്ച റോഷാക്കിന് പുറമേ ഇനി മമ്മൂട്ടി കമ്പനിയുടെ പേരില്‍ പുറത്തിറങ്ങുന്ന സിനിമകള്‍ക്കും പ്രതീക്ഷയേറെയാണ്.

ഇപ്പോഴിതാ പുതിയൊരു റെക്കോഡ് മമ്മൂട്ടി കമ്പനി സ്വന്തമാക്കിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ആദ്യമായി 100 k ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന മലയാളത്തിലെ ആദ്യത്തെ പ്രൊഡക്ഷന്‍ കമ്പനി ആയിരിക്കുകയാണ് മമ്മൂട്ടി കമ്പനി. പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് മമ്മൂട്ടി കമ്പനി തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടത്.

മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷനില്‍ ആദ്യമായി പുറത്ത് വന്ന റോഷാക്ക് കണ്ടപ്പോള്‍ തന്നെ പ്രേക്ഷകരുടെ കിളി പറന്നിരുന്നു. നിര്‍മാണ രംഗത്തേക്ക് ഇറങ്ങിയപ്പോള്‍ തന്നെ ഇതുപോലെയൊരു പരീക്ഷണ ചിത്രം നിര്‍മിക്കാന്‍ കാണിച്ച ധൈര്യത്തിനാണ് പ്രേക്ഷകര്‍ കയ്യടിച്ചത്. നിസാം ബഷീറിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന റിവഞ്ച് ത്രില്ലര്‍ മേക്കിങ്ങിലെ വ്യത്യസ്തത കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടുമാണ് പ്രേക്ഷക പ്രശംസ നേടിയത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കമാണ് ഇനി മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷനില്‍ പുറത്ത് വരാനിരിക്കുന്ന സിനിമ.
ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോ ജോസ് പെല്ലിശ്ശേരിക്കും ചിത്രത്തില്‍ നിര്‍മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മമ്മൂട്ടി- ജ്യോതിക എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാതല്‍ ആണ് മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഷൂട്ടിങ് പൂര്‍ത്തിയായ മറ്റൊരു ചിത്രം. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധാനം. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കാതല്‍.

Content Highlight: Mammootty Company has become the first production company in Malayalam to get 100K followers on Instagram for the first time