മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന തിരിച്ചുവരവായിരുന്നു മഹാനടൻ മമ്മൂട്ടിയുടേത്. ആരോഗ്യപ്രശ്നങ്ങൾ കാരണം സിനിമയിൽ നിന്നും പൊതുപരിപാടിയിൽ നിന്നും വിട്ടുനിന്ന് പരിപൂർണ വിശ്രമത്തിലായിരുന്നു അദ്ദേഹം.
അടുത്തിടെ മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ മാറിയെന്നും തിരിച്ചുവരികയാണെന്നുമുള്ള വിവരങ്ങൾ പുറത്ത് വന്നിരുന്നു.
11 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം പാട്രിയറ്റിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. പിന്നാലെ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു.
ഇപ്പോൾ വീണ്ടും സിനിമയുടെ ചിത്രീകരണത്തിൽ സജീവമാകാൻ പോകുകയാണ് മമ്മൂട്ടി. ഒക്ടോബർ ഒന്നുമുതൽ പാട്രിയറ്റിന്റെ ഹൈദരാബാദിൽ നടക്കുന്ന ഷെഡ്യൂളിൽ മമ്മൂട്ടി ജോയിൻ ചെയ്യും. നിർമാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പ്രിയപ്പെട്ട മമ്മൂക്ക തിരിച്ചുവരുന്നുവെന്നും മഹേഷ് നാരായണൻ ചിത്രത്തിൽ ഒക്ടോബർ ഒന്നുമുതൽ തിരിച്ചെത്തുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
‘പ്രിയപ്പെട്ട മമ്മൂക്ക വരുന്നു… മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തുടർന്ന് അഭിനയിക്കുവാൻ ഒക്ടോബർ ഒന്നുമുതൽ.
ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർത്ഥനകളുടെയും മനസാന്നിധ്യത്തിന്റെയും ബലത്തിൽ അതിജീവിച്ചു.
മമ്മൂക്ക ഹൈദരാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും.
പ്രാർത്ഥനകളിൽ കൂട്ടുവന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും,’ ആന്റോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഹൈദരബാദ് കൂടാതെ ശ്രീലങ്ക, ദൽഹി, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ട്. ഇനിയും 40 ശതമാനത്തോളം ഷൂട്ട് ബാക്കിയുണ്ട്.
Content Highlight: Mammootty Back to film Shoot after health issues