സംവിധാനരംഗത്ത് ഒരുപാട് കാലം നിറഞ്ഞുനിന്നയാളാണ് ജോണി ആന്റണി. മലയാളികള്‍ക്ക് അദ്ദേഹം ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഇന്ന് അഭിനേതാവെന്ന നിലയില്‍ മലയാളസിനിമയിലെ നിറസാന്നിധ്യമാണ് ജോണി ആന്റണി. കോമഡി റോളുകളിലും ക്യാരക്ടര്‍ റോളുകളിലും ജോണി ആന്റണി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച ജോണി ആന്റണി 2003ല്‍ സി.ഐ.ഡി. മൂസ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നീട് കൊച്ചിരാജാവ്, തുറുപ്പുഗുലാന്‍, ഇന്‍സ്‌പെക്ടര്‍ ഗരുഡ്, സൈക്കിള്‍, ഈ പട്ടണത്തില്‍ ഭൂതം, മാസ്റ്റേഴ്‌സ്, താപ്പാന തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയായാണ് ജോണി ആൻ്റണി.
തുറുപ്പുഗുലാനായിരുന്നു മമ്മൂട്ടിയുമായി താൻ ആദ്യം ചെയ്ത സിനിമയെന്നും ഈ സിനിമ വലിയ ഹിറ്റായെന്നും ജോണി ആൻ്റണി പറയുന്നു. എന്നാൽ അടുത്ത ചിത്രമായ ഈ പട്ടണത്തിൽ ഭൂതം സാമ്പത്തികമായി പരാജയപ്പെട്ടെന്നും അപ്പോൾ തനിക്ക് വിഷമം വന്നെന്നും അദ്ദേഹം പറഞ്ഞു.
പോക്കിരിരാജയുടെ സ്വിച്ചോൺ നടക്കുമ്പോൾ താനും പോയെന്നും മമ്മൂട്ടിയെ കണ്ടപ്പോൾ മാറിനിന്നെന്നും ജോണി ആൻ്റണി കൂട്ടിച്ചേർത്തു. എന്നാൽ അവിടെ കണ്ടപ്പോൾ മമ്മൂട്ടി തന്നോട് പറഞ്ഞത് അടുത്ത സിനിമ ചെയ്യാമെന്നാണെന്നും ആ വാക്കുകൾ തനിക്ക് ആത്മവിശ്വാസം നൽകിയെന്നും അദ്ദേഹം പറയുന്നു. താൻ അപ്പോൾ സിനിമയിൽ നിലനിന്നത് മമ്മൂട്ടി കാരണമാണെന്നും ജോണി ആൻ്റണി കൂട്ടിച്ചേർത്തു.
‘തുറുപ്പുഗുലാനായിരുന്നു മമ്മൂക്കയുമായി ആദ്യം ചെയ്തത്. അത് വലിയ ഹിറ്റായി. അടുത്ത ചിത്രം ഈ പട്ടണത്തിൽ ഭൂതം സാമ്പത്തികമായി പരാജയപ്പെട്ടു. എനിക്കാകെ സങ്കടമായി. ആ സമയത്താണ് അദ്ദേഹത്തിന്റെ പോക്കിരിരാജയുടെ സ്വിച്ചോൺ നടക്കുന്നത്. ചടങ്ങിലേക്ക് എനിക്കും ക്ഷണമുണ്ടായിരുന്നു. പോയിട്ട് മമ്മൂക്കക്ക് മുഖം കൊടുക്കാതെ മാറിനിന്നു. മമ്മൂക്ക എന്നെ അടുത്തേക്ക് വിളിച്ചു.
എന്തെങ്കിലും വഴക്ക് പറയാനാണോയെന്ന് ഞാൻ ചിന്തിച്ച് ഭയന്നാണ് അടുത്തേക്ക് ചെന്നത്. ‘എന്തായി അന്ന് പറഞ്ഞ കാര്യം. റെഡിയാക്ക് നമുക്ക് സിനിമ ചെയ്യാം’ എന്ന് പറഞ്ഞു. ആ പരിഗണന എനിക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്. ആ സമയത്ത് സിനിമയിൽ ഞാൻ നിലനിന്നത് അദ്ദേഹം തന്ന ഡേറ്റുകൾ കൊണ്ടാണ്,’ ജോണി ആൻ്റണി പറയുന്നു.
Content Highlight: Mammooka called me, and he asked me a question says Mammootty