കൃത്യനിഷ്ഠയുള്ള, കൂളായ വ്യക്തിയാണ് വിജയ് സാര്‍; അങ്ങനെയൊന്നും അദ്ദേഹത്തോട് പറയാന്‍ പാടില്ലെന്ന ബോധം പിന്നെയാണ് വരുന്നത്: മമിത ബൈജു
Entertainment
കൃത്യനിഷ്ഠയുള്ള, കൂളായ വ്യക്തിയാണ് വിജയ് സാര്‍; അങ്ങനെയൊന്നും അദ്ദേഹത്തോട് പറയാന്‍ പാടില്ലെന്ന ബോധം പിന്നെയാണ് വരുന്നത്: മമിത ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th June 2025, 2:22 pm

ചെറിയ വേഷങ്ങളിലൂടെ വന്ന് പ്രേക്ഷരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് മമിത ബൈജു. സൂപ്പര്‍ ശരണ്യയിലെ സോന എന്ന കഥാപാത്രത്തിലൂടെയാണ് മമിത ശ്രദ്ധേയയായത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യാന്‍ മമിതക്ക് സാധിച്ചു. പ്രേമലു എന്ന ചിത്രത്തിലൂടെ കേരളത്തിന് പുറത്ത് വലിയൊരു ഫാന്‍ ബേയ്സും മമിത നേടിയെടുത്തു.

പ്രേമലുവിന്റെ വിജയം മമിതക്ക് കൈനിറയെ അവസരങ്ങളാണ് നല്‍കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ജന നായകനാണ് മമിതയുടെ ഏറ്റവും വലിയ പ്രൊജക്ട്. വിജയ്യോടൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം പ്രേമലുവിന്റെ പ്രൊമോഷന്‍ സമയത്ത് മമിത പങ്കുവെച്ചിരുന്നു. സ്വപ്നസാക്ഷാത്കാരം എന്നാണ് മമിത ജന നായകനെക്കുറിച്ച് പറഞ്ഞത്.

ഇപ്പോള്‍ വിജയ്യെ കുറിച്ച് സംസാരിക്കുകയാണ് മമിത ബൈജു. കൃത്യനിഷ്ഠയുള്ള, വളരെ കൂളായ ആളാണ് വിജയ് എന്ന് മമിത പറയുന്നു. താന്‍ അദ്ദേഹത്തോട് ഇപ്പോഴും സംസാരിക്കുമെന്നും വിജയ് അതെല്ലാം മൂളിക്കേള്‍ക്കുമെന്നും മമിത പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മമിത ബൈജു.

‘കൃത്യനിഷ്ഠയുള്ള ആളും വളരെ കൂളായ വ്യക്തിയുമാണ് ദളപതി വിജയ്. ഒരു നല്ല കേള്‍വിക്കാരന്‍ ആണ് വിജയ് സാര്‍. ഞാന്‍ എപ്പോഴും എന്തെങ്കിലും ഒക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അദ്ദേഹം അതെല്ലാം മൂളികൊണ്ട് കേട്ടുകൊണ്ടിരിക്കും. അത് കഴിഞ്ഞായിരിക്കും എനിക്ക് ബോധം വരുന്നത് ഇങ്ങനെ ഒന്നും പറയാന്‍ പാടില്ലല്ലോ എന്നോര്‍ത്ത്. ഒരു സൂപ്പര്‍ കൂള്‍ മനുഷ്യന്‍ ആണ് അദ്ദേഹം,’ മമിത ബൈജു പറയുന്നു.

ജന നായകന്‍

വിജയ്യുടെ അവസാന ചിത്രമെന്ന പേരില്‍ ഒരുങ്ങുന്ന സിനിമയാണ് ജന നായകന്‍. എച്ച്. വിനോദ് സംവിധാനം ചെയ്ത് കെ.വി.എന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം അടുത്ത വര്‍ഷമാണ് തിയേറ്ററുകളിലെത്തുക. പൂജ ഹെഗ്‌ഡെ നായികയായെത്തുന്ന ചിത്രത്തില്‍ മമിത ബൈജുവും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Content Highlight: Mamitha Baiju Talks About Vijay