കുറഞ്ഞ സിനിമകള്‍ കൊണ്ടുതന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മമിത ബൈജു. 2017ല്‍ പുറത്തിറങ്ങിയ സര്വോപരിപാലാക്കാരന് എന്ന ചിത്രത്തിലുടെയാണ് മമിത തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ഖോ ഖോ, സൂപ്പര്‍ ശരണ്യ, പ്രണയവിലാസം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ പ്രേമലു എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യയൊട്ടാകെ മമിത പ്രശസ്തയായി. തമിഴ് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദളപതി 69 ആണ് മമിതയുടെ ഏറ്റവും പുതിയ ചിത്രം. മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങുന്നതിന് മുമ്പ് വിജയ് നായകനാകുന്ന ചിത്രമാണ് ദളപതി 69.
ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റിന് മുമ്പ് വിജയ്‌യോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് മമിത പറയുന്ന വീഡിയോ വൈറലായിരുന്നു. പിന്നീടാണ് മമിത വിജയ്‌യുടെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രത്തിന്റെ ഭാഗമാകുന്നത്. വിജയ്‌യോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് മമിത ബൈജു.
വിജയ്‌യുടെ കൂടെ അഭിനയിച്ചപ്പോള്‍ തനിക്ക് അതൊരു ഡ്രീം കം ട്രൂ മൊമന്റായിരുന്നെന്ന് മമിത പറഞ്ഞു. ഒരുപാട് കാലമായി ആഗ്രഹിച്ച കാര്യം നടന്നപ്പോഴുള്ള സന്തോഷമായിരുന്നു തനിക്കെന്നും വിജയ്‌യുടെ കൂടെ നടന്നപ്പോള്‍ വലിയൊരു കാര്യം അച്ചീവ് ചെയ്തതുപോലെയായിരുന്നു തോന്നിയതെന്നും മമിത കൂട്ടിച്ചേര്‍ത്തു.
വിജയ് വളരെ കൂളായിരുന്നെന്നും അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോള്‍ ചെറിയൊരു ടെന്‍ഷനുണ്ടായിരുന്നെന്നും മമിത പറഞ്ഞു. തന്നോട് വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയതെന്നും ‘ഹായ് മാ എപ്പടി ഇരുക്കേ’ എന്ന് സ്വാഭാവികമായി കുശലാന്വേഷണം നടത്തിയെന്നും മമിത കൂട്ടിച്ചേര്‍ത്തു. താന്‍ ആ സമയത്ത് പേടിച്ച് വിറച്ചെന്നും പിന്നീട് അദ്ദേഹവുമായി കമ്പനിയായെന്നും മമിത പറഞ്ഞു. ഗലാട്ടാ നക്ഷത്ര അവാര്‍ഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു മമിത ബൈജു.
‘ദളപതി 69ലേക്ക് എന്നെ വിളിച്ചപ്പോള്‍ അതെനിക്ക് ഒരു ഡ്രീം കം ട്രൂ മൊമന്റായിരുന്നു. ഒരുപാട് കാലമായി ആഗ്രഹിച്ച ഒരു കാര്യം നടക്കുമ്പോള്‍ നമുക്കുണ്ടാകുന്ന സന്തോഷമുണ്ടാകില്ലേ, അതായിരുന്നു ആ സമയത്ത്. വിജയ് സാറിന്റെ കൂടെ നടന്നപ്പോള്‍ എന്തോ വലിയൊരു കാര്യം അച്ചീവ് ചെയ്തതുപോലെയായിരുന്നു തോന്നിയത്.
വിജയ് സാര്‍ വളരെ കൂളായിട്ടാണ് എന്നോട് പെരുമാറിയത്. പക്ഷേ എനിക്ക് അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോള്‍ ചെറിയൊരു ടെന്‍ഷുണ്ടായിരുന്നു. എന്നോട് വളരെ സ്‌നേഹത്തോടെയാണ് അദ്ദേഹം പെരുമാറിയത്. സെറ്റില്‍ വെച്ച് എന്റെയടുത്ത് വന്നിട്ട് ‘ഹായ് മാ, എപ്പടി ഇരുക്കേ’ എന്ന് ചോദിച്ചു. ഞാന്‍ ആ സമയത്ത് പേടിച്ച് വിറക്കുകയായിരുന്നു,’ മമിത ബൈജു പറയുന്നു.
Content Highlight: Mamitha Baiju shares the shooting experience with Vijay in Thalapathy 69