'ഏല്‍പ്പിച്ചിരിക്കുന്ന പണികളില്‍ ശ്രദ്ധിക്കുന്നതായിരിക്കും നല്ലത്' ഉമറിനുള്ള കത്തില്‍ മംദാനിക്കെതിരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം
India
'ഏല്‍പ്പിച്ചിരിക്കുന്ന പണികളില്‍ ശ്രദ്ധിക്കുന്നതായിരിക്കും നല്ലത്' ഉമറിനുള്ള കത്തില്‍ മംദാനിക്കെതിരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം
രാഗേന്ദു. പി.ആര്‍
Saturday, 10th January 2026, 6:40 am

ന്യൂദല്‍ഹി: ദല്‍ഹി കലാപ ഗൂഢാലോചന കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനി കത്തെഴുതിയതില്‍ പ്രതികരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.

ഔദ്യോഗിക പദവികളിലിരിക്കുന്നവര്‍ മുന്‍വിധികള്‍ പ്രകടിപ്പിക്കുന്നത് ശരിയല്ലെന്നാണ് മന്ത്രാലയത്തിന്റെ പ്രതികരണം. ജനാധിപത്യ രാജ്യങ്ങളിലെ പ്രതിനിധികള്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്ന് മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

രണ്‍ധീര്‍ ജയ്സ്വാള്‍

മുന്‍വിധികള്‍ പ്രകടിപ്പിക്കുന്ന ശീലം ജനപ്രതിനിധികള്‍ക്ക് ചേര്‍ന്നതല്ലെന്ന വിമര്‍ശനവുമുണ്ട്. ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്നും ജയ്സ്വാള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മംദാനിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന ജനുവരി ഒന്നിനാണ് ഉമര്‍ ഖാലിദിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പ്രസ്തുത കത്ത് പുറത്തുവിട്ടത്. ‘പ്രിയപ്പെട്ട ഖാലിദ് നീ ഞങ്ങളുടെ എല്ലാവരുടെയും ചിന്തയിലുണ്ട്’ എന്നായിരുന്നു കത്തിലെ പ്രധാന വാചകം.

‘പ്രിയപ്പെട്ട ഉമര്‍, കയ്പ്പുറ്റ അനുഭവങ്ങളെ കുറിച്ചും അത് ഒരാളെ സ്വയം നശിപ്പിക്കപ്പെടാതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുമുള്ള നിങ്ങളുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്. നിങ്ങളുടെ മാതാപിതാക്കളെ കാണാനായതില്‍ സന്തോഷം,’ മംദാനിയുടെ കത്ത്.

2025 ഡിസംബറില്‍ അമേരിക്ക സന്ദര്‍ശിച്ച ഖാലിദിന്റെ മാതാപിതാക്കള്‍ക്ക് മംദാനി തന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് കൈമാറിയെന്നാണ് വിവരം.

ഖാലിദിന്റെ രക്ഷിതാക്കളായ സാഹിബ ഖാനമും സയ്യിദ് ഖാസിം റസൂല്‍ ഇല്യാസും അവരുടെ പെണ്‍മക്കളില്‍ ഒരാളെ കാണാന്‍ അമേരിക്കയില്‍ പോയിരുന്നതായി ഉമറിന്റെ പങ്കാളി ബനോജ്യോത്സ്‌ന ലാഹിരി പറഞ്ഞു.

നേരത്തെ ന്യൂയോര്‍ക്കില്‍ നടന്ന ഒരു പരിപാടിയിലും ഉമര്‍ ഖാലിദിനെ കുറിച്ച് മംദാനി പരാമര്‍ശിച്ചിരുന്നു. ജനാധിപത്യത്തെ കുറിച്ചുള്ള പരിപാടിയില്‍ മംദാനി ഉമറിന്റെ കുറിപ്പുകള്‍ വായിക്കുകയായിരുന്നു.

അതേസമയം ഖാലിദിന് കത്തെഴുതിയതില്‍ മംദാനിയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍ രംഗത്തെത്തിയിരുന്നു.

ഇന്ത്യന്‍ വംശജനായ വ്യക്തി എന്ന നിലയില്‍ മംദാനിക്ക് വിഷയത്തില്‍ ഇടപെടാനുള്ള എല്ലാ അവകാശവുമുണ്ടെന്നാണ് ചവാന്‍ ചൂണ്ടിക്കാട്ടിയത്.

Content Highlight: Mamdani’s letter to Umar; Indian Ministry of External Affairs asks to respect the independence of the judiciary

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.