തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ആക്രമണത്തിന് ഉത്തരവാദികള്‍ ബി.ജെ.പിയും സി.പി.ഐ.എമ്മും കോണ്‍ഗ്രസും; വിമര്‍ശനവുമായി മമത
national news
തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ആക്രമണത്തിന് ഉത്തരവാദികള്‍ ബി.ജെ.പിയും സി.പി.ഐ.എമ്മും കോണ്‍ഗ്രസും; വിമര്‍ശനവുമായി മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th July 2023, 8:44 am

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉണ്ടായ ആക്രമണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പിലെ ആക്രമണങ്ങളില്‍ ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തം സി.പി.ഐ.എമ്മിനും ബി.ജെ.പിക്കും കോണ്‍ഗ്രസിനുമാണെന്ന് മമത പറഞ്ഞു.

‘സി.പി.ഐ.എമ്മും കോണ്‍ഗ്രസും പരസ്പര വിരുദ്ധമായാണ് പെരുമാറുന്നതെന്നും മമത കുറ്റപ്പെടുത്തി. ‘ നിങ്ങള്‍ എന്നെ ഇവിടെ അപകീര്‍ത്തിപ്പെടുത്തുന്നു, എന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് ദല്‍ഹിയില്‍ സഹായങ്ങള്‍ ചെയ്യണം, ഇത് ശരിയല്ല. ശരിയായ സഹകരണമുണ്ടെങ്കില്‍ മാത്രമേ ഞാനും പിന്തുണ നല്‍കൂ,’ മമത പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

‘ദേശീയതലത്തില്‍ പ്രതിപക്ഷ സഖ്യത്തിനുള്ള ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് സി.പി.ഐ.എമ്മിനെ പറ്റിയോ, കോണ്‍ഗ്രസിനെ പറ്റിയോ കൂടുതലൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ അവര്‍ സംസാരിക്കുന്നതിന് മുന്‍പ് ചിന്തിക്കണം’ മമത കൂട്ടിച്ചേര്‍ത്തു.

വോട്ടെണ്ണല്‍ ദിനത്തിലും ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മമതയുടെ പരാമര്‍ശം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഉണ്ടായ ആക്രമണങ്ങളില്‍ ഇതുവരെ 19 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് മമത ബാനര്‍ജി അറിയിച്ചിരിക്കുന്നത്.

ബി.ജെ.പിയുടെ  വസ്തുതാ അന്വേഷണ സംഘത്തിനെതിരെയും മമത വിമര്‍ശനമുന്നയിച്ചു. മണിപ്പൂരും അസമും കത്തുമ്പോള്‍ ഈ സംഘം എവിടെയായിരുന്നുവെന്ന് മമത ചോദിച്ചു.

‘മണിപ്പൂര്‍ കത്തുമ്പോള്‍ വസ്തുതാ അന്വേഷണ സംഘം എവിടെയായിരുന്നു. എന്‍.ആര്‍.സിയെ തുടര്‍ന്ന് അസം കത്തുമ്പോള്‍ ഈ സംഘം എവിടെയായിരുന്നു. എത്ര കമ്മീഷനുകളാണ് ഇവിടെ സന്ദര്‍ശിച്ചത്. 2 വര്‍ഷത്തിനിടെ 154 സംഘം ബംഗാള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇത് ബി.ജെ.പിയുടെ പ്രകോപന കമ്മിറ്റിയാണ്, വസ്തുതാ അന്വേഷണ കമ്മിറ്റിയല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നത് വേദനാജനകമാണ്. സംഭവത്തില്‍ പൊലീസിന് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്,’ മമത പറഞ്ഞു.

കഴിഞ്ഞ ദിവസം, ബി.ജെ.പി അയച്ച വസ്തുതാ അന്വേഷണ സംഘത്തിലെ തലവനായ ബി.ജെ.പി നേതാവ് മമതക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് ദുര്‍ഭരണവും അരാജകത്വവുമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ‘ബംഗാളിലെ ഇടതുപക്ഷത്തിന്റെ 34 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മമത ബാനര്‍ജിയോട് ബഹുമാനമുണ്ടായിരുന്നു. അന്ന് മമത ഒരു പോരാളിയായിരുന്നു. എന്നാല്‍ ദുര്‍ഭരണം, അരാജകത്വം എന്നിവയില്‍ ഇടതുപക്ഷത്തിന്റെ റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ് മമത’ പ്രസാദ് പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തരധനസഹായം നല്‍കുമെന്ന് മമത അറിയിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും മമത വ്യക്തമാക്കിയിരുന്നു.

Content Highlight: Mamatha banerjee criticise opposition parties