തൂക്കുമന്ത്രിസഭയാണ് വരുന്നതെങ്കില്‍ മമത, ബി.ജെ.പിയ്‌ക്കൊപ്പം സഖ്യം ചേരുമെന്ന് യെച്ചൂരി; ബംഗാളിനെ ചെങ്കടലാക്കി പീപ്പിള്‍സ് ബ്രിഗേഡ്
West Bengal Election 2021
തൂക്കുമന്ത്രിസഭയാണ് വരുന്നതെങ്കില്‍ മമത, ബി.ജെ.പിയ്‌ക്കൊപ്പം സഖ്യം ചേരുമെന്ന് യെച്ചൂരി; ബംഗാളിനെ ചെങ്കടലാക്കി പീപ്പിള്‍സ് ബ്രിഗേഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th February 2021, 8:05 pm

കൊല്‍ക്കത്ത: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ തൂക്കുമന്ത്രിസഭയാണ് വരുന്നതെങ്കില്‍ മമതാ ബാനര്‍ജി ബി.ജെ.പിയ്‌ക്കൊപ്പം സഖ്യം ചേരുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബംഗാളില്‍ ഇടതുമുന്നണിയുടെ പീപ്പിള്‍സ് ബ്രിഗേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബി.ജെ.പിയും തൃണമൂലും തമ്മിലുള്ള പോരാട്ടം പരിഹാസ്യമാണ്. പി.എം കെയറിലെ തുകയെടുത്ത് തെരഞ്ഞെടുപ്പുകളില്‍ നേതാക്കന്‍മാരെ വിലക്ക് വാങ്ങുകയാണ് ബി.ജെ.പി’, യെച്ചൂരി പറഞ്ഞു.

ദല്‍ഹിയില്‍ മോദിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി കര്‍ഷകര്‍ പോരാടുകയാണെന്നും നമ്മള്‍ വെറുതെയിരിക്കരുതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

‘നമ്മുടെ അന്നദാതാക്കള്‍ക്ക് ഇത്തരത്തിലൊരു വലിയ പോരാട്ടം നടത്താന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് നമുക്ക് പറ്റില്ല’, അദ്ദേഹം ചോദിച്ചു.

ഇടതുമുന്നണിയും മറ്റ് മതേതരകക്ഷികളും ചേര്‍ന്നുള്ള മഹാസഖ്യം തൃണമൂല്‍ സര്‍ക്കാരിനേയും ബി.ജെ.പിയേയും സംസ്ഥാനത്ത് നിന്ന് തൂത്തെറിയുമെന്നും യെച്ചൂരി പറഞ്ഞു.

‘ബംഗാളില്‍ ഈ വര്‍ഗീയവാദികളെ പാഠം പഠിപ്പിക്കാന്‍ നമുക്കായാല്‍ രാജ്യത്തും അത് പറ്റും’, യെച്ചൂരി പറഞ്ഞു. കേന്ദ്രത്തില്‍ എന്താണോ മോദി ചെയ്യുന്നത് അതാണ് സംസ്ഥാനത്ത് മമത ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ നിരവധി പേരാണ് സമ്മേളനത്തിനെത്തിയത്. ഇടതുമുന്നണിയ്‌ക്കൊപ്പം കോണ്‍ഗ്രസും ഐ.എസ്.എഫും സമ്മേളനത്തിലുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mamata will join hands with BJP again in case of hung Assembly in Bengal: Yechury