അഗ്‌നിവീരന്മാര്‍ക്ക് ജോലി കൊടുക്കണമെന്ന് കേന്ദ്രത്തിന്റെ നോട്ടീസ്; ഞാനെന്തിന് ബി.ജെ.പിക്കാര്‍ക്ക് നല്‍കണമെന്ന് മമത ബാനര്‍ജി
national news
അഗ്‌നിവീരന്മാര്‍ക്ക് ജോലി കൊടുക്കണമെന്ന് കേന്ദ്രത്തിന്റെ നോട്ടീസ്; ഞാനെന്തിന് ബി.ജെ.പിക്കാര്‍ക്ക് നല്‍കണമെന്ന് മമത ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th June 2022, 3:27 pm

കൊല്‍ക്കത്ത: അഗ്‌നിവീരന്മാര്‍ക്ക് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന്റെ കത്ത് ലഭിച്ചതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ചൊവ്വാഴ്ച ഒരു പൊതുവേദിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മമതയുടെ പരാമര്‍ശം.

‘കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒരു കത്ത് ലഭിച്ചു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്താക്കപ്പെടുന്ന അഗ്നിവീരന്മാര്‍ക്ക് ജോലി നല്‍കണമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. ബി.ജെ.പിക്കാര്‍ക്ക് ജോലി കൊടുക്കണമെന്ന്.. എന്തിന്, ഞാനെന്തിന് അവര്‍ക്ക് ജോലി നല്‍കണം. മുന്‍ഗണന എന്തായാലും സംസ്ഥാനത്തെ യുവാക്കള്‍ക്കായിരിക്കും,’ മമത ബാനര്‍ജി പറഞ്ഞു.

സൈന്യത്തില്‍ യുവത്വം കൊണ്ടുവരിക എന്ന ഉദ്ദേശത്തോട് കൂടിയാണ് സര്‍ക്കാര്‍ പദ്ധതി മുന്നോട്ടുവെച്ചത്.

ജൂണ്‍ 14നാണ് അഗ്‌നിപഥ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. നിരവധി പ്രതിപക്ഷ പാര്‍ട്ടികളും സൈനിക പ്രവര്‍ത്തകരും പദ്ധതിയെ അപലപിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.

വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ പദ്ധതിയുടെ പ്രായപരിധി 21ല്‍ നിന്ന് 23 വയസായി ഉയര്‍ത്തിയിരുന്നു. അഗ്‌നിപഥ് പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യപ്പെടുന്നവരെ അഗ്‌നിവീര്‍ എന്നായിരിക്കും അറിയപ്പെടുക. സൈന്യത്തെ കൂടുതല്‍ യുവത്വമാക്കാന്‍ വേണ്ടിയാണ് പദ്ധതിയെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

ജോലിയില്‍ പ്രവേശിച്ച ആദ്യ വര്‍ഷത്തില്‍ അഗ്‌നിവീറുകള്‍ക്ക് പ്രതിമാസ ശമ്പളം 30,000 രൂപയായിരിക്കും. നാല് വര്‍ഷത്തേക്കായിരിക്കും ഇവരെ റിക്രൂട്ട് ചെയ്യുക. നാലു വര്‍ഷത്തിന് ശേഷം ഇതില്‍ നിന്നും 25 ശതമാനം പേരെ മാത്രമായിരിക്കും സൈന്യത്തിലേക്ക് സ്ഥിരമായി നിയമിക്കുക. അവശേഷിക്കുന്ന 75ശതമാനം പേര്‍ക്ക് അസം റൈഫിള്‍സിലും പൊലീസ് സേനയിലും 10 ശതമാനം സംവരണം സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു.

രാജ്യത്തുടനീളം പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലായിരുന്നു പുതിയ പ്രഖ്യാപനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.

Content Highlight: mamata slams bjp over bjp’s demand for providing jobd to agniveers