കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന മമത ബാനര്‍ജിയുടെ നിലപാടിനെതിരെ രംഗത്തെത്തി ബി.ജെ.പി.
മമതയുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും അരാജകത്വമാണെന്നും ബി.ജെ.പി പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യം സമാധാനപരവും ക്രമീകൃതവുമായ അധികാരകൈമാറ്റത്തിലാണ് നിര്‍മിച്ചിരിക്കുന്നതെന്ന് ബി.ജെ.പി ദേശീയ വക്താവ് സാംബിതം പത്ര പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാവാതെ വന്നാല്‍ മമതയെ പുറത്താക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
‘മമത രാജിവെക്കുന്നില്ലെങ്കില്‍ അവരെ പുറത്താക്കും. രാജ്യം അവരുടെ ഇഷ്ടത്തിനനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്. ഗവര്‍ണര്‍ നിശ്ചിത സമയം വരെ കാത്തിരിക്കും. എന്നിട്ടും രാജി വെച്ചില്ലെങ്കില്‍ ഗവര്‍ണര്‍ അവരെ പുറത്താക്കും,’ ബിശ്വ ശര്‍മ പറഞ്ഞു.
ഒട്ടേറെ വീഴ്ചകളും തെറ്റുകളും ഉണ്ടായിട്ടും ബംഗാള്‍ അവരെ ഇത്രയും കാലം സഹിച്ചുവെന്നും ഇനി തുടരാന്‍ അവര്‍ക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നും മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു.
തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകളും വോട്ടര്‍ പട്ടികയില്‍ കൃത്രിമത്വവും നടന്നതായി അവര്‍ പറഞ്ഞു. 100 സീറ്റുകള്‍ മോഷ്ടിക്കപ്പെട്ടു എന്ന് പറഞ്ഞ മമതാ ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നും കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് വേളയിലും വോട്ടെണ്ണല്‍ സമയത്തും തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സേനയും പക്ഷപാതപരമായി പെരുമാറിയെന്നും ഒത്തുകളിച്ചുവെന്നുമുള്ള ആരോപണങ്ങള്‍ അവര്‍ വീണ്ടും ആവര്‍ത്തിച്ചു.
294 അംഗ നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 80 സീറ്റുകള്‍ നേടിയപ്പോള്‍, ബി.ജെ.പി 207 സീറ്റുകള്‍ നേടി. സ്വന്തം മണ്ഡലമായ ഭവാനിപൂരിലും മമത പരാജയപ്പെട്ടു.
എസ്.ഐ.ആറിലൂടെ വോട്ടര്‍പട്ടികയില്‍ നിന്നും ഏകദേശം 90 ലക്ഷം പേരുകള്‍ നീക്കം ചെയ്തതായി മമത പറഞ്ഞു. വിവിധ ജില്ലകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഏജന്റുമാരെയും സ്ഥാനാര്‍ത്ഥികളെയും ലക്ഷ്യം വെച്ചതായും കേന്ദ്ര സേന വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും, തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ 15 അംഗ അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മമതാ ബാനര്‍ജി പറഞ്ഞു.
Content Highlight: Mamata’s stance that she will not resign as CM is anti-democratic; If she does not resign after the stipulated time, she will be removed: BJP
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.