ഉക്രൈനില്‍ നിന്ന് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് വീഴ്ച സംഭവിച്ചു: മമത
national news
ഉക്രൈനില്‍ നിന്ന് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് വീഴ്ച സംഭവിച്ചു: മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th March 2022, 7:09 pm

കൊല്‍ക്കത്ത: ഉക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കുന്ന ദൗത്യത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ഉക്രൈനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരുന്നതില്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാവുന്നുണ്ടെന്നും വിദ്യാര്‍ത്ഥിക്കള്‍ക്ക് ആവശ്യത്തിന് വിമാനങ്ങള്‍ ക്രമീകരിക്കണമെന്നും മമത പറഞ്ഞു.

‘ഉക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്. ആരുടെയായാലും ജീവന്‍ വളരെ വിലപ്പെട്ടതാണ്. എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ കുട്ടികളെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിന് ഇത്രയും സമയമെടുക്കുന്നത്. മുന്‍കൂട്ടി കാര്യങ്ങള്‍ ചെയ്യാന്‍ എന്തുകൊണ്ട് പറ്റുന്നില്ല,’ മമത കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കാന്‍ എത്രയും പെട്ടെന്ന് കൂടുതല്‍ വിമാനങ്ങള്‍ സജ്ജമാക്കണമെന്ന് താന്‍ കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അവര്‍ പറഞ്ഞു.

20000ത്തിലധികം വിദ്യാര്‍ത്ഥികളാണ് ഉക്രൈനിലുള്ളതെന്നും അതില്‍ 4000ത്തോളം പേര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയെന്നും ഫോറീന്‍ സെക്രട്ടറി ഹര്‍ഷ് വര്‍ദ്ധന്‍ ശ്രിംഗ്ല നേരത്തെ പറഞ്ഞിരുന്നു. ഉക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശ പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, ഉക്രൈനില്‍ കുടുങ്ങി കിടക്കുന്നവരുടെ കാര്യത്തില്‍ സുപ്രീം കോടതി ആശങ്കയറിയിച്ചിരുന്നു. എന്നാല്‍ ഇതിനോടകം തന്നെ പതിനേഴായിരം ഇന്ത്യക്കാരെ ഉക്രൈനില്‍ നിന്ന് ഒഴിപ്പിച്ചതായാണ് കേന്ദ്രം സുപ്രീം കോടതിയില്‍ പറഞ്ഞത്.

കേന്ദ്രസര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഗംഗ ദൗത്യം പുരോഗമിക്കുമ്പോഴും കിഴക്കന്‍ ഉക്രൈനിലെ നഗരങ്ങളില്‍ മലയാളികളടക്കം നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. യുദ്ധം ഒരാഴ്ച പിന്നിടുമ്പോള്‍ ഖാര്‍കീവ്, പിസോച്ചിന്‍ സുമി തുടങ്ങിയ യുക്രൈന്‍ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരാണ്.

സുമിയില്‍ 600 മലയാളി വിദ്യാര്‍ത്ഥികള്‍ സഹായം കിട്ടാതെ വലയുന്നുവെന്നാണ് നോര്‍ക്കയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പിസോച്ചിനിലും മലയാളികള്‍ ഉള്‍പ്പടെ രക്ഷാകരത്തിനായി കാത്തിരിക്കുന്നത് ആയിരത്തിലേറെ ഇന്ത്യക്കാരാണ്.

കിഴക്കന്‍ ഉക്രൈനില്‍ നിന്ന് രക്ഷപ്പെട്ട് പടിഞ്ഞാറന്‍ ഉക്രൈനില്‍ എത്തിച്ചേര്‍ന്നാലും എവിടേക്ക് പോകണമെന്നോ ആരെ ബന്ധപ്പെടണമെന്നോ ഉള്ള ആശയക്കുഴപ്പമുണ്ടെന്നാണ് മലയാളികളില്‍ നിന്നടക്കമുള്ള വിവരം. വിദേശകാര്യമന്ത്രാലയം നേരത്തെ നല്‍കിയ നമ്പറുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന വ്യാപക പരാതികള്‍ കിട്ടിയതായി കേരള സര്‍ക്കാരിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി വേണു രാജാമണി നേരത്തെ പറഞ്ഞിരുന്നു.


Content Highlights: Mamata questions Centre’s role in bringing back students from Ukraine