AMMA സംഘടനയിൽ തെരഞ്ഞെടുപ്പ് ചൂടേറുകയാണ്. മുപ്പത്തിരണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ പോരാട്ടത്തിനാണ് സംഘടന സാക്ഷ്യം വഹിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പുറകെ മുഖം മങ്ങിയ സംഘടനയിൽ ഓഗസ്റ്റ് പതിനഞ്ചിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള ഇലക്ഷൻ നടക്കും.
കഴിഞ്ഞ ദിവസമായിരുന്നു AMMAയിലെ നാമനിർദ്ദേശ പത്രിക സമർപ്പണം. മോഹൻലാൽ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ് ഉൾപ്പെടെ ആറ് പേർ പത്രിക സമർപ്പിച്ചിരുന്നു. നിലവിലെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നൽകിയിട്ടുണ്ട്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് മല്ലിക സുകുമാരൻ.
‘ആരോപണം വന്നവരോട് തെറ്റ് ചോദ്യം ചെയ്യുകയും മാപ്പ് പറയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ചരിത്രവും നമുക്കറിയാം. ഇരുപത് – ഇരുപത്തിയൊന്ന് വയസായ എന്റെ മകനെ പോലും ഒരു സ്ഥലത്ത് രണ്ട് പ്രാവശ്യം വിളിപ്പിച്ച് ഖേദം പ്രകടിപ്പിച്ചില്ല! എവിടെപ്പോയി ആ ശക്തമായ നിലപാടൊക്കെ?,’ മല്ലിക സുകുമാരൻ ചോദിക്കുന്നു.
ബാബുരാജോ തന്റെ മക്കളോ മറ്റ് നടന്മാരോ ആരും തന്നെ ആയാലും തെറ്റ് ചെയ്‌തെന്ന് ഒരു ആരോപണം പരസ്യമായി വന്നുകഴിഞ്ഞാൽ എന്താണ് നടന്നതെന്ന് വിശദീകരിക്കണമെന്ന് മല്ലിക സുകുമാരൻ പറയുന്നു. അത് നടത്താതെ എക്സിക്യൂറ്റീവ് അംഗങ്ങൾ ചർച്ചചെയ്തെന്നും എന്നിട്ട് ആരോപണവിധേയരെല്ലാം മാറി നിൽക്കുമെന്നും പറഞ്ഞുവെന്ന് മല്ലിക പറഞ്ഞു. അന്ന് അങ്ങനെ പറഞ്ഞവർ തന്നെ ഇന്ന് ഇത്തരത്തിൽ ഒരു തിരുത്തൽ നടത്തിയത് എങ്ങനെയാണ് എന്നത് സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ചോദ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഒരു കാര്യം ഞാൻ തുറന്ന് പറയാം, മോഹൻലാൽ മാറിയതിൽ സന്തോഷിക്കുന്ന ഒരാളാണ് ഞാൻ. എന്തിനാണ് ഇത്രയും വലിയൊരു സ്റ്റാർ ഈ കുരിശെടുത്ത് തലയിൽ വെക്കുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.