അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിയാല്‍ നമുക്ക് തോന്നുന്ന പ്രണയം കൂടെ ഇല്ലാതാകുമെന്ന് പലരും പറഞ്ഞു: മല്ലിക സുകുമാരന്‍
Entertainment
അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിയാല്‍ നമുക്ക് തോന്നുന്ന പ്രണയം കൂടെ ഇല്ലാതാകുമെന്ന് പലരും പറഞ്ഞു: മല്ലിക സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th June 2025, 8:28 pm

മലയാളികള്‍ക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് മല്ലിക സുകുമാരന്‍. 1974ല്‍ പുറത്തിറങ്ങിയ ഉത്തരായനം എന്ന സിനിമയിലൂടെയാണ് മല്ലിക സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. കരിയറിന്റെ തുടക്കത്തില്‍ മലയാളത്തിലെ തിരക്കുള്ള നായികയായിരുന്നു അവര്‍.

സിനിമയില്‍ നിന്ന് ഇടക്ക് ഒരു ഇടവേളയെടുത്ത മല്ലിക ടെലിവിഷന്‍ പരിപാടിയിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരികയും പിന്നീട് സിനിമയില്‍ സജീവമാവുകയും ചെയ്തു. രാജസേനന്‍ സംവിധാനം ചെയ്ത മേഘസന്ദേശം സിനിമയിലൂടെയാണ് നടി സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്.

ഒരു കാലത്ത് മലയാളികളുടെ പ്രിയനടനായിരുന്ന സുകുമാരനാണ് മല്ലികയുടെ പങ്കാളി. ഇപ്പോള്‍ സുകുമാരനെ കുറിച്ച് പറയുകയാണ് നടി. അദ്ദേഹത്തിന് പ്രേമിക്കുന്ന ആളെ പോലെ അഭിനയിക്കാന്‍ അറിയില്ലെന്നും പ്രേമത്തിന്റെ ഒരു എക്‌സ്പ്രഷനും സുകുമാരന്റെ മുഖത്ത് വരില്ലെന്നും മല്ലിക പറഞ്ഞു.

അദ്ദേഹത്തില്‍ പൈങ്കിളി സ്വഭാവം ഒട്ടും തന്നെയില്ലെന്നും പാട്ട് സീനില്‍ പോലും പ്രേമത്തിന്റെ എക്‌സ്പ്രഷന്‍ വരില്ലെന്നും നടി പറയുന്നു. ഓര്‍മയില്‍ എന്നും എന്ന പരിപാടിയില്‍ രമേശ് പിഷാരടിയോട് സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍.

‘സുകുമാരന്‍ ചേട്ടന്‍ എങ്ങനെയുള്ള ആളാണെന്ന് ചോദിച്ചാല്‍, അദ്ദേഹത്തിന് പ്രേമിക്കുന്ന ആളെ പോലെ അഭിനയിക്കാനൊന്നും അറിയില്ല. പ്രേമത്തിന്റെ ഒരു എക്‌സ്പ്രഷനും സുകുവേട്ടന്റെ മുഖത്ത് വരില്ല. ആ കാര്യം എല്ലാവര്‍ക്കും അറിയാം. പൈങ്കിളി സ്വഭാവം അദ്ദേഹത്തില്‍ ഒട്ടും തന്നെയില്ല.

ഓരോ സിനിമയിലെയും പാട്ട് സീനില്‍ അഭിനയിക്കുന്ന സമയത്തും അങ്ങനെ തന്നെയായിരുന്നു. പല നായികമാരും എന്നോട് ‘എന്റെ ചേച്ചി, അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ നമുക്ക് തോന്നുന്ന പ്രേമം കൂടെ ഇല്ലാതെയാകും’ എന്ന് പറഞ്ഞിട്ടുണ്ട്,’ മല്ലിക സുകുമാരന്‍ പറയുന്നു.


Content Highlight: Mallika Sukumaran Talks About Actor Sukumaran