എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്റെ ശ്രദ്ധയില്‍പെട്ട പോസ്റ്റിനെക്കുറിച്ച് പറയുകയാണ് മല്ലിക സുകുമാരന്‍. മോഹന്‍ലാലിനെക്കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചും അനാവശ്യമായ പല പോസ്റ്റുകളും പലരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചെന്നും എന്നാല്‍ പൃഥ്വിരാജ് അതിനൊന്നും മറുപടി പറയാന്‍ നിന്നില്ലെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.
‘വേണ്ടാത്ത കാര്യത്തിന് പോയി സംസാരിക്കുന്നയാളല്ല രാജു. അങ്ങനെയുള്ള ഒരു കാര്യത്തിനും അവനെ കിട്ടുകയുമില്ല. പക്ഷേ, ആവശ്യമില്ലാത്ത കാര്യത്തില്‍ അഭിപ്രായം പറയുന്ന വേറെ ചിലര്‍ മലയാളസിനിമയിലുണ്ട്. അവരെക്കുറിച്ചൊന്നും ഞാന്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എമ്പുരാന്റെ സമയത്തും അങ്ങനെ ചില ആള്‍ക്കാരെ കണ്ടിരുന്നു.
‘മോഹന്‍ലാലിനെ മനപൂര്‍വം പൃഥ്വിരാജും കൂട്ടരും ചതിച്ചതാണ്’ എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. രാജു ചതിച്ചെന്ന് മോഹന്‍ലാല്‍ ഒരുകാലത്തും പറയില്ലെന്ന് ഉറപ്പാണ്. കുട്ടിക്കാലം മുതല്‍ ലാലുവിനെ ഞാന്‍ കാണുന്നതാണ്. ഞങ്ങളുടെ കുടുംബവുമായി അയാള്‍ക്ക് നല്ല അടുപ്പമുണ്ട്. അതുകൊണ്ട് ഞാനോ എന്റെ കുടുംബമോ ചതിച്ചെന്ന് ഒരിക്കലും മോഹന്‍ലാല്‍ പറയില്ല. വേണമെങ്കില്‍ ഞാനത് ഒരു സ്റ്റാമ്പ് പേപ്പറില്‍ എഴുതി ഒപ്പിട്ട് തരാം,’ മല്ലിക സുകുമാരന്‍ പറയുന്നു.
എമ്പുരാനെതിരെ നടന്ന സൈബര്‍ ആക്രമണത്തെക്കുറിച്ചും മല്ലിക സുകുമാരന്‍ സംസാരിച്ചു. രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്ന ആദ്യത്തെ സിനിമയല്ല എമ്പുരാനെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. മുമ്പും മലയാളത്തില്‍ പല തരത്തിലുള്ള രാഷ്ട്രീയ സിനിമകള്‍ വന്നിരുന്നെന്നും അന്നൊന്നും ഈ ബഹളം കണ്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ആദ്യകാലത്തൊക്കെ കായംകുളം കൊച്ചുണ്ണി, ഇത്തിക്കരപ്പക്കി പോലുള്ള ചരിത്രസിനിമകളായിരുന്നു വന്നത്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ വന്നതിന് ശേഷം ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമകളും പുറത്തിറങ്ങി. ജഗദീഷ് ആഭ്യന്തരമന്ത്രിയാകുന്ന സിനിമക്കൊന്നും ഒരു കുഴപ്പവുമില്ലായിരുന്നല്ലോ. അതെല്ലാം എല്ലാവര്‍ക്കും ഇഷ്ടമാവുകയും ചെയ്തു.
ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം സിനിമയുടെ ഭാഗമല്ല, അത് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഒരു സിനിമയിറങ്ങിക്കഴിഞ്ഞാല്‍ ഒരു പ്രത്യേക ആള്‍ക്കാര്‍ വന്നിട്ട് ആ സിനിമ നിങ്ങള്‍ക്കെതിരാണ്, ഈ സിനിമ നിങ്ങള്‍ക്കെതിരാണ് എന്നൊക്കെ പറഞ്ഞ് ആളുകളെ തമ്മിലടിപ്പിക്കുകയാണ്. അവരുടെ രാഷ്ട്രീയലക്ഷ്യത്തിന് വേണ്ടി സിനിമയെ ഉപയോഗിക്കുകയാണ്,’ മല്ലിക സുകുമാരന്‍ പറഞ്ഞു.
Content Highlight: Mallika Sukumaran about the controversies related to Empuraan movie and Prithviraj