കണ്ടും കേട്ടുമറിഞ്ഞ ഭീതിതമായ ഓര്‍മകളാണ് ബി.ബി.സി ഡോക്യുമെന്ററിയിലുള്ളത്, അതെല്ലാം സത്യമാണ്: മല്ലിക സാരാഭായ്
national news
കണ്ടും കേട്ടുമറിഞ്ഞ ഭീതിതമായ ഓര്‍മകളാണ് ബി.ബി.സി ഡോക്യുമെന്ററിയിലുള്ളത്, അതെല്ലാം സത്യമാണ്: മല്ലിക സാരാഭായ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th January 2023, 9:09 am

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിന്റെ നേര്‍ക്കാഴ്ചയാണ് ബി.ബി.സി ഡോക്യുമെന്ററിയെന്ന് പ്രശസ്ത നര്‍ത്തകിയും കലാമണ്ഡലം ചാന്‍സലറുമായ മല്ലിക സാരാഭായ്.

ബി.ബി.സി ഡോക്യുമെന്ററി കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമര്‍ത്തലാണെന്നും അവര്‍ പറഞ്ഞു.

കണ്ടും കേട്ടുമറിഞ്ഞ ഭീതിതമായ ഓര്‍മകളാണ് ബി.ബി.സി ഡോക്യുമെന്ററിയിലുള്ളതെന്നും മല്ലിക സാരാഭായ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

‘കണ്ടും കേട്ടുമറിഞ്ഞ ഭീതിതമായ ഓര്‍മകളാണ് ബി.ബി.സി ഡോക്യുമെന്ററിയിലുള്ളത്. എന്തുകൊണ്ടാണ് അതിപ്പോള്‍ പുറത്തുവന്നത് എന്ന് നമുക്ക് ചോദിക്കാം, അതിനെ വിമര്‍ശിക്കാം. പക്ഷേ ഡോക്യുമെന്ററിയിലുള്ളതെല്ലാം സത്യമാണ്.

‘ബി.ബി.സി ഡോക്യുമെന്ററി സ്‌ക്രീനിങ് തടയുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തലാണ്, ജനാധിപത്യ നിഷേധമാണ്.

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള തെഹല്‍ക്ക റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടന്നത്. അത് ആ തെരഞ്ഞെടുപ്പില്‍ ഒരു ചലനവുമുണ്ടാക്കിയില്ല. ഇന്ത്യക്കാര്‍ വോട്ട് ചെയ്യുന്നത് എങ്ങനെയാണെന്ന് പ്രവചിക്കാന്‍ കഴിയില്ല,’ മല്ലിക സാരാഭായ്  പറഞ്ഞു.

മോദി വിരോധിയായതുകൊണ്ട് മാത്രം തെലങ്കാനയിലെ സര്‍ക്കാര്‍ പരിപാടിയില്‍ നൃത്തം ചെയ്യാന്‍ തനിക്ക് അവസരം നഷ്ടപ്പെട്ടുവെന്നും, മോദിയെ വിമര്‍ശിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഭൂമിയില്‍ നൃത്തം ചെയ്യാന്‍ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി തന്നോട് പറഞ്ഞതായും മല്ലിക സാരാഭായ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Mallika Sarabai About BBC Documentary