ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല; മുഖ്യപ്രതിയായ കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര ജയില്‍ മോചിതനായി
national news
ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല; മുഖ്യപ്രതിയായ കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര ജയില്‍ മോചിതനായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th January 2023, 8:16 am

ലഖ്‌നൗ: ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലയിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ബി.ജെ.പി നേതാവുമായ അജയ് കുമാര്‍ മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ജയില്‍ മോചിതനായി.

കഴിഞ്ഞ ദിവസം എട്ടാഴ്ചത്തേക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് ആശിഷ് മിശ്ര ജയില്‍ മോചിതനായത്.

ബുധനാഴ്ച സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ഉത്തര്‍പ്രദേശിലും ദല്‍ഹിയിലും സമീപ പ്രദേശങ്ങളിലും മിശ്രക്ക് തങ്ങാനാകില്ലെന്നും ഒരാഴ്ചക്കകം യുപി വിടണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ജാമ്യ കാലയളവില്‍ സാക്ഷികളെ സ്വാധീനിക്കരുതെന്ന് മിശ്രക്കും കുടുംബാംഗങ്ങള്‍ക്കും കോടതി മുന്നറിയിപ്പും നല്‍കി.

ആശിഷ് മിശ്രയുടെ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും പുതിയ സ്ഥലത്തിന്റെ അധികാരപരിധിയിലുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജര്‍ രേഖപ്പെടുത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

കോടതി നിര്‍ദേശങ്ങള്‍ ലംഘിക്കുകയോ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതായി കണ്ടെത്തുകയോ ചെയ്താല്‍ ജാമ്യം റദ്ദാക്കുമെന്നും ഉത്തരവിലുണ്ട്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും വേണമെന്ന് വിചാരണ കോടതിയും രണ്ടാഴ്ച മുമ്പ് പറഞ്ഞിരുന്നു.

വിചാരണ നടക്കുന്ന ലഖിംപൂര്‍ ഖേരി കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരുന്നത്.

കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ആശിഷ് മിശ്രയുടെ പേരില്‍ കുറ്റം ചുമത്തിക്കൊണ്ട് ലഖിംപൂര്‍ ഖേരി കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് ഡിസംബര്‍ 16ന് കേസിന്റെ വിചാരണ ആരംഭിക്കുകയായിരുന്നു.

2021 ഒക്ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്തിരുന്ന കര്‍ഷക സംഘത്തിനിടയിലേക്ക് ആശിഷ് മിശ്ര കാര്‍ ഓടിച്ച് കയറ്റിയത്.

ഇതില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെ നടന്ന അക്രമസംഭവങ്ങളില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ആറ് കര്‍ഷകരേയും അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തില്‍ കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ആശിഷ് മിശ്രക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. സുപ്രീം കോടതി ഇടപെടലിന് ശേഷം ഒക്ടോബര്‍ ഒമ്പതിനാണ് ആശിഷിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

2022 ഫെബ്രുവരിയില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചെങ്കിലും സുപ്രീം കോടതി ഇത് റദ്ദ് ചെയ്യുകയായിരുന്നു. ജൂലൈ 26ന് വീണ്ടും വാദം കേട്ട ഹൈക്കോടതി ജാമ്യ ഹരജി വീണ്ടും തള്ളുകയായിരുന്നു.

Content Highlight: Lakhimpur Kheri case: Ashish Mishra released from jail