ജയിലില്‍ ഒന്‍പത് ദിനം ; ഒടുവില്‍ കന്യാസ്ത്രീകള്‍ക്ക് ജാമ്യം
India
ജയിലില്‍ ഒന്‍പത് ദിനം ; ഒടുവില്‍ കന്യാസ്ത്രീകള്‍ക്ക് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd August 2025, 11:59 am

റായ്പൂര്‍: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. എന്‍.ഐ.എ കോടതിയാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചത്.

പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്തതിനാല്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ഒന്‍പത് ദിവസമായി ജയിലില്‍ തുടരുകയായിരുന്നു കന്യാസ്ത്രീകള്‍.

കേസ് അന്വേഷണ ഘട്ടത്തിലാണെന്നാണ്, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. വാദത്തിനിടെ കേസ് ഡയറി കോടതി ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം കന്യാസ്ത്രീകളുടെ ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയിരുന്നെങ്കിലും കോടതിയില്‍ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുകയായിരുന്നു.

മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍ കോടതിയും ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് കന്യാസ്ത്രീകള്‍ എന്‍.ഐ.എ കോടതിയെ സമീപിച്ചത്.

വ്യാഴാഴ്ച ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ ദല്‍ഹിയില്‍ വിളിച്ചുവരുത്തി ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തിയിരുന്നു. അമിത് ഷായുടെ നിര്‍ദേശപ്രകാരം ഛത്തീസ്ഗഡിലെ ആര്‍.എസ്.എസ് പ്രതിനിധി ഗഡ്ഗരിയെയും വിഷ്ണു ദേവ് സായി സന്ദര്‍ശിച്ചിരുന്നു.

എന്നിട്ടും ജാമ്യത്തെ എതിര്‍ക്കുന്ന നിലപാടായിരുന്നു ഛത്തിസ്ഗഡിലെ ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചത്.

ജൂലൈ 25നാണ് നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു.

ഈ പെണ്‍കുട്ടികളെ കടത്തിക്കൊണ്ട് പോകുകയാണെന്നും മതപരിവര്‍ത്തനത്തിന് വിധേയരാക്കുകയാണെന്നും ചൂണ്ടിക്കാണിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്.

കന്യാസ്ത്രീകളെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവെക്കുകയും പൊലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നു.

എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിച്ച പെണ്‍കുട്ടികള്‍ തങ്ങള്‍ സ്വന്തം താത്പര്യപ്രകാരമാണ് കന്യാസ്ത്രീകള്‍ക്കൊപ്പം ആഗ്രയിലേക്ക് പോയതെന്ന് വ്യക്തമാക്കിയിരുന്നു.

Content Highlight: Malayali Nuns get bail