'പത്തു മിനുട്ടിനുള്ളില്‍ രമേഷ് ഇന്ദുകലാധരന്‍ ഈ ലോകത്തോട് വിട പറഞ്ഞിരിക്കും' തകര്‍പ്പന്‍ ട്രെയ്‌ലറുമായി സുമേഷ് ആന്‍ഡ് രമേഷ്
Entertainment news
'പത്തു മിനുട്ടിനുള്ളില്‍ രമേഷ് ഇന്ദുകലാധരന്‍ ഈ ലോകത്തോട് വിട പറഞ്ഞിരിക്കും' തകര്‍പ്പന്‍ ട്രെയ്‌ലറുമായി സുമേഷ് ആന്‍ഡ് രമേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th November 2021, 11:38 am

കൊച്ചി: ബാലു വര്‍ഗീസ്, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം സുമേഷ് ആന്‍ഡ് രമേഷിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു.

ഒരു കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കും സിനിമ എന്നാണ് ട്രെയ്‌ലറില്‍ നിന്നും ലഭിക്കുന്ന സൂചന. ഒരു വീട്ടിനുള്ളിലെ സംഭവവികാസങ്ങളെയാണ് ട്രെയ്ലറില്‍ കാണിക്കുന്നത്. സിനിമ നവംബര്‍ 26ന് തീയേറ്ററുകളില്‍ എത്തും.

ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, സലിം കുമാര്‍, പ്രവീണ, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ട്രെയ്ലറിലുള്ളത്. ശീനാഥ് ഭാസിയാണ് സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമേഷ് ആയി എത്തുന്നത് ബാലു വര്‍ഗീസാണ്.

ചങ്ക്സ് സിനിമയുടെ സഹ തിരകഥാകൃത്തായിരുന്ന സനൂപ് തൈക്കുടമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സനൂപ് തൈക്കുടവും വിജീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

തന്റെ സുഹൃത്തുക്കളുടെ ജീവിതത്തില്‍ നിന്നുള്ള യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നാണ് സുമേഷും രമേഷും സിനിമയുടെ പ്രചോദനമെന്ന് സംവിധായകനായ സനൂപ് നേരത്തെ പറഞ്ഞിരുന്നു. കുടുംബത്തിന്റെ ആംഗിള്‍ പരമാവധി ലഭിക്കാനാണ് സഹോദരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കിയതെന്നും സനൂപ് നേരത്തെ പറഞ്ഞിരുന്നു.

വൈറ്റ് സാന്‍ഡ്‌സിന്റെ ബാനറില്‍ കെ. എല്‍ 7 എന്റര്‍ടെയ്ന്‍മെന്റ്‌സുമായി ചേര്‍ന്ന് ഫരീദ് ഖാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫരീദ് ഖാനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.യാക്‌സണ്‍ ഗ്യാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.