സാധാരണക്കാരായ മനുഷ്യരുടെ അസാധാരണ പ്രകടനങ്ങള്‍
Movie Day
സാധാരണക്കാരായ മനുഷ്യരുടെ അസാധാരണ പ്രകടനങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th September 2022, 1:12 pm

അഭിലാഷ് എസ്. കുമാര്‍ സംവിധാനം ചെയ്ത ചട്ടമ്പി റിയലിസ്റ്റിക്, റോ സ്വഭാവത്തില്‍ ഉള്ള ചിത്രമാണ്. സാധാരണക്കാരായ മനുഷ്യരുടെ അസാധാരണ പ്രകടനങ്ങളാണ് ഈ സിനിമക്ക് ജീവന്‍ നല്‍കുന്നത്. അതില്‍ എടുത്തു പറയേണ്ട പേരാണ് ഗ്രേസ് ആന്റണി.

ഗ്രേസിന്റെ സിസില്‍ ജോണ്‍ മൂട്ടാട്ടില്‍ മലയാള സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളില്‍ എഴുതിചേര്‍ക്കാവുന്ന പേരാണ്. ചട്ടമ്പി എന്ന ചിത്രം കഴിഞ്ഞിറങ്ങുമ്പോള്‍ നിങ്ങളുടെ കൂടെ പോരുന്നത് സിസിലിയും കറിയയും ആണ്.

ആഗ്രഹിച്ചു നേടിയ ജീവിതം കൈവിട്ടു പോകാന്‍ സമ്മതിക്കാത്ത ഒരു സാധാരണ വീട്ടമ്മയാണ് സിസിലി. ഭര്‍ത്താവിന്റെ പല നടപടികളോടും എതിര്‍പ്പുണ്ടെങ്കിലും പ്രതികരിക്കാതെ ജീവിക്കുന്നതാണ് ഉത്തമ ഭാര്യയുടെ ലക്ഷണം എന്ന് വിശ്വസിക്കുന്ന ഒരുവള്‍. എന്നാല്‍ അയാള്‍ക്ക് ഒരു പ്രതിസന്ധി ഉണ്ടാകുമ്പോള്‍ എല്ലാം മറന്ന് കൂടെ നില്‍ക്കുന്നുണ്ട് അവര്‍. ഒരു സാധാരണ വീട്ടമ്മയായി വന്ന് അവസാനം നമ്മളെ ഞെട്ടിച്ച് കളയുന്നുണ്ട് അവര്‍.

കറിയ എന്ന കഥാപാത്രം ശ്രീനാഥ് ഭാസിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ്. ഒരു നാടിനെ വിറപ്പിക്കുന്ന ചട്ടമ്പിയാകാന്‍ ശരീരം ഒരു തടസ്സമല്ല എന്ന് ഭാസി കാണിച്ചുതരുന്നു.

എടുത്തു പറയേണ്ട മറ്റ് പ്രകടനങ്ങള്‍ ചെമ്പന്‍ വിനോദ്, മൈഥിലി, ഗുരു സോമസുന്ദരം എന്നിവരുടേതാണ്. കോര എന്ന കഥാപാത്രം അവതരിപ്പിച്ച ചിലമ്പന്‍ എന്ന നടന് മലയാള സിനിമയില്‍ ഇനിയും അവസരങ്ങള്‍ ധാരാളം ലഭിക്കുമെന്ന് ഉറപ്പിക്കുന്ന ചിത്രം കൂടിയാണ് ചട്ടമ്പി.

അഭിലാഷ് എസ്. കുമാര്‍ എന്ന സംവിധായകന്‍ ആദ്യ ചിത്രത്തില്‍ തന്നെ മികവ് തെളിയിച്ചു. എടുത്തു പറയേണ്ട മറ്റൊന്ന് തിരക്കഥാകൃത്തും ഛായാഗ്രാഹകാനുമായ അലക്‌സ് ജോസഫിനെ പറ്റിയാണ്. 90കളെ വിശ്വസനീയമായ രീതിയില്‍ നമ്മുടെ മുന്നില്‍ അവതരിപ്പിക്കാന്‍ എഴുത്തു കൊണ്ടും ക്യാമറ കൊണ്ടും അദ്ദേഹത്തിന് സാധിച്ചു.

സുബ്രഹ്‌മണ്യപുരം പോലെ ഒരു ചിത്രം ഇഷ്ടപ്പെടുന്ന ഒരാള്‍ ആണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും ചട്ടമ്പിയും നിങ്ങളുടെ ഇഷ്ട സിനിമയാകും. ഒരു പരുക്കന്‍ കഥയെ അതിന്റെ ഒഴുക്ക് നഷ്ടടപ്പെടാതെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നിടത്താണ് സിനിമയുടെ വിജയം.

Content Highlight: Malayalam cinema  Chattambi Movie write up