ക്യാമറയ്ക്ക് പിന്നിലല്ല, മുന്നിലാണ് നിന്റെ സ്ഥാനം എന്ന് ആ സൂപ്പർസ്റ്റാർ എന്നോട് പറഞ്ഞു: മാളവിക മോഹനൻ
Malayalam Cinema
ക്യാമറയ്ക്ക് പിന്നിലല്ല, മുന്നിലാണ് നിന്റെ സ്ഥാനം എന്ന് ആ സൂപ്പർസ്റ്റാർ എന്നോട് പറഞ്ഞു: മാളവിക മോഹനൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th August 2025, 9:07 am

ദുൽഖർ സൽമാൻ നായകനായ പട്ടം പോലെയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന താരമാണ് മാളവിക മോഹനൻ. വിഖ്യാത സംവിധായകൻ മാജിദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്സ് എന്ന ചിത്രത്തിന്റെ ഭാഗമാകാനും മാളവികക്ക് സാധിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചുരുങ്ങിയ കാലം കൊണ്ട് മാളവിക തന്റെ സാന്നിധ്യമറിയിച്ചു. ഇപ്പോൾ ബോളിവുഡിലെയും സൗത്ത് ഇന്ത്യയിലെയും തിരക്കുള്ള നായികയാണ് മാളവിക മോഹനൻ.

ഇപ്പോൾ പഠിക്കുന്ന കാലത്ത് ആമിർ ഖാനെ കണ്ട ഓർമകൾ പങ്കുവെക്കുകയാണ് മാളവിക മോഹനൻ. ക്യാമറക്ക് പിന്നിലല്ല മുന്നിലാണ് തന്റെ സ്ഥാനമെന്ന് ആദ്യമായി പറഞ്ഞത് ആമിർ ഖാൻ ആണെന്ന് മാളവിക പറയുന്നു. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

‘സിനിമയിലേക്കുള്ള എൻട്രിയെക്കുറിച്ച് പറയുമ്പോൾ ആമിർ ഖാനെയാണ് ആദ്യം ഓർക്കുന്നത്. ഞാൻ മാസ് കമ്മ്യൂണിക്കേഷന് പഠിക്കുന്ന സമയം. അച്ഛൻ ഛായാഗ്രാഹകനായ ‘തലാഷ്’ എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിങ് കാണാൻ ഞാനും പോയിരുന്നു. ആമിർ ഖാനാണ് സിനിമയിലെ നായകൻ എന്നതായിരുന്നു ഏറ്റവും വലിയ ത്രിൽ.

ലൊക്കേഷനിൽ ഒരു കാറിൽ ആമിർ ഖാൻ ഇരിക്കുന്നത് കണ്ടു. അദ്ദേഹത്തിന്റെ ഷോട്ട് കഴിഞ്ഞ നേരത്ത് അൽപനേരം സംസാരിക്കാൻ അവസരം കിട്ടി. കോളേജിൽ പഠിക്കുകയാണെന്ന് പറഞ്ഞപ്പോൾ ഏത് മേഖലയിലെത്തണമെന്നാണ് ആഗ്രഹമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ക്യാമറയ്ക്ക് പിന്നിൽ എന്ന് പറഞ്ഞയുടനെ അദ്ദേഹം തിരുത്തി, ‘ക്യാമറയ്ക്ക് പിന്നിലല്ല, മുന്നിലാണ് നിങ്ങളുടെ സ്ഥാനം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി,’ മാളവിക മോഹനൻ പറയുന്നു.

ആദ്യ ചിത്രമായ പട്ടം പോലെയുടെ ഓർമകളും മാളവിക പങ്കുവെച്ചു. ആ സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് താനും ദുൽഖർ സൽമാനും സുഹൃത്തുക്കളാകുന്നതെന്ന് മാളവിക മോഹനൻ പറഞ്ഞു. താനും ദുൽഖറും പല കാര്യത്തിനും സമാനതകളുള്ളവരാണെന്നും ആ സിനിമ ജീവിതത്തിലെ പ്രധാനപ്പെട്ട ഓർമകളിൽ ഒന്നാണെന്നും നടി കൂട്ടിച്ചേർത്തു.

Content Highlight: Malavika Mohanan Talks About Aamir Khan