ആനയെ കണ്ടാല്‍ പേടിച്ച് നില്‍ക്കാറില്ല, ആന പ്രാന്തുണ്ട്: മാളവിക ജയറാം
Entertainment news
ആനയെ കണ്ടാല്‍ പേടിച്ച് നില്‍ക്കാറില്ല, ആന പ്രാന്തുണ്ട്: മാളവിക ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd September 2022, 8:05 pm

താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകളായ മാളവിക ജയറാം സിനിമയില്‍ അഭിനയിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ അടുത്ത് വന്നിരുന്നു. പല പരസ്യചിത്രങ്ങളിലും ആല്‍ബങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. മാളവികയുടെ തമിഴ് ആല്‍ബം സോങ് ‘മായം സെയ്ത പൂവേ’ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

തന്റെ അച്ഛനെപ്പോലെ തനിക്കും ആന പ്രാന്തുണ്ടെന്ന് പറയുകയാണ് മാളവിക. ചെറിയകുട്ടികളെപോലെ ആനയെ കാണിക്കാന്‍ കൊണ്ട് പോകണമെന്ന് പറഞ്ഞ് വാശി പിടിക്കാറുണ്ടെന്നും ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ മാളവിക പറഞ്ഞു.

”വീട്ടിലെ എല്ലാവരെയും പോലെ എനിക്കും ആനയെ ഭയങ്കര ഇഷ്ടമാണ്. ആന പ്രാന്ത് എന്നൊക്കെ പറയാം. ചെറിയകുട്ടികളെപോലെ ആനയെ കാണിക്കാന്‍ കൊണ്ട് പോണം എന്ന് പറഞ്ഞ് വാശി പിടിക്കാറുണ്ട്. ആദ്യമായി ഞാന്‍ കണ്ട ആന ഞങ്ങളുടെ ആന തന്നെയായിരുന്നു.

ആനയെ കാണുമ്പോള്‍ ഞാന്‍ പേടിച്ച് നില്‍ക്കാറില്ല. പോയി തൊട്ടോ എന്ന് അച്ഛന്‍ പറയും. അങ്ങനെ ധൈര്യമായി. ആനയെ കാണുമ്പോള്‍ പേടിയാകുമോ എന്ന് ഒന്നും ഞാന്‍ ചിന്തിക്കാറില്ല.

ഇത്രയും നേരം ഞാന്‍ വലിയൊരു മൃഗത്തിന്റെ അടുത്താണ് നിന്നതെന്ന് തൊട്ട് കഴിഞ്ഞാണ് ചിന്തിക്കുക. എന്റെ വീട്ടിലെ ആനയുടെ പേര് കണ്ണന്‍ എന്നാണ്,’ മാളവിക പറഞ്ഞു.

ആനയോട് മാത്രമല്ല തനിക്ക് എല്ലാത്തിനോടും താല്‍പര്യമാണെന്നും മാളവിക കൂട്ടിച്ചേര്‍ത്തു.

”വീട്ടില്‍ കിളികളും രണ്ട് പട്ടികളും ഉണ്ട്. ഇടയ്ക്ക് ഒരു പൂച്ചയുണ്ടായിരുന്നു. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പൂച്ചയായിരുന്നു. പൂച്ച പറ്റില്ല , അത് പെറ്റുപെരുകുമെന്ന് പറഞ്ഞ് അതിനെ ഒരു ദിവസം അച്ഛന്‍ കൊണ്ട് പോയി കളഞ്ഞു,” മാളവിക പറഞ്ഞു.

അതേസമയം അനൂപ് സത്യന്‍-ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ പുറത്തുവന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച റോള്‍ ചെയ്യാന്‍ അനൂപ് ആദ്യം സമീപിച്ചത് മാളവികയെ ആയിരുന്നുവെന്ന് ജയറാം പറഞ്ഞിരുന്നു.

Content Highlight: Malavika Jayaram talks about her love for elephants