പ്രളയ ദുരിതാശ്വാസം; ഫെഡറല്‍ ബാങ്കിന്റെ വീട് നിര്‍മാണ പദ്ധതി എം.എല്‍.എ തടസപെടുത്തിയെന്ന് കളക്ടര്‍; കവളപ്പാറയില്‍ ആണ് ആദ്യം വീടുകള്‍ വേണ്ടതെന്ന് എം.എല്‍.എ
Kerala Flood
പ്രളയ ദുരിതാശ്വാസം; ഫെഡറല്‍ ബാങ്കിന്റെ വീട് നിര്‍മാണ പദ്ധതി എം.എല്‍.എ തടസപെടുത്തിയെന്ന് കളക്ടര്‍; കവളപ്പാറയില്‍ ആണ് ആദ്യം വീടുകള്‍ വേണ്ടതെന്ന് എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th January 2020, 2:29 pm

നിലമ്പൂര്‍: 2019ലെ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട നിലമ്പൂര്‍ താലൂക്കിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കാനുള്ള ഫെഡറല്‍ ബാങ്കിന്റെ പദ്ധതിയെ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ തടഞ്ഞതായി മലപ്പുറം ജില്ലാ കളക്ടര്‍. പി,വി അന്‍വര്‍ എം.എല്‍.എക്കെതിരെ ഗുരുതര ആരോപണങ്ങളാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ മലപ്പുറം ജില്ലാ കളക്ടര്‍ ഉന്നയിക്കുന്നത്.

വെള്ളപ്പൊക്കത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട 34 ആദിവാസി കുടുംബങ്ങള്‍ക്ക് ഫെഡറല്‍ ബാങ്കിന്റെ സി.എസ്.ആര്‍ പദ്ധതി പ്രകാരം വീടുകള്‍ വെച്ച് നല്‍കാനാണ് തീരുമാനമുണ്ടായിരുന്നത്. ഫെഡറല്‍ ബാങ്കിന്റെ പദ്ധതിയെ അന്‍വര്‍ എം.എല്‍.എ തടഞ്ഞുവെന്ന ആരോപണമാണുയരുന്നത്. കൂടാതെ എം.എല്‍.എ ജില്ലാ ഭരണകൂടത്തിനെതിരെയും തനിക്കെതിരെയും പരസ്യമായി ഗുരുതരമായി ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും കളക്ടര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ കവളപ്പാറയില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കാണ് ആദ്യം വീട് വേണ്ടതെന്നും ആ നിര്‍മാണം നടക്കാത്തതിനാലാണ് നിലമ്പൂര്‍ താലൂക്കിലെ നിര്‍മാണത്തെ എതിര്‍ക്കുന്നതെന്നും എം.എല്‍.എ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

എം.എല്‍.എയുടെ ആരോപണങ്ങളോടുള്ള പ്രതികരണമായാണ് കളക്ടര്‍ ജാഫര്‍ മാലിക്ക് വിഷയങ്ങള്‍ ഉന്നയിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ പൂര്‍ണ്ണമായും വീടും സ്ഥലവും നഷ്ടപ്പെട്ട ചളിക്കല്‍ കോളനിയിലെ 34 ആദിവാസി കുടുംബങ്ങളെ സമയബന്ധിതമായി പുനരധിവസിപ്പിക്കുന്നതിന് വിഭാവനം ചെയ്ത ഒരു ടൗണ്‍ഷിപ്പ് മാതൃക പദ്ധതിയാണ് എം.എല്‍.എ തടഞ്ഞതെന്ന് കളക്ടര്‍ ആരോപിക്കുന്നു.

ഫെബ്രുവരി 28ന് പൂര്‍ത്തിയാവേണ്ട പദ്ധതിയായിരുന്നു ഫെഡറല്‍ ബാങ്കിന്റേത്. ആദിവാസി സഹോദരങ്ങള്‍ക്ക് പാര്‍പ്പിടമേകുന്ന മാതൃകാപരമായ ഒരു പദ്ധതി നിര്‍ത്തുന്നതിന് ഒരു ജനപ്രതിനിധി മുന്നിട്ടിറങ്ങുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും കളക്ടര്‍ പറയുന്നു.

‘നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനും സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുന്നതിനും ഫെഡറല്‍ ബാങ്കിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭവന നിര്‍മാണം തടയുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.

ഒരു ഏജന്‍സിയുടെ സി.എസ്.ആര്‍ സഹായത്തോടെയുള്ള ഇത്തരം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടുന്നതിന് മലപ്പുറത്തിന് ഭാവിയില്‍ ഇത്തരം സഹായങ്ങള്‍ ലഭിക്കാതിരിക്കാന്‍ കാരണമാകുമെന്നതിനാല്‍ ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നത് ഒരു തരത്തിലും എനിക്ക് അനുകൂലിക്കാനോ അനുവദിക്കാനോ കഴിയില്ല’, കളക്ടര്‍ പറയുന്നു.

കവളപ്പാറ പ്രളയദുരിത ബാധിതര്‍ക്ക് നല്‍കേണ്ടതായിരുന്നു പദ്ധതിപ്രകാരമുള്ള വീടുകള്‍ എന്ന കാരണമുന്നയിച്ചാണ് എം.എല്‍.എ പദ്ധതി തടയുന്നതെന്നാണ് കളക്ടര്‍ ചൂണ്ടിക്കാട്ടുന്നത്. ജില്ലാ ഭരണകൂടം കവളപ്പാറ പ്രളയദുരിത ബാധിതര്‍ക്ക് വീടുകള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അവരുടെ പരമ്പരാഗത ആവശ്യങ്ങള്‍ കാരണം പോത്തുകല്‍ പഞ്ചായത്ത് പ്രദേശത്തിന് പുറത്ത് പോകാന്‍ ആളുകള്‍ വിസമ്മതിക്കുകയായിരുന്നു. അതിനാല്‍ മറ്റൊരു പ്രളയദുരിത ബാധിത കോളനിയായ ചളിക്കല്‍ കോളനിയെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും കളക്ടര്‍ പറയുന്നു.

എം.എല്‍.എ പദ്ധതി തടസപ്പെടുത്താനുള്ള മറ്റൊരു കാരണമായി കളക്ടര്‍ പറയുന്നത് ഭൂമി വാങ്ങുന്നതിന് മുമ്പ് എം.എല്‍.എയെ സമീപിച്ചില്ല എന്നതാണ്. ‘ഇത്തരം സാഹചര്യങ്ങളില്‍ ഭൂമി വാങ്ങുന്നതിന് പര്‍ച്ചേസ് കമ്മിറ്റിയും നടപടി ക്രമങ്ങളും പിന്തുടര്‍ന്നാല്‍ മതി. ഈ പര്‍ച്ചേസ് കമ്മിറ്റിയിലോ നടപടി ക്രമങ്ങളിലോ എം.എല്‍.എയ്ക്ക് നിയമപ്രകാരം പങ്കുള്ളതല്ല. അത്തരമൊരു കാര്യത്തില്‍ എം.എല്‍.എയെ സമീപിക്കേണ്ടത് എന്തിനാണ്? കളക്ടര്‍ ചോദിക്കുന്നു.

എം.എല്‍.എയുടെ വ്യക്തിപരമായ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതവും മറുപടി ആവശ്യമില്ലാത്തരുമാണെന്ന് കളക്ടര്‍ പറയുന്നു. തന്നെ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റ് എന്ന് വിളിക്കുന്നവര്‍ തിരിച്ചറിയേണ്ട ഒരു വസ്തുതയുണ്ടെന്നും തന്നെ നിയമിച്ചിട്ടുള്ളത് മന്ത്രിസഭയാണെന്നും കളക്ടര്‍ പറയുന്നു. ക്യാബിനെറ്റ് തന്നോട് സ്ഥാനമൊഴിയാന്‍ പറഞ്ഞാല്‍ താന്‍ അനുസരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

താന്‍ പൊതു പണത്തിന്റെ സംരക്ഷകനായതുകൊണ്ടും തനിക്ക് പൊതുജനങ്ങളോട് ചില ഉത്തരവാദിത്വങ്ങള്‍ ഉള്ളതുകൊണ്ടും തെറ്റായ നിര്‍ദ്ദേശങ്ങളില്‍ സഹകരിക്കാനാവില്ലെന്നും കളക്ടര്‍ പറയുന്നു. പ്രളയ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനുമാകില്ലെന്നും എം.എല്‍.എ തനിക്കെതിരെ പരാതിപ്പെടുന്നതില്‍ യാതൊരുവിധ വ്യാകുലതയുമില്ലെന്നും അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ക്കുന്നു.

അതേ സമയം കളക്ടര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞ കാര്യങ്ങള്‍ കള്ളമാണെന്നാണ് പി.വി അന്‍വര്‍ എം.എല്‍.എ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. കവളപ്പാറയിലെ വീടും സ്ഥലവും നഷ്ടപ്പെട്ട ആളുകള്‍ക്ക് വീട് നല്‍കാത്തതാണ് പ്രശ്‌നമെന്ന് പി.വി അന്‍വര്‍ പറഞ്ഞു. പോത്തുകല്‍ പ്രദേശം വിട്ട് പോവാന്‍ അവിടുള്ള ആളുകള്‍ തയ്യാറല്ലെന്ന് മലപ്പുറം കളക്ടര്‍ പറഞ്ഞത് കളളമാണെന്നും എം.എല്‍.എ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘കവളപ്പാറയിലെ ഉരുള്‍പ്പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ട്,മാസങ്ങളായി ഒരു ചെറിയ ഓഡിറ്റോറിയത്തില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന 28 ട്രൈബല്‍ കുടുംബങ്ങളുണ്ട് പോത്തുകല്ലില്‍.പ്രഥമ പരിഗണന അവര്‍ക്ക് വേണം.അവര്‍ക്ക് വീടുകള്‍ കൊടുത്ത ശേഷം മറ്റുള്ളതൊക്കെ ആയിക്കോട്ടേ.ആദ്യം വീടില്ലാത്തവര്‍ക്ക് വീട് വേണം.എന്റെ നിലപാടില്‍ നിന്നും ഒരിഞ്ച് പോലും പിന്നോട്ടില്ല.
കവളപ്പാറക്കാര്‍ക്കൊപ്പം തന്നെയാണ്.
ചെമ്പന്‍കൊല്ലിയിലെ ഭൂമി സംബന്ധിച്ച് ഒരറിയിപ്പും കവളപ്പാറയില്‍ ഇന്നും ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ലഭിച്ചിട്ടില്ല’, എം.എല്‍.എ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാഷ്ട്രീയ എതിരാളികളെ കൊണ്ട് എന്നെ തെറിപറയിക്കാന്‍ ഇട്ട പോസ്റ്റ് നന്നായി ഓടിക്കോട്ടേയെന്നും അതേ നാണയത്തില്‍ മറുപടി പറയാന്‍ അറിയാം, അത് പറയുകയും ചെയ്യുമെന്നും എം.എല്‍.എ പറയുന്നു.