ടിക് ടോക്കിനെ വെല്ലാന്‍ ലാസ്സോയുമായി ഫെയ്‌സ്ബുക്ക്
Tech
ടിക് ടോക്കിനെ വെല്ലാന്‍ ലാസ്സോയുമായി ഫെയ്‌സ്ബുക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th November 2018, 11:34 am

ടിക് ടോക്ക് ആപ്ലിക്കേഷന് സമാനമായ ഫീച്ചറുകളുമായി ലാസ്സോ രംഗത്ത്. ലഘുവീഡിയോകള്‍ പങ്കുവെക്കുന്ന “ലാസ്സോ” (Lasso) എന്ന പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത് ഫെയ്സ്ബുക്കാണ്.

ജനപ്രിയമായിരുന്ന മ്യൂസിക്കലി എന്ന ആപ്പ് പേരുമാറ്റി എത്തിയതായിരുന്നു ടിക് ടോക്. ടിക് ടോക്കിന് എതിരാളിയായി ലാസ്സോ വരുന്നതായുള്ള വാര്‍ത്തകള്‍ ഫെയ്‌സ്ബുക്ക് കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു.

നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ലാസ്സോ ലഭിക്കുക. മറ്റ് രാജ്യങ്ങളില്‍ ലഭ്യമാക്കുന്നതിനെക്കുറിട്ടുള്ള വിവരങ്ങളൊന്നും ഫെയ്‌സ് ബുക്ക് പുറത്തുവിട്ടിട്ടില്ല. ആന്‍ഡ്രോയിഡ് ഐ.ഓ.എസ് പ്ലാറ്റ് ഫോമുകളില്‍ ആപ്പ് ലഭ്യമാണ്.

ALSO READ: അലോക് വര്‍മക്കെതിരെ തെളിവില്ല; കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും

 

ലാസ്സോ വീഡിയോകള്‍ ഉപയോക്താക്കള്‍ക്ക് ഫെയ്സ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്യാം. അധികം വൈകാതെ വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാനുള്ള സൗകര്യവും ഒരുക്കുമെന്ന് ഫെയ്‌സ് ബുക്ക് അറിയിച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ വഴി ലാസ്സോയില്‍ ലോഗിന്‍ ചെയ്യാം. നിലവില്‍ ലാസ്സോ പ്രൊഫൈലുകള്‍ സ്വകാര്യമാക്കിവെക്കാന്‍ സാധിക്കില്ല.

വീഡിയോ ക്രിയേറ്റര്‍മാരെ ഫോളോ ചെയ്യാനുള്ള സംവിധാനവും ലാസ്സോയിലുണ്ട്. ജനപ്രിയ ട്രെന്‍ഡുകളും ഹാഷ് ടാഗുകളും തിരയാനും സൗകര്യമുണ്ട്.

ടിക് ടോക് ആപ്ലിക്കേഷന് ലഭിച്ച പിന്തുണ കണ്ടിട്ടാണ് ലാസ്സോ അവതരിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ഫെയ്സ്ബുക്കില്‍ നിന്നും അകന്നു പോയിക്കൊണ്ടിരിക്കുന്ന കൗമാരക്കാരെ പിടിച്ചു നിര്‍ത്തുന്നതിനും പുതിയ ആളുകളെ ആകര്‍ഷിക്കുന്നതിനുമാണ് ഇത് ആരംഭിച്ചതെന്നും ഫെയ്‌സ്ബുക്ക് പറയുന്നു.