വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരം പറ്റുമെങ്കില്‍ ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍; 'നാല്‍പത് ആളുകളില്‍ കൂടുതല്‍ ജുമുഅയില്‍ ഒത്തുകൂടാതിരിക്കാന്‍ ജുമുഅ നടത്തിയേ തീരൂ എന്ന് നിര്‍ബന്ധമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം'
Kerala News
വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരം പറ്റുമെങ്കില്‍ ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍; 'നാല്‍പത് ആളുകളില്‍ കൂടുതല്‍ ജുമുഅയില്‍ ഒത്തുകൂടാതിരിക്കാന്‍ ജുമുഅ നടത്തിയേ തീരൂ എന്ന് നിര്‍ബന്ധമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th March 2020, 11:27 pm

മലപ്പുറം: ദിവസം അഞ്ചു നേരമുള്ള ഇമാമിനെ പിന്തുടര്‍ന്നുള്ള ഒരുമിച്ചുള്ള നമസ്‌കാരം ഒരറിയിപ്പുണ്ടാകുന്നത് വരെ എല്ലാ പള്ളികളിലും ഒഴിവാക്കാന്‍ ശ്രദ്ധിച്ചാല്‍ നന്നായിരുന്നുവെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.
വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരം പറ്റുമെങ്കില്‍ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പല പള്ളികളിലും സ്വമേധയാ തന്നെ അത്തരമൊരു തീരുമാനം എടുത്തിട്ടുണ്ട് എന്ന് അറിയുന്നതില്‍ സന്തോഷമുണ്ട്. ഒരു കാരണവശാലും നാല്‍പത് ആളുകളില്‍ കൂടുതല്‍ ജുമുഅയില്‍ ഒത്തുകൂടാതിരിക്കാന്‍ ജുമുഅ നടത്തിയേ തീരൂ എന്ന് നിര്‍ബന്ധമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പള്ളികളിലെ ഹൗളുകള്‍ (എല്ലാവരും അംഗശുദ്ധി വരുത്തുന്ന ഓപ്പണ്‍ ടാങ്ക്) ഒരു കാരണവശാലും രണ്ടു മാസത്തേക്ക് ഉപയോഗിക്കാതിരിക്കാന്‍ ജാഗ്രത കാണിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ നിന്നോ മറ്റിതര സ്ഥലങ്ങളില്‍ നിന്നോ നാട്ടില്‍ തിരിച്ചെത്തിയിട്ടുള്ളവരും പ്രായമായവരും കുട്ടികളും പനി, ചുമ, ജലദോശം, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങളുള്ളവരും ഹൃദ്രോഗികള്‍, കിഡ്‌നി രോഗികള്‍, ആസ്മ തുടങ്ങിയ രോഗമുള്ളവരും പുറത്തിറങ്ങി ജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതും ആരാധനാലയങ്ങളില്‍ എത്തുന്നതും നിര്‍ബന്ധമായും ഒഴിവാക്കുക. നിങ്ങളുടെ ഓരോരുത്തരുടേയും ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി മാത്രമാണ് ഈ നിര്‍ദ്ദേശങ്ങള്‍. ആരെയും പ്രയാസപ്പെടുത്താനോ ബുദ്ധിമുട്ടിക്കാനോ അല്ല. ഒരു മഹാമാരിയെ തടുത്ത് നിര്‍ത്തി ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അതിനോട് എല്ലാവരും സഹകരിക്കുക. ജാഗരൂകരാവുക, കൊറോണയെ പ്രതിരോധിക്കുകയെന്നും കളക്ടര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ