നിര്‍ഭയ കേസ്; പ്രതികളുടെ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി
national news
നിര്‍ഭയ കേസ്; പ്രതികളുടെ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th March 2020, 11:10 pm

ന്യൂദല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ ഹര്‍ജി ദല്‍ഹി ഹൈക്കോടതി വീണ്ടും തള്ളി. വാദം കേള്‍ക്കലിനിടെ പ്രതികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. അടിസ്ഥാനമില്ലാത്ത വാദങ്ങളുമായാണ് ഹരജിക്കാര്‍ എത്തിയതെന്നും ദല്‍ഹി ഹൈക്കോടതി പറഞ്ഞു.

വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് നിര്‍ഭയാ കേസിലെ പ്രതികള്‍ നല്‍കിയ ഹരജിയിലാണ്  ദല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചത്.

നിര്‍ഭയാകേസില്‍ സുപ്രീംകോടതിയുടെ വിധി അന്തിമാണെന്നും ഇതില്‍ ഇനി പുനഃപരിശോധനയുടെ ആവശ്യമില്ലെന്നും ദല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കലിനിടെ പറഞ്ഞു. നാലോ അഞ്ചോ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ കോടതിയുടെ സമയം പാഴാക്കുന്നതെന്തിനാണെന്നും കോടതി ചോദിച്ചു.

നേരത്തെ വിചാരണ കോടതി പ്രതികളുടെ ഹരജി തള്ളിയിരുന്നു. വിവിധ കോടതികളില്‍ പ്രതികള്‍ ഹരജികള്‍ നല്‍കിയിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഹരജികള്‍ നല്‍കിയത് പരിഗണിക്കാനിരിക്കെ വധശിക്ഷ നടപ്പാക്കുന്നത് ശരിയായ നിയമനടപടിയല്ല എന്ന് ചൂണ്ടിക്കാണിച്ച് പട്യാല ഹൗസ് കോടതിയില്‍ പ്രതികള്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഇതും തള്ളുകയായരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഇന്ന് വൈകീട്ട് ഒന്‍പത് മണിയോട് കൂടി പ്രതികള്‍ ദല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

ജസ്റ്റിസ് മന്‍മോഹന്‍, സഞ്ജീവ് നെരുല എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. നിര്‍ഭയാ കേസിലെ പ്രതികളെ നാളെ പുലര്‍ച്ചെ 5.30ന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് പ്രതികള്‍ ഹരജി നല്‍കിയത്.

പ്രതികളായ മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവരെയാണ് അടുത്ത ദിവസം വധശിക്ഷ നടപ്പാക്കുന്നത്.