ഇതാണോ ലൗ ബൈറ്റ് എന്ന് പറഞ്ഞ് ആ തമിഴ് നടന്‍ തന്നെ നായികക്ക് മേക്കപ്പ് ചെയ്തുകൊടുത്തു: മാല പാര്‍വതി
Entertainment
ഇതാണോ ലൗ ബൈറ്റ് എന്ന് പറഞ്ഞ് ആ തമിഴ് നടന്‍ തന്നെ നായികക്ക് മേക്കപ്പ് ചെയ്തുകൊടുത്തു: മാല പാര്‍വതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd April 2025, 4:26 pm

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ഏറെ ശ്രദ്ധേയയായ നടിയാണ് മാല പാര്‍വതി. ചെറിയ റോളുകളിലൂടെ കരിയര്‍ ആരംഭിച്ച നടി മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ആമിര്‍ ഖാന്‍ നിര്‍മിച്ച സലാം വെങ്കി എന്ന ചിത്രത്തിലൂടെയാണ് മാല പാര്‍വതി ബോളിവുഡില്‍ അരങ്ങേറിയത്.

കൈരളി ഉള്‍പ്പെടെയുള്ള ചാനലുകളില്‍ മോണിങ് ഷോ അവതാരകയായും നടി പ്രവര്‍ത്തിച്ചിരുന്നു. ഒപ്പം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ബാവൂട്ടിയുടെ നാമത്തില്‍, ഭീഷ്മ പര്‍വം, ഇഷ്‌ക്, കൂടെ തുടങ്ങിയ സിനിമകളിലും മാസ്റ്റര്‍പീസ് എന്ന വെബ് സീരീസ് ഉള്‍പ്പെടെയുള്ളവയിലും മാല പാര്‍വതി അഭിനയിച്ചിട്ടുണ്ട്.

തമിഴില്‍ ചിയാന്‍ വിക്രം നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ വീര ധീര സൂരനിലും നടി ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ദുഷാര വിജയന്‍,സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഇപ്പോള്‍ നടന്‍ വിക്രമിനെ കുറിച്ച് സംസാരിക്കുകയാണ് മാല പാര്‍വതി.

ചിയാന്‍ വിക്രം ഒരു വലിയ കലാകാരനാണെന്നും അദ്ദേഹത്തിന് മേക്കപ്പുകളെ കുറിച്ചും മറ്റും പലകാര്യങ്ങളിലും നല്ല അറിവാണെന്നും മാല പാര്‍വതി പറയുന്നു. വീര ധീര സൂരന്റെ സെറ്റില്‍ വെച്ച് ദുഷാരക്ക് ഒരു ലൗ ബൈറ്റ് വേണമെന്ന് പറഞ്ഞ് അദ്ദേഹം തന്നെ മേക്കപ്പ് ചെയ്തുകൊടുത്തിട്ടുണ്ടെന്നും മാല പാര്‍വതി പറയുന്നു. കൈരളി ടി.വിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാല പാര്‍വതി.

 

‘സെറ്റില്‍ വെച്ച് ദുഷാരയുടെ കല്യാണത്തിന്റെ സമയത്ത് ദുഷാരക്കൊരു ലൗ ബൈറ്റ് ഇട്ട് കൊടുക്കാമെന്ന് അരുണ്‍ സാറ് (സംവിധായകന്‍) പറഞ്ഞു. പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഇതേ സമയം തന്നെ വിക്രം സാര്‍ വന്നിട്ട് ‘അരുണ്‍ ഐ വാസ് തിങ്ങ്കിങ് ഷി ക്യാന്‍ ഹാവ് എ ലൗ ബൈറ്റ്’ എന്ന് പറഞ്ഞു. അത് കേട്ടതും അരുണ്‍ സാര്‍ ഞാന്‍ അത് ഇപ്പോള്‍ പറഞ്ഞിട്ടുള്ളൂവെന്ന് പറഞ്ഞു. വിക്രം സാറും അരുണ്‍ സാറും തമ്മില്‍ നല്ല സിങ്കാണ്.

പിന്നെ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് വന്നിട്ട് അവര്‍ക്ക് ലൗ ബൈറ്റ് ഇട്ട് കൊടുത്തു. അപ്പോള്‍ വിക്രം സാര്‍ ഇതാണോ ലൗ ബൈറ്റ് എന്ന് പറഞ്ഞ് അദ്ദേഹം തന്നെ മേക്കപ്പ് ചെയ്തുകൊടുത്തു. വിക്രം സാര്‍ ഒരു വലിയ കലാകാരനാണ്. സാറ് തന്നെ വേണമെങ്കില്‍ പല മേക്കപ്പുകളും ചെയ്യും. അത്രക്ക് അറിവ് ഉണ്ട് അദ്ദേഹത്തിന്,’ മാല പാര്‍വതി പറയുന്നു.

Content Highlight:  Mala Parvathy talks about Chiyan vikram