സ്വാഗ് എന്ന വാക്ക് അന്ന് ഉണ്ടായിരുന്നെങ്കില്‍ ആ മമ്മൂട്ടി ചിത്രത്തിന് നന്നായി ചേരുമായിരുന്നു, ഇതാണ് സിനിമ എന്ന് തോന്നിയ മൊമന്റായിരുന്നു അത്: മാല പാര്‍വതി
Entertainment
സ്വാഗ് എന്ന വാക്ക് അന്ന് ഉണ്ടായിരുന്നെങ്കില്‍ ആ മമ്മൂട്ടി ചിത്രത്തിന് നന്നായി ചേരുമായിരുന്നു, ഇതാണ് സിനിമ എന്ന് തോന്നിയ മൊമന്റായിരുന്നു അത്: മാല പാര്‍വതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd May 2025, 9:50 pm

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ഏറെ ശ്രദ്ധേയയായ നടിയാണ് മാല പാര്‍വതി. ചെറിയ റോളുകളിലൂടെ കരിയര്‍ ആരംഭിച്ച നടി മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ആമിര്‍ ഖാന്‍ നിര്‍മിച്ച സലാം വെങ്കി എന്ന ചിത്രത്തിലൂടെയാണ് മാല പാര്‍വതി ബോളിവുഡില്‍ അരങ്ങേറിയത്.

സിനിമയില്‍ സജീവമാകുന്നതിന് മുമ്പ് പല ചിത്രങ്ങളും ആദ്യദിനം കാണുന്ന സ്വഭാവമുണ്ടായിരുന്നെന്ന് പറയുകയാണ് മാല പാര്‍വതി. ആ സമയത്താണ് മമ്മൂട്ടിയുടെ ബിഗ് ബി എന്ന സിനിമ റിലീസായതെന്ന് മാല പാര്‍വതി പറഞ്ഞു. ആ സിനിമ കണ്ടിറങ്ങിയപ്പോള്‍ വല്ലാത്തൊരു അവസ്ഥയായിരുന്നെന്നും പുതിയൊരു അനുഭവമായിരുന്നെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.

പുതിയൊരു കാറ്റ് വീശുകയാണെന്ന് തോന്നിയെന്നും അത് സത്യമാണെന്ന് പിന്നീട് മനസിലായെന്നും മാല പാര്‍വതി പറഞ്ഞു. സ്വാഗ് എന്ന വാക്ക് അന്ന് ഉപയോഗത്തില്‍ ഇല്ലായിരുന്നെന്നും മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് കണ്ട് അന്തംവിട്ട് ഇരുന്നെന്നും മാല പാര്‍വതി പറയുന്നു. വളരെ വ്യത്യസ്തമായ ഒരു സിനിമയായിരുന്നു ബിഗ് ബിയെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.

അക്കാലത്ത് സിനിമകള്‍ക്ക് റിവ്യൂ ചെയ്യുന്ന സ്വഭാവമുണ്ടായിരുന്നെന്നും ബിഗ് ബിയുടെ റിവ്യൂ ചെയ്തിരുന്നെന്നും മാല പാര്‍വതി പറഞ്ഞു. മനോരമ ആഴ്ചപതിപ്പില്‍ വന്ന ആ റിവ്യൂ അമല്‍ നീരദ് വായിച്ചിട്ടുണ്ടായിരുന്നെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു. താന്‍ രണ്ട് വട്ടം തിയേറ്ററില്‍ പോയി കണ്ട സിനിമയായിരുന്നു ബിഗ് ബിയെന്നും മാല പാര്‍വതി പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു മാല പാര്‍വതി.

‘ബിഗ് ബി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയായിരുന്നു. അത് കണ്ടിറങ്ങിയപ്പോള്‍ വല്ലാത്തൊരു എക്‌സ്പീരിയന്‍സായിരുന്നു. എന്താ പറയുക, പുതിയൊരു കാറ്റ് വീശാന്‍ പോകുന്നു എന്നൊരു തോന്നലായിരുന്നു. അതുവരെ കണ്ട് ശീലിച്ച സിനിമകള്‍ പോലെയായിരുന്നില്ല. മമ്മൂക്കയെ അതുവരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായി ആ സിനിമയില്‍ കാണാന്‍ സാധിച്ചു.

സ്വാഗ് എന്ന വാക്ക് അന്നുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ മമ്മൂക്കക്ക് നന്നായി ചേരുമായിരുന്നു. പടം കണ്ടിറങ്ങിയപ്പോള്‍ ഇതാണ് സിനിമ എന്ന് തോന്നിയ മൊമന്റായിരുന്നു. ആ സിനിമയുടെ റിവ്യൂ ഞാന്‍ എഴുതിയിട്ടുണ്ടായിരുന്നു. മനോരമ ആഴ്ചപതിപ്പില്‍ വന്ന റിവ്യൂ അമല്‍ നീരദ് വായിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു,’ മാല പാര്‍വതി പറയുന്നു.

Content Highlight: Mala Parvathi shares the the theatre experience of Big B movie