ബാലയ്യയുടെ സിനിമ മൊത്തമായി റീമേക്ക് ചെയ്തതല്ല ജന നായകന്‍, നാലരക്കോടിക്ക് റൈറ്റ്‌സ് വാങ്ങിയ സീനുകള്‍ ഇതൊക്കെയാണ്
Entertainment
ബാലയ്യയുടെ സിനിമ മൊത്തമായി റീമേക്ക് ചെയ്തതല്ല ജന നായകന്‍, നാലരക്കോടിക്ക് റൈറ്റ്‌സ് വാങ്ങിയ സീനുകള്‍ ഇതൊക്കെയാണ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th May 2025, 4:48 pm

തമിഴകത്തിന്റെ ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ജന നായകന്‍. പൂര്‍ണമായും രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് മുമ്പ് തിയേറ്ററുകളിലെത്തുന്ന ഒടുവിലത്തെ വിജയ് ചിത്രമാണ് ജന നായകന്‍. തങ്ങളുടെ ഇഷ്ടനടന്റെ ഫെയര്‍വെല്‍ ചിത്രം വലിയ ആഘോഷമാക്കി മാറ്റാനാണ് ആരാധകര്‍ ഒരുങ്ങുന്നത്.

ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന വാദമാണ് ജന നായകന്‍ റീമേക്ക് ചിത്രമാണെന്നുള്ളത്. തെലുങ്കിലെ മെഗാ മാസ് താരമായ നന്ദമൂരി ബാലകൃഷ്ണ അഥവാ ആരാധകരുടെ സ്വന്തം ബാലയ്യയുടെ ഹിറ്റ് റീമേക്കായ ഭഗവന്ത് കേസരിയുടെ റീമേക്കാണ് ജന നായകനെന്നായിരുന്നു പല പേജുകളിലും വന്ന അഭ്യൂഹങ്ങള്‍.

 

ഇപ്പോഴിതാ ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വന്നിരിക്കുകയാണ്. ഭഗവന്ത് കേസരിയുടെ കംപ്ലീറ്റ് റീമേക്കല്ലെന്നും ചിത്രത്തിലെ ചില പ്രധാന ഭാഗങ്ങള്‍ മാത്രമേ ജന നായകനില്‍ ഉള്ളൂവെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭഗവന്ത് കേസരിയില്‍ ‘ഗുഡ് ടച്ചിനെക്കുറിച്ചും ബാഡ് ടച്ചിനെക്കുറിച്ചും’ ബാലകൃഷ്ണ നടത്തുന്ന പ്രസംഗവും അതിനെത്തുടര്‍ന്നുള്ള ഭാഗങ്ങളും ജന നായകനില്‍ റീമേക്ക് ചെയ്യുന്നുണ്ട്.

അതോടൊപ്പം ഭഗവന്ത് കേസരിയിലെ മറ്റ് ചില ഭാഗങ്ങളും ജന നായകനില്‍ കടമെടുത്തിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇത്രയും രംഗങ്ങളുടെ റീമേക്ക് റൈറ്റ്‌സായി നാലരക്കോടിയാണ് ഭഗവന്ത് കേസരിയുടെ അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. ഈ തുക ജന നായകന്റെ നിര്‍മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍ നല്‍കുകയും ചെയ്തു.

എക്‌സ് പൊലീസ് ഓഫീസറുടെ വേഷത്തിലാണ് വിജയ് ജന നായകനില്‍ പ്രത്യക്ഷപ്പെടുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. എച്ച്. വിനോദാണ് ജന നായകന്റെ സംവിധായകന്‍. മെര്‍സല്‍ സിനിമയുടെ വിജയത്തിന് ശേഷം ഈ സ്‌ക്രിപ്റ്റുമായി വിനോദ് വിജയ്‌യെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് വിജയ് ഈ പ്രൊജക്ട് മാറ്റിവെക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനെ വെച്ച് ഈ പ്രൊജക്ട് അനൗണ്‍സ് ചെയ്‌തെങ്കിലും പിന്നീട് അതില്‍ അപ്‌ഡേറ്റുകളൊന്നും വന്നിരുന്നില്ല.

ഒടുവില്‍ വിജയ്‌യുടെ ഫെയര്‍വെല്‍ ചിത്രമായി അതേ സ്‌ക്രിപ്റ്റ് മാറുകയായിരുന്നു. പൂജ ഹെഗ്‌ഡേ നായികയായെത്തുന്ന ജന നായകനില്‍ മലയാള താരം മമിത ബൈജുവും പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. ബോളിവുഡ് താരം ബോബി ഡിയോളാണ് ചിത്രത്തിലെ വില്ലന്‍. പ്രകാശ് രാജ്, നരേന്‍, പ്രിയാമണി, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങിയവരാണ് ജന നായകനിലെ മറ്റ് താരങ്ങള്‍. 2026 പൊങ്കല്‍ റിലീസായി ജന നായകന്‍ തിയേറ്ററുകളിലെത്തും.

Content Highlight: Makers of Jana Nayagan officially announced that they brought the remake rights of some scenes from Bhagavanth Kesari movie