അന്ന് ആ പൃഥ്വിരാജ് ചിത്രത്തോടെ ഭാഷ ഒരു പ്രശ്നമല്ലെന്നും ഇമോഷനിലാണ് കാര്യമെന്നും മനസിലായി: മേജര്‍ രവി
Entertainment
അന്ന് ആ പൃഥ്വിരാജ് ചിത്രത്തോടെ ഭാഷ ഒരു പ്രശ്നമല്ലെന്നും ഇമോഷനിലാണ് കാര്യമെന്നും മനസിലായി: മേജര്‍ രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 13th March 2025, 3:23 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ചിത്രമാണ് അനാര്‍ക്കലി. കൊച്ചിയിലും ലക്ഷദ്വീപിലുമായി ഷൂട്ടിങ് നടന്ന ചിത്രമായിരുന്നു ഇത്. തിരക്കഥാകൃത്തായ സച്ചി ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടെയാണ് അനാര്‍ക്കലി. 2015ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നായകനായി എത്തിയത് പൃഥ്വിരാജ് സുകുമാരനായിരുന്നു.

രാജീവ് നായര്‍ നിര്‍മിച്ച ചിത്രത്തില്‍ ബിജു മേനോന്‍, കബീര്‍ ബേദി, പ്രിയാല്‍ ഗോര്‍, മിയ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തില്‍ മേജര്‍ രവി ഇന്ത്യന്‍ നേവി ഓഫീസറുടെ വേഷത്തില്‍ എത്തിയിരുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ അനാര്‍ക്കലിയെ കുറിച്ച് പറയുകയാണ് മേജര്‍ രവി.

അനാര്‍ക്കലി സിനിമയില്‍ എന്റെ കഥാപാത്രം നെഗറ്റീവ് ഷേയ്ഡുള്ളതായിരുന്നു. സീനിയര്‍ ഓഫീസര്‍ (കബീര്‍ ബേദിയുടെ കഥാപാത്രം) എന്ത് പറയുന്നുവോ അത് ചെയ്യാന്‍ ബാധ്യസ്ഥനായിരുന്നു എന്റെ കഥാപാത്രം. കഥ മറ്റൊരു രീതിയിലേക്ക് കൊണ്ടുപോകുമോ എന്ന് തോന്നിക്കുന്ന കഥാപാത്രമായിരുന്നു അത്. സിനിമയില്‍ കബീര്‍ ബേദിയുടെ കഥാപാത്രം വളരെ നെഗറ്റീവായാണ് ഉള്ളത്. അതുകൊണ്ടായിരുന്നു ഞാനും നെഗറ്റീവായത്.

എന്നാല്‍ ആ കഥാപാത്രത്തെ ആകെ മാറ്റി മറിച്ചത് ക്ലൈമാക്സിലായിരുന്നു. അതില്‍ അവസാനം നാല് ഡയലോഗ് ഇംഗ്ലീഷില്‍ പറയണമെന്ന് സച്ചി എന്നോട് പറഞ്ഞു, അത്രനാള്‍ അനുസരിച്ചിരുന്ന ഒരാളെ ആ കഥാപാത്രം അവസാനം എതിര്‍ക്കുകയാണ്. അവിടെ ഏത് ഡയലോഗാണ് പറയേണ്ടതെന്ന് സച്ചിയോട് ചോദിച്ചപ്പോള്‍, നിങ്ങള്‍ കലിപ്പിലാണ് തെറ്റ് തിരിച്ചറിയുന്ന നിങ്ങള്‍ക്ക് എന്തും പറയാമെന്ന് സച്ചി പറഞ്ഞു.

അങ്ങനെ ആ സീനില്‍ ഞാന്‍ അയാളോട് ഇംഗ്ലീഷില്‍ കുറച്ചു ഡയലോഗുകള്‍ പറഞ്ഞ ശേഷം ജയ്ഹിന്ദ് പറഞ്ഞ് പോകുകയാണ്. പിന്നീട് തിയേറ്ററില്‍ സിനിമ കാണുമ്പോള്‍ ആ സീനിന് ഒരേ കയ്യടിയാണ്. അത് എന്തിനാണെന്ന് എനിക്ക് മനസിലായില്ല. ആ സീന്‍ ചെയ്യുമ്പോഴും എനിക്ക് അത് വലിയ കാര്യമായി തോന്നിയിരുന്നില്ല.

എന്നാല്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ കുട്ടികള്‍ വന്ന് എന്നോട് സംസാരിച്ചു. ആ സീന്‍ നന്നായിരുന്നു എന്നാണ് അവരൊക്കെ പറഞ്ഞത്. സിനിമയില്‍ ആ കഥാപാത്രം ഇംഗ്ലീഷില്‍ പറഞ്ഞത് എന്തെങ്കിലും മനസിലായോ എന്ന് ഞാന്‍ അതില്‍ ഒരാളോട് ചോദിച്ചു.

‘സാര്‍ ഇംഗ്ലീഷില്‍ പറഞ്ഞതൊന്നും മനസിലായില്ല. പക്ഷേ സാര്‍ നല്ല കലിപ്പിലായിരുന്നു, അത് കഴിഞ്ഞ് ഒരു ജയ്ഹിന്ദ് പറഞ്ഞതോടെ കയ്യടി തനിയെ വന്നതാണ്’ എന്നാണ് അവന്‍ പറഞ്ഞത്. പ്രേക്ഷകരുടെ ഇമോഷനിലാണ് കാര്യം, ഭാഷ ഒരു പ്രശ്‌നമല്ലെന്ന് അന്ന് ഞാന്‍ മനസിലാക്കി,’ മേജര്‍ രവി പറഞ്ഞു.


Content Highlight: Major Ravi Talks About His Experience After Anarkkali Movie release