മോഹന്‍ലാലിനെ വെച്ച് ഏറ്റവും അധികം പട്ടാള സിനിമകള്‍ ചെയ്ത സംവിധായകനാണ് മേജര്‍ രവി. മോഹന്‍ലാലിന്റെ സന്തത സഹചാരികളിലൊരാളായാണ് മേജര്‍ രവി വിലയിരുത്തപ്പെടുന്നതും. സൈനിക വേഷത്തില്‍ മോഹന്‍ലാല്‍ ചൂരല്‍മല-മുണ്ടക്കൈ ദുരന്തമേഖലകളില്‍ സന്ദര്‍ശനം നടത്തിയപ്പോഴുള്‍പ്പടെ മേജര്‍ രവിയും അദ്ദേഹത്തൊടൊപ്പൊമുണ്ടായിരുന്നു. എമ്പുരാന്‍ സിനിമ സംബന്ധിച്ച വിവാദങ്ങളില്‍ മോഹന്‍ലാലിനെ പ്രതിസന്ധിയിലാക്കുന്ന പ്രതികരണങ്ങള്‍ നടത്തിയതും മേജര്‍ രവിയായിരുന്നു.
ഇപ്പോള്‍ മോഹന്‍ലാലിനെ താങ്ങിപ്പിടിച്ച് നടന്നിട്ട് തനിക്കൊന്നും ലഭിക്കാനില്ലെന്ന് പറയുകയാണ് നടനും സംവിധായകനും മുന്‍ സൈനിക ഉദ്യോഗസ്ഥനും കൂടിയായ മേജര്‍ രവി. താന്‍ മോഹന്‍ലാലിനെ വെച്ച് പണമുണ്ടാക്കി ജീവിക്കുന്ന ആളല്ലെന്നും മോഹന്‍ലാലിന് വേണ്ടി ജീവിക്കുന്ന ആളാണെന്നും അദ്ദേഹം പറയുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ എനിക്ക് മോഹന്‍ലാലിനെ താങ്ങിപ്പിടിച്ചു നടന്നു എന്ന് പറഞ്ഞത് കൊണ്ട് ഒന്നും കിട്ടാനില്ല. അത് ചെയ്തില്ല എന്നത് കൊണ്ടും ഒന്നും ലഭിക്കാനില്ല. ഞാന്‍ ജീവിക്കുന്നത് എന്റേതായിട്ടുള്ള ലൈനിലാണ്. എനിക്ക് എന്റേതായിട്ടുള്ള വരുമാനങ്ങളുണ്ട്.
ഞാന്‍ അദ്ദേഹത്തെ വെച്ച് ജിവിക്കുന്നില്ല, അദ്ദേഹത്തിന് വേണ്ടി ജീവിക്കുന്ന ആളാണ്. രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. ഫാന്‍സ് മനസ്സിലാക്കിയാല്‍ നല്ലത്. എനിക്ക് നിങ്ങളെ പോലെ അദ്ദേഹത്തിന്റെ സിനിമ വരുമ്പോല്‍ 10 ടിക്കറ്റിന്റെ ആവശ്യമില്ല. എനിക്ക് മോഹന്‍ലാല്‍ എന്നത് എന്റെ മനസിനകത്താണ്’ മേജര്‍ രവി പറഞ്ഞു.
കീര്‍ത്തി ചക്ര, കുരുക്ഷേത്ര, കാഢഹാര്‍, 1971: ബിയോണ്ട് ബോര്‍ഡേഴ്‌സ് തുടങ്ങിയവ മോഹന്‍ലാലിനെ വെച്ച് മാത്രം മേജര്‍ രവി സംവിധാനം ചെയ്ത പട്ടാള സിനിമകളാണ്. ഇതിന് പുറമെ മമ്മൂട്ടിയെ വെച്ച് മിഷന്‍ 90 ഡെയ്‌സ്, പൃഥ്വിരാജിനെ വെച്ച് പിക്കറ്റ് 43 എന്ന സിനിമകളും സൈനിക ജിവിതം ആസ്പദമാക്കി മേജര്‍ രവി സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ പ്രണവ് മോഹന്‍ലാല്‍ ബാലതാരമായി അവതരിച്ച പുനര്‍ജനിയുടെ കോ ഡയറക്ടറും മേജര്‍രവിയായിരുന്നു.
content highlights: Major Ravi Talk About Mohanlal