അടുത്ത സിനിമ ഓപ്പറേഷന്‍ സിന്ദൂര്‍ തന്നെ, ഇത്രയും കാലം എവിടെയായിരുന്നു എന്ന് ചോദിച്ചതിന്റെ ഉത്തരമായിരിക്കും: മേജര്‍ രവി
Malayalam Cinema
അടുത്ത സിനിമ ഓപ്പറേഷന്‍ സിന്ദൂര്‍ തന്നെ, ഇത്രയും കാലം എവിടെയായിരുന്നു എന്ന് ചോദിച്ചതിന്റെ ഉത്തരമായിരിക്കും: മേജര്‍ രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th November 2025, 8:31 pm

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മേജര്‍ രവിയും മോഹന്‍ലാലും കൈകോര്‍ക്കുന്നു എന്ന തരത്തില്‍ അടുത്തിടെ സിനിമാലോകത്ത് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ പട്ടാളം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രൊജക്ട് ഒരുങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ റിപ്പോര്‍ട്ടുകളെ ശരിവെച്ചിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി.

സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ അതിന്റെ അവസാനഘട്ടത്തിലാണെന്നും ഒരാഴ്ചക്കുള്ളില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മേജര്‍ രവി പറഞ്ഞു. വളരെ വലിയൊരു ടീം അണിനിരക്കുന്ന ചിത്രമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് വേണ്ട ആളുകളെയെല്ലാം ഈ സിനിമക്കായി സമീപിച്ചിട്ടുണ്ടെന്നും ഒരുപാട് എക്‌സൈറ്റഡാണ് ഈ പ്രൊജക്ടിലെന്നും അദ്ദേഹം പറയുന്നു.

‘ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചാണ് എന്റെ അടുത്ത പടം. അത് വെറും മിലിട്ടറി ഓപ്പറേഷന്‍ മാത്രം കാണിക്കുന്ന ഒന്നാകില്ല. യുദ്ധത്തില്‍ ഇന്ത്യയാണ് തോറ്റതെന്ന് പറഞ്ഞ ചില എരണംകെട്ട ജേര്‍ണലിസ്റ്റുകളുണ്ട്. എല്ലാവരും അങ്ങനെയല്ല, നല്ല ചിലയാളുകളുമുണ്ടായിരുന്നു. എന്നാല്‍ രാജ്യത്തിനെതിരെ സംസാരിച്ച ചിലരെ ഈ സിനിമയില്‍ വരച്ചുകാട്ടുന്നുണ്ട്.

എന്റെ രാജ്യം തോല്‍ക്കാത്ത ഒരു യുദ്ധത്തില്‍ തോറ്റു എന്ന് പറയുന്നവര്‍ക്കെതിരെയാണ് ഞാന്‍ സംസാരിക്കുന്നത്.സ്‌ക്രിപ്റ്റും ബാക്കി കാര്യങ്ങളും ഫുള്‍ ഫ്‌ളെഡ്ജിലാണ്. ക്രൂവും വലുതാണ്. ആക്ഷന്‍ സീനുകള്‍ കൈകാര്യം ചെയ്യുന്നത് കേച്ചയാണ്. എന്റെ മകനുമായി കേച്ച നല്ല കമ്പനിയാണ്. കണ്ണപ്പ എന്ന പടത്തില്‍ വര്‍ക്ക് ചെയ്തപ്പോള്‍ തൊട്ടാണ് അവര്‍ കമ്പനിയായത്.

എന്റെ മകന്‍ അര്‍ജുനും പിന്നെ തിരുനാവുക്കരസുമാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കാന്താരയിലും ലോകഃയിലും വര്‍ക്ക് ചെയ്ത ബംഗ്ലാനാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. റഫീക് അഹമ്മദിനെക്കൊണ്ട് പാട്ടുകള്‍ എഴുതിപ്പിക്കണമെന്നാണ് മനസില്‍. അങ്ങനെ എല്ലാവരെയും ലോക്ക് ചെയ്തുവെച്ചിട്ടുണ്ട്. കുറച്ച് കാര്യങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ’ മേജര്‍ രവി പറയുന്നു.

വാരണസിയില്‍ വലിയൊരു സെറ്റിട്ട് ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ഒരു ഗാനരംഗവും താന്‍ മനസില്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും മേജര്‍ രവി പറഞ്ഞു. ആറ് വര്‍ഷത്തോളം മാറി നിന്നത് എന്തിനായിരുന്നു എന്ന് പലരും ഈ സിനിമക്ക് ശേഷം ചോദിക്കുമെന്നും അതിനുള്ളതെല്ലാം തന്റെ സിനിമയിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Major Ravi confirms that his next movie is based on Operation Sindoor