ഇന്ത്യന്‍ നാവികര്‍ നായകളാണോ, അതോ പുഴുക്കളോ; മിനാബില്‍ നമ്മള്‍ മിണ്ടാത്തതുകൊണ്ട് ഇന്ന് നമ്മുടെ നാവികരെ അവര്‍ കൊന്നു: മുന്‍ മേജര്‍ ജനറല്‍ ജി.ഡി ബക്ഷി
India
ഇന്ത്യന്‍ നാവികര്‍ നായകളാണോ, അതോ പുഴുക്കളോ; മിനാബില്‍ നമ്മള്‍ മിണ്ടാത്തതുകൊണ്ട് ഇന്ന് നമ്മുടെ നാവികരെ അവര്‍ കൊന്നു: മുന്‍ മേജര്‍ ജനറല്‍ ജി.ഡി ബക്ഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th June 2026, 5:35 pm

മുംബൈ: ഒമാന്‍ ഉള്‍ക്കടലിലെ കപ്പലുകളെ യു.എസ് ആക്രമിക്കുകയും മൂന്ന് ഇന്ത്യന്‍ നാവികരെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധമറിയിച്ച് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ മേജര്‍ ജനറല്‍ (റിട്ട) ജി.ഡി ബക്ഷി. മുമ്പ് ഇറാനിലെ മിനാബ് സ്‌കൂളില്‍ ആക്രമണം നടന്നപ്പോള്‍ നമ്മള്‍ മിണ്ടാതിരുന്നതുകൊണ്ട് യു.എസ് ഇപ്പോള്‍ നമ്മുടെ മൂന്ന് നാവികരെ കൊലപ്പെടുത്തിയെന്ന് ജി.ഡി. ബക്ഷി അഭിപ്രായപ്പെട്ടു. വണ്‍ ഇന്ത്യ ഹിന്ദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മിനാബ് സ്‌കൂളില്‍ ബോംബാക്രമണം നടന്നപ്പോള്‍ നമ്മള്‍ ഒന്നും മിണ്ടാതിരുന്നതുകൊണ്ട് ഇന്ന് നമ്മുടെ മൂന്ന് കപ്പലുകള്‍ ആക്രമിക്കപ്പെട്ടു. നമ്മുടെ മൂന്ന് നാവികരെ അവര്‍ കൊലപ്പെടുത്തി. എന്നാല്‍ അവര്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ല. മാപ്പ് പറഞ്ഞിട്ടില്ല. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല,’ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘ഇന്ത്യയിലെ ജനങ്ങളെ തെരുവിലെ നായകളെ പോലെ ആണോ കാണുന്നത്. അല്ലെങ്കില്‍ ഓടയിലെ പുഴുക്കളെപ്പോലെയാണോ കാണുന്നത്,’ അദ്ദേഹം ചോദിച്ചു.

ഇതിന് മുമ്പും നാവികരെ യു.എസ് കൊലപ്പെടുത്തിയതില്‍ ബക്ഷി പ്രതിഷേധമറിയിയിച്ചിരുന്നു. സമൂഹമാധ്യമായ എക്‌സിലൂടെയായിരുന്നു അദ്ദേഹം പ്രതിഷേധം അറിയിച്ചത്. ഇതിന് പുറമെ ഇറാനിലെ മിനാബിലെ സ്‌കൂളില്‍ യു.എസ് ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളെ അനുസ്മരിക്കുന്നതിനായി മുംബൈയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു.

യു.എസിനോട് സൗഹാര്‍ദ സമീപനം തുടരുന്നതുകൊണ്ടാണ് ഇന്ത്യക്ക് ഈ പ്രശ്‌നം നേരിടേണ്ടി വന്നതെന്ന് ആക്രമണത്തെക്കുറിച്ച് എക്‌സ് പോസ്റ്റില്‍ ബക്ഷി അഭിപ്രായപ്പെട്ടിരുന്നു.

‘ഇന്ത്യന്‍ ലൈവ്‌സ് മാറ്റര്‍’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ എക്‌സ് പോസ്റ്റ് ആരംഭിക്കുന്നത്. ജി സെവന്‍ യോഗത്തില്‍ ഇന്ത്യന്‍ നാവികരുടെ മരണം വിഷയമാവാതെ പോവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘മൂന്ന് ഇന്ത്യന്‍ കപ്പലുകളെയാണ് യു.എസ് ആക്രമിച്ചത്. മൂന്ന് നിരപരാധികളായ നിരായുധരായ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത് കപ്പല്‍ ചലിക്കുന്നില്ലെന്നായിരുന്നു. കപ്പലും യു.എസ് നാവിക സേനയുമായി ഒരു ആശയ വിനിമയവും നടന്നിരുന്നില്ല

ഇറാനിലെ എണ്ണയില്‍ 90 ശതമാനവും പോകുന്നത് ചൈനയിലേക്കാണ്. നൂറിലധികം ചൈനീസ് കപ്പലുകള്‍ ഉപരോധം ലംഘിച്ചിട്ടുണ്ട്. പക്ഷേ ഒരു ചൈനീസ് കപ്പലിനേയോ റഷ്യന്‍ കപ്പലിനെയോ യു.എസ് ആക്രമിച്ചിട്ടില്ല.

യു.എസിനോട് സൗഹൃദത്തോടെ പോകുന്നതുകൊണ്ടാണ് അവര്‍ കപ്പലിനെ ആക്രമിച്ച് നമ്മുടെ നാവികരെ കൊന്നുകൊണ്ട് അവര്‍ പ്രതികരിച്ചത്.

കിസ്സിങര്‍ (യു.എസ് മുന്‍ നയതന്ത്രജ്ഞന്‍) ശരിയായി പറഞ്ഞിട്ടുണ്ട് യു.എസിന്റെ ശത്രുവാകുന്നത് അപകടമാണെങ്കില്‍ സുഹൃത്താവുന്നത് വലിയ ആപത്തിലേക്ക് നയിക്കുമെന്ന്.

അവരുടെ (നാവികരുടെ) മരണങ്ങള്‍ യൂറോപ്പില്‍ നടക്കുന്ന ജി സെവന്‍ യോഗത്തില്‍ ഉയര്‍ന്നു വരരുതെന്ന് അവര്‍ കരുതുന്നു. ആ വിഷയത്തെ അവഗണിക്കുകയാവും അവര്‍ ചെയ്യുക. ചിലപ്പോള്‍ ചടങ്ങിന് വേണ്ടി പ്രതിഷേധം രേഖപ്പെടുത്തിയേക്കാം എന്ന് മാത്രം.’ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ കുറിച്ചു.

Content Highlight: Maj Gen (Dr)GD Bakshi SM,VSM on US Attack and Killing of Indian Seamen