മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘പേട്രിയറ്റ്’. വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകത കൊണ്ടുതന്നെ റിലീസിന് മുമ്പ് തന്നെ സിനിമ വലിയ ചർച്ചയായിരുന്നു. ചിത്രം തിയേറ്ററുകളിലെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിലും സിനിമാ ഗ്രൂപ്പുകളിലും സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.
പേട്രിയറ്റ്, Photo: Mammootty/ Facebook
ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെ സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും താരപദവിയെക്കാൾ അവരുടെ അഭിനയത്തെ കൂടുതൽ ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ മലയാള സിനിമയിൽ വരേണ്ട സമയമായെന്നാണ് മഹേഷ് പറയുന്നത്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘റീയൂണിയൻ പല രീതിയിലായിരിക്കും. ‘ട്വന്റി ട്വന്റി’ പോലെയൊരു ഫോർമാറ്റ് തന്നെ വീണ്ടും ആവർത്തിക്കണം എന്ന് പറയാനാവില്ല. കാലം മാറിയിട്ടുണ്ട്. നമ്മൾ സിനിമ പറയുന്ന രീതികളും മാറിയിട്ടുണ്ട്.
അവരുടെ 56-ാമത്തെ കൂട്ടുകെട്ടാണ് ഇത്. അവർ അച്ഛനും മകനുമായി പോലും അഭിനയിച്ചിട്ടുണ്ട്. അതിനാൽ ഇനി എങ്കിലും അവരുടെ സ്റ്റാർഡം ഒന്ന് മാറ്റിവെച്ച് കൂടുതൽ ക്യാരക്ടർ റോളിലേക്ക് വരാനുള്ള സ്വാതന്ത്ര്യം അവർക്കു കൊടുക്കണം,’ എന്നാണ് മഹേഷ് നാരായണൻ പറഞ്ഞത്.
മലയാള സിനിമയിൽ സൂപ്പർതാരങ്ങളുടെ സിനിമകൾക്ക് ഇപ്പോഴും വലിയ സ്വീകരണമാണ് ലഭിക്കാറുള്ളത്. എന്നാൽ അതിനൊപ്പം തന്നെ പ്രേക്ഷകർ പുതിയ രീതിയിലുള്ള കഥാപാത്രങ്ങളെയും കഥാപറച്ചിലുകളെയും സ്വീകരിക്കുന്ന കാലമാണിതെന്നും മഹേഷിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും കിച്ചപ്പു ഫിലിംസിന്റെയും ബാനറിൽ ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് സഹനിർമാതാക്കൾ.
Content Highlight: Mahesh narayanan talk about Mammootty and Mohanlal
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.