മാലിക് ഒ.ടി.ടിയില്‍ റിലീസായപ്പോള്‍ കൂടുതല്‍ കരഞ്ഞതും വിഷമിച്ചതും സൗണ്ട് ഡിസൈനേഴ്‌സ് ആയിരുന്നു: മഹേഷ് നാരായണന്‍
Entertainment news
മാലിക് ഒ.ടി.ടിയില്‍ റിലീസായപ്പോള്‍ കൂടുതല്‍ കരഞ്ഞതും വിഷമിച്ചതും സൗണ്ട് ഡിസൈനേഴ്‌സ് ആയിരുന്നു: മഹേഷ് നാരായണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th July 2022, 11:45 am

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. കാണികള്‍ തിയേറ്റര്‍ റിലീസിന് വേണ്ടി കാത്തിരുന്ന സിനിമയായിരുന്നു മാലിക്. എന്നാല്‍ ചിത്രം ഒ.ടി.ടിയിലാണ് റിലീസ് ചെയ്തത്. സിനിമ തിയേറ്റര്‍ റിലീസ് അര്‍ഹിക്കുന്നുണ്ടെന്ന തരത്തില്‍ അന്ന് തന്നെ ഒരുപാട് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഒ.ടി.ടിയില്‍ റിലീസ് ചെയ്തതിന്റെ നിരാശയും പ്രേക്ഷകര്‍ പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ ഇതാ മാലിക് ഒ.ടി.ടിയില്‍ റിലീസ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് മഹേഷ് നാരായണന്‍. ഇന്ത്യഗ്ലിറ്റ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാലിക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ പോയപ്പോള്‍ ഏറ്റവും കൂടുതല്‍ കരഞ്ഞതും വിഷമിച്ചതും സൗണ്ട് ഡിസൈനേഴ്‌സ് ആണെന്നും പക്ഷെ ആ സമയത്ത് വേറെ ഓപ്ഷന്‍ ഇല്ലായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘എനിക്ക് വരുന്ന ഫീഡ്ബാക്കുകളില്‍ ഇപ്പോഴും പലരും ചോദിക്കുന്ന കാര്യം മാലിക് എപ്പോഴെങ്കിലും തിയേറ്ററില്‍ ഡോള്‍ബിയില്‍ കാണാന്‍ പറ്റുമോ എന്നതാണ്. മാലിക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ പോയപ്പോള്‍ ഏറ്റവും കൂടുതല്‍ കരഞ്ഞതും വിഷമിച്ചതും സൗണ്ട് ഡിസൈനേഴ്‌സ് ആണ്.

അവര്‍ ഭയങ്കര കരച്ചിലായിരുന്നു. അവരുടെ വീട്ടിലൊക്കെ പോയി കെട്ടിപിടിച്ച് സമാധാനിപ്പിക്കേണ്ടി വന്നു. അവരുടെ എഫേര്‍ട്ട് ആരും കാണില്ലല്ലോ. സിനിമാറ്റോഗ്രാഫറിന്റെ വര്‍ക്ക് പോലും ഒരു നല്ല ഫോര്‍ കെ ടി. വിയില്‍ കാണാന്‍ പറ്റും. പക്ഷെ ഡിസൈനറുടെ എഫേര്‍ട്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ആരും കാണില്ല.

അങ്ങനെ ഒരു സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാതിരിക്കുക എന്നത് വലിയ വേദനയാണ്. പക്ഷെ ആ സമയത്ത് വേറെ ഓപ്ഷന്‍ ഇല്ലായിരുന്നു. ഇതൊക്കെ കൊണ്ടാണ് മലയന്‍കുഞ്ഞ് എന്തായാലും തിയേറ്ററില്‍ റിലീസ് ചെയ്യണമെന്ന് തീരുമാനിച്ചത്.

മാലിക്കിന് ശേഷം എന്നോട് ഒരുപാട് പേര് പറഞ്ഞു, നിങ്ങള്‍ ആകെ ചെയ്ത തെറ്റ് ഈ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാതിരുന്നതാണെന്ന്,’ മഹേഷ് നാരായണന്‍ പറഞ്ഞു.

അതേസമയം മഹേഷ് നാരായണന്‍ തിരക്കഥയെഴുതിയ മലയന്‍കുഞ്ഞ് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. സിനിമയെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വരുന്നത്. നവാഗതനായ സജി മോന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഫഹദാണ് നായകന്‍.

30 വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്. ജാഫര്‍ ഇടുക്കി, രജിഷ വിജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ജാതി രാഷ്ട്രീയത്തെ കുറിച്ചും മനുഷ്യരുടെ അതിജീവനത്തെ കുറിച്ചും സിനിമാഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്.

Content Highlight: Mahesh Narayanan says that Sound Designers who cried more when Malik released In OTT