'അത് തെറ്റി പോയി, ഒന്നുകൂടെ എടുക്കാം' എന്ന് പറയാനുള്ള സ്‌പേസ് എനിക്ക് അവരുടെ അടുത്തുണ്ട്: മഹേഷ് നാരായണന്‍
Entertainment news
'അത് തെറ്റി പോയി, ഒന്നുകൂടെ എടുക്കാം' എന്ന് പറയാനുള്ള സ്‌പേസ് എനിക്ക് അവരുടെ അടുത്തുണ്ട്: മഹേഷ് നാരായണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th July 2022, 1:20 pm

 

മഹേഷ് നാരായണന്‍ തിരക്കഥയും സിനിമാറ്റോഗ്രഫിയും നിര്‍വഹിച്ച മലയന്‍കുഞ്ഞ് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

മഹേഷ് നാരായണന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ആദ്യ സിനിമയാണ് മലയന്‍കുഞ്ഞ്. ആ അനുഭവത്തെക്കുറിച്ച് പറയുകയാണ് മഹേഷ് ഇപ്പോള്‍. മണ്‍സൂണ്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയന്‍കുഞ്ഞിന്റെ സിനിമാറ്റോഗ്രഫി ആര് ചെയ്യും എന്ന സംശയത്തില്‍ നില്‍ക്കുമ്പോഴാണ് എല്ലാവരും എന്നോട് ചെയ്യാന്‍ പറഞ്ഞതെന്നും
എനിക്ക് എന്തെങ്കിലും മിസ്റ്റേക്ക് പറ്റി കഴിഞ്ഞാല്‍ അവരോട് പറയാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘മലയന്‍കുഞ്ഞിന്റെ സിനിമാറ്റോഗ്രഫി ആര് ചെയ്യും എന്ന സംശയത്തില്‍ നില്‍ക്കുമ്പോഴാണ് എല്ലാവരും എന്നോട് ചെയ്യാന്‍ പറയുന്നത്. നിങ്ങള്‍ തന്നെ ഷൂട്ട് ചെയ്യെന്നാണ് അവര്‍ പറഞ്ഞത്. എനിക്ക് എന്തോ സ്‌പേസ് ഉള്ള കൂട്ടായ്മയാണ് ഈ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. ഫഹദ് ആയാലും സജി മോനായാലും ഞങ്ങളുടെ തന്നെ കൂട്ടായ്മയിലുള്ളവരാണ്.

അതുകൊണ്ട് തന്നെ എനിക്ക് എന്തെങ്കിലും മിസ്റ്റേക്ക് പറ്റിയാല്‍ പറയാം. അത് തെറ്റി പോയി, അബദ്ധം പറ്റി ഒന്നുകൂടെ എടുക്കാമെന്ന് എനിക്ക് അവരോട് പറയാം. എനിക്ക് അതിനുള്ള മടിയില്ല. അവര്‍ക്കും കുഴപ്പമുണ്ടാവില്ല.

അത് കുറച്ച് ചാലഞ്ചിങ്ങും ആയിരുന്നു. ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യാന്‍ നല്ല ബുദ്ധിമുട്ട് ആയിരുന്നു. കാരണം ഇടുങ്ങിയ ഷൂട്ടിങ് സെറ്റ് ആയിരുന്നു മലയന്‍കുഞ്ഞിന് വേണ്ടി തയ്യാറാക്കിയത്. സിനിമയില്‍ കാണുമ്പോള്‍ നമുക്ക് സെറ്റ് റിയലായി തോന്നും,’ മഹേഷ് നാരായണ്‍ പറഞ്ഞു.

നവാഗതനായ സജി മോന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഫഹദാണ് നായകന്‍. 30 വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ്.

ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ജാതി രാഷ്ട്രീയത്തെ കുറിച്ചും മനുഷ്യരുടെ അതിജീവനത്തെ കുറിച്ചും സിനിമാഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്.

Content Highlight: Mahesh Narayanan says that he have the space with them to say ‘it went wrong, let’s take it again’