ഫഹദ് നല്ല വണ്ണമുള്ള ആളായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു, എന്നാല്‍ കുടുംബത്തില്‍ നിന്നുള്ള ഫോട്ടോ കണ്ടതോടെ ലുക്ക് മാറ്റി; സുലൈമാനെക്കുറിച്ച് മഹേഷ് നാരായണന്‍
Entertainment news
ഫഹദ് നല്ല വണ്ണമുള്ള ആളായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു, എന്നാല്‍ കുടുംബത്തില്‍ നിന്നുള്ള ഫോട്ടോ കണ്ടതോടെ ലുക്ക് മാറ്റി; സുലൈമാനെക്കുറിച്ച് മഹേഷ് നാരായണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st August 2021, 2:50 pm

മാലികിലെ ഫഹദിന്റെ ലുക്കിനെക്കുറിച്ച് സംവിധായകന്‍ മഹേഷ് നാരായണന്‍. സുലൈമാന്‍ എന്ന കഥാപാത്രത്തിന് വേണ്ടി ഫഹദ് നല്ല വണ്ണമുള്ള ആളായിരിക്കണമെന്ന് തനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നുവെന്ന് മഹേഷ് നാരായണന്‍ പറയുന്നു. പിന്നീട് തീരുമാനം മാറാനുണ്ടായ സാഹചര്യത്തെക്കുറിച്ചും നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് നാരായണന്‍ പറഞ്ഞു.

‘ഫഹദിന്റെ അപ്പിയറന്‍സ് ഞങ്ങള്‍ പലതരത്തില്‍ ടെസ്റ്റ് ചെയ്ത് നോക്കിയിരുന്നു. ഫഹദ് ഈ കഥാപാത്രത്തിന് കുറച്ച് വണ്ണമുള്ള ആളായി മാറണമെന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. എന്നാല്‍ ഫഹദിന്റെ ഫാമിലി സ്ട്രക്ച്ചര്‍ എടുത്തുനോക്കിയപ്പോള്‍ എല്ലാവരും വണ്ണം കുറഞ്ഞവരാണ്. ഫാസില്‍ സാറാണെങ്കിലും അദ്ദേഹത്തിന്റെ ഉപ്പയാണെങ്കിലും മെലിഞ്ഞ ശരീര പ്രകൃതത്തിലുള്ളവരാണ്.

അത് പരിശോധിച്ചപ്പോള്‍ ഫാസില്‍ സാറിന്റെ ഉപ്പയുടെ ഒരു ഫോട്ടോഗ്രാഫില്‍ നിന്നുമാണ് ഫഹദിന്റെ ഒരു ലുക്ക് ഞങ്ങള്‍ക്ക് കിട്ടുന്നത്. കുറേ നാളുകളുടെ തന്നെ പരീക്ഷണങ്ങളില്‍ നിന്നുമാണ് ആ ലുക്ക് ഫഹദിന് ചേര്‍ന്നതായി ഞങ്ങള്‍ കണ്ടെത്തിയത്. മേക്കപ്പ് മാന്‍ രഞ്ജിത്ത് അമ്പാടിയാണ് ആ രൂപത്തില്‍ ഫഹദിനെ അണിയിച്ചൊരുക്കിയത്,’ മഹേഷ് നാരായണന്‍ പറയുന്നു.

പ്രായമുള്ള കഥാപാത്രം ചെയ്യാന്‍ ഇമേജിന്റെ പ്രശ്‌നമൊന്നും ഫഹദിന് ഉണ്ടായിരുന്നില്ലെന്നും ഇമേജ് നോക്കി അഭിനയിക്കുന്ന ആക്ടറല്ല ഫഹദെന്നും മഹേഷ് നാരായണന്‍ പറഞ്ഞു.

2011ല്‍ ഫഹദുമായി ചര്‍ച്ച ചെയ്ത കഥയായിരുന്നു മാലികിന്റേതെന്നും താനും ഫഹദും ഒരുമിച്ച് ചെയ്യേണ്ടിയിരുന്നു ആദ്യ ചിത്രമായിരുന്നു മാലികെന്നും അഭിമുഖത്തില്‍ മഹേഷ് നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

‘ടേക് ഓഫ് എന്ന ചിത്രം എന്റെ ആദ്യസിനിമയായി മാറിയത് മറ്റു ചില സാഹചര്യങ്ങളിലൂടെയാണ്. പലകാരണങ്ങളാലാണ് മാലിക് നീണ്ടുപോയത്. പ്രധാനമായും ഈ സിനിമ ഡിമാന്റ് ചെയ്യുന്ന ഒരു ബഡ്ജറ്റ് വേണമായിരുന്നു. അതൊക്കെ ശരിയായി വരാനും ലഭ്യമാകാനും വൈകിപ്പോയി. ടേക് ഓഫ് എന്ന എന്റെ സിനിമ ഒരു പരാജയമായിരുന്നുവെങ്കില്‍ ഒരിക്കലും എനിക്ക് മാലിക് ചെയ്യാന്‍ കഴിയില്ലായിരുന്നുവെന്നാണ് വിശ്വാസം,’ മഹേഷ് നാരായണന്റെ വാക്കുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mahesh Narayanan says about Fahadh Faasils body