എന്തിരന്‍ കാരണം അന്ന് ഫ്‌ളോപ്പ്, 15 വര്‍ഷത്തിനിപ്പുറം റീ റിലീസില്‍ ടിക്കറ്റ് കിട്ടാനില്ലാതെ മഹേഷ് ബാബു ചിത്രം
Entertainment
എന്തിരന്‍ കാരണം അന്ന് ഫ്‌ളോപ്പ്, 15 വര്‍ഷത്തിനിപ്പുറം റീ റിലീസില്‍ ടിക്കറ്റ് കിട്ടാനില്ലാതെ മഹേഷ് ബാബു ചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th May 2025, 9:31 am

തെലുങ്കിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് മഹേഷ് ബാബു. ബാലതാരമായി സിനിമയില്‍ എത്തിയ മഹേഷ് ബാബു തെലുങ്കിലെ മുന്‍കാല സൂപ്പര്‍താരമായ കൃഷ്ണയുടെ മകനാണ്. 1979ല്‍ നീഡ എന്ന ചിത്രത്തില്‍ ബാലതാരമായി വന്ന മഹേഷ് ബാബു 1999ല്‍ പുറത്തിറങ്ങിയ രാജകുമാരുഡു എന്ന ചിത്രത്തിലൂടെ നായകനുമായി.

താരത്തിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നെന്ന് ആരാധകര്‍ അവകാശപ്പെടുന്ന ഖലേജ എന്ന ചിത്രമാണ് ഇപ്പോള്‍ സിനിമാലോകത്തെ ചര്‍ച്ചാവിഷയം. ത്രിവിക്രം സംവിധാനം ചെയ്ത് 2010ല്‍ തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. വന്‍ ബജറ്റിലെത്തിയ ചിത്രത്തിന് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല.

രജിനികാന്ത്- ഷങ്കര്‍ കോമ്പോ ഒന്നിച്ച എന്തിരനുമായിട്ടായിരുന്നു ഖലേജ ക്ലാഷിനെത്തിയത്. 30 കോടി ബജറ്റിലെത്തിയ ചിത്രത്തിന് വെറും 18 കോടി മാത്രമായിരുന്നു ലഭിച്ചത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം 4k സാങ്കേതികവിദ്യയുടെ സഹായത്തോടെ റീ റിലീസിനെത്തുകയാണ്. വന്‍ ഡിമാന്‍ഡാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മെയ് 30ന് റീ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ബുക്കിങ് കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. രണ്ട് ദിവസം കൊണ്ട് മൂന്ന് കോടിക്കുമുകളില്‍ അഡ്വാന്‍സ് സെയിലാണ് ഖലേജ സ്വന്തമാക്കിയത്. റീ റിലീസ് സിനിമകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ ഖലേജ സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ആക്ഷന്‍, മിത്തോളജി ഴോണറുകള്‍ ഒന്നിച്ച ചിത്രത്തില്‍ സീതാരാമരാജു എന്ന കഥാപാത്രമായാണ് മഹേഷ് ബാബു വേഷമിട്ടത്.

ഹൈദരബാദിലെ പല തിയേറ്ററുകളിലും ആദ്യദിവസത്തെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നിരിക്കുകയാണ്. ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ മാത്രമല്ല, ഓവര്‍സീസിലും ചിത്രത്തിന് മികച്ച വരവേല്പാണ് നടക്കുന്നത്. 2000 ഡോളര്‍ ഇതിനോടകം പ്രീ സെയിലിലൂടെ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. വിജയ് ചിത്രം ഗില്ലി റീ റിലീസില്‍ നേടിയ റെക്കോഡുകള്‍ ഖലേജ തകര്‍ക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

നിലവില്‍ രാജമൗലിയുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് മഹേഷ് ബാബു. എസ്.എസ്.എം.ബി29 എന്ന് താത്കാലിക ടൈറ്റിലിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അടുത്തിടെ ഒഡിഷയില്‍ പൂര്‍ത്തിയായിരുന്നു. മലയാളി താരം പൃഥ്വിരാജും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. അടുത്ത വര്‍ഷം ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Mahesh Babu’s Khaleja movie trending on Bookmyshow in Re Release