കര്‍ഷക പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു; മഹാരാഷ്ട്രയില്‍ മാര്‍ച്ചുമായി ആയിരക്കണക്കിന് കര്‍ഷകര്‍; ശരദ് പവാറും പങ്കെടുക്കും
national news
കര്‍ഷക പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു; മഹാരാഷ്ട്രയില്‍ മാര്‍ച്ചുമായി ആയിരക്കണക്കിന് കര്‍ഷകര്‍; ശരദ് പവാറും പങ്കെടുക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th January 2021, 4:18 pm

മുംബൈ: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നു. നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് 180 കിലോമീറ്റര്‍ ദൂരമാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്.

സംസ്ഥാനത്തെ 21 ജില്ലകളില്‍ നിന്നായാണ് കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. ശനിയാഴ്ച നാസിക്കില്‍ സമ്മേളിച്ച കര്‍ഷകര്‍ മുംബൈയിലേക്ക് മാര്‍ച്ച് ആരംഭിച്ചു.

ഞായറാഴ്ച വൈകീട്ടോടെ കര്‍ഷകര്‍ മുംബൈയില്‍ എത്തിച്ചേരും. മുംബൈയില്‍ എത്തുന്ന കര്‍ഷകര്‍ തിങ്കളാഴ്ച ആസാദ് മൈദാനിയില്‍ സമ്മേളിക്കും. തുടര്‍ന്ന് ഗവര്‍ണര്‍ ഭഗത് കോഷ്യാരിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന രാജ്ഭവനിലേക്ക് മാര്‍ച്ച് ചെയ്യും.

ഓള്‍ ഇന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. ആയിരക്കണക്കിന് കര്‍ഷകര്‍ കൊടികളും ബാനറുകളുമായി റോഡ് നിറഞ്ഞ് കവിഞ്ഞ് മാര്‍ച്ച് ചെയ്ത് നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ നടക്കുന്ന വലിയ ട്രാക്ടര്‍ റാലിയുടെ മുന്നോടിയായാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ റാലി നടത്തുന്നത്.

എന്‍.സി.പി തലവന്‍ ശരദ് പവാറും മാര്‍ച്ചിനൊപ്പം ചേരുമെന്നാണ് വിവരം. കാര്‍ഷക പ്രക്ഷോഭം തുടങ്ങിയതുമുതല്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി ശരദ് പവാര്‍ രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ ക്ഷമയെ പരീക്ഷിക്കരുതെന്ന മുന്നറിയിപ്പും ശരദ് പവാര്‍ നല്‍കിയിരുന്നു.

കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബിലും കര്‍ഷകര്‍ റാലികളും മാര്‍ച്ചുകളും നടക്കുന്നുണ്ട്.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് ദല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കും കര്‍ഷകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കര്‍ഷകരുമായി കേന്ദ്രം നടത്തിയ 11ാം വട്ട ചര്‍ച്ചയും പൂര്‍ണ പരാജയമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Maharashtra Farmers march in support to delhi farmers protest