കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പഞ്ചാബില്‍ സിനിമാ ചിത്രീകരണവും വേണ്ട: ജാന്‍വി കപൂര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞ് കര്‍ഷകര്‍
national news
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പഞ്ചാബില്‍ സിനിമാ ചിത്രീകരണവും വേണ്ട: ജാന്‍വി കപൂര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞ് കര്‍ഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th January 2021, 3:54 pm

പാട്യാല: ജാന്‍വി കപൂര്‍ നായികയായ പുതിയ ചിത്രം ഗുഡ് ലക്ക് ജെറിയുടെ ഷൂട്ടിംഗ് തടഞ്ഞ് കര്‍ഷകര്‍. പഞ്ചാബിലെ പാട്യാലയില്‍ നടക്കുന്ന ഷൂട്ടിംഗാണ് കര്‍ഷകര്‍ തടഞ്ഞത്.

സിനിമാമേഖലയില്‍ നിന്നുമുള്ള ആരും തന്നെ കര്‍ഷകരെ പിന്തുണച്ചുകൊണ്ട് ഒരു പ്രസ്താവന പോലും ഇറക്കിയില്ലെന്നും അതുകൊണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതു വരെ പഞ്ചാബില്‍ ഷൂട്ടിംഗ് അനുവദിക്കില്ലെന്ന് പ്രതിഷേധവുമായെത്തിയ കര്‍ഷകര്‍ പറഞ്ഞു.

ഷൂട്ടിംഗ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് എത്തിയ കര്‍ഷകരുമായി സിനിമ അണിയറ പ്രവര്‍ത്തര്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഷൂട്ടിംഗ് സംഘം ഹോട്ടലിലേക്ക് മടങ്ങി.

നേരത്തെയും ഗുഡ് ലക്ക് ജെറിയുടെ ഷൂട്ടിംഗ് കര്‍ഷകര്‍ തടഞ്ഞിരുന്നു. ജനുവരി 11നായിരുന്നു സംഭവം. തുടര്‍ന്ന് കര്‍ഷകസമരത്തിന് പിന്തുണയറിച്ചുകൊണ്ട് ജാന്‍വി കപൂര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതിയിരുന്നു.

രാജ്യത്തിന്റെ ഹൃദയമാണ് കര്‍ഷകര്‍. നമ്മുടെ രാജ്യത്തെ പോറ്റുന്നതില്‍ അവര്‍ വഹിക്കുന്ന സുപ്രധാന പങ്കും മൂല്യവും ഞാന്‍ തിരിച്ചറിയുന്നു. കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന പരിഹാരം ഈ വിഷയത്തില്‍ ഉടന്‍ തന്നെയുണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നായിരുന്നു ജാന്‍വി എഴുതിയത്.

ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം വീണ്ടും തടസ്സപ്പെട്ടത് സിനിമാസംഘത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. കര്‍ഷകരുമായി ചര്‍ച്ച ചെയ്ത് ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സംഘം.

സിദ്ധാര്‍ത്ഥ് സെന്‍ഗുപ്ത സംവിധാനം ചെയ്യുന്ന ഗുഡ് ലക്ക് ജെറി നയന്‍താര നായികയായ തമിഴ് ചിത്രം കോലമാവ് കോകിലയുടെ റീമേക്കാണ്. ജാന്‍വി കപൂറിനെ കൂടാതെ ദീപക് ദോബ്‌റിയാല്‍, മിത വഷിഷ്ട്, നീരജ് സൂദ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് ദല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കും കര്‍ഷകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കര്‍ഷകരുമായി കേന്ദ്രം നടത്തിയ 11ാം വട്ട ചര്‍ച്ചയും പൂര്‍ണ പരാജയമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jhanvi Kapoor movie shoot stopped by farmers, no shooting in Punjab till the farm laws revoked says