ഭീഷ്മ പര്‍വ്വത്തിലെ മഹാഭാരതം
Film News
ഭീഷ്മ പര്‍വ്വത്തിലെ മഹാഭാരതം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th March 2022, 5:11 pm

ഭീഷ്മ പര്‍വ്വത്തിന്റെ പ്രഖ്യാപന സമയത്ത് തന്നെ ചര്‍ച്ചയായതാണ് ചിത്രത്തിന്റെ പേര്. മഹാഭാരതത്തിലെ ആറാമത്തെ പര്‍വ്വമാണ് ഭീഷ്മ പര്‍വ്വം. 18 ദിവസം നീണ്ടുനിന്ന മഹാഭാരത യുദ്ധത്തില്‍ ഭീഷ്മര്‍ നയിച്ച 10 ദിവസമാണ് ഭീഷ്മ പര്‍വ്വത്തില്‍ വിവരിക്കുന്നത്.

ചിത്രത്തിന്റെ ഒഴുക്കിനൊപ്പം പോകുമ്പോള്‍ മഹാഭാരതവുമായുള്ള കണക്ഷന്‍ ശ്രദ്ധിക്കാതിരിക്കുകയോ കണ്‍ഫ്യൂഷനടിപ്പിക്കുകയോ ചെയ്തിട്ടുണ്ടായിരിക്കും. ഭീഷമ പര്‍വ്വം മഹാഭാരതം എന്ന ഇതിഹാസവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പരിശോധിക്കുന്നത്.

 

************SPOILER ALERT********************

 

മഹാഭാരതം ആദ്യമായി വായിക്കുമ്പോള്‍ ഉണ്ടാകുന്നത് പോലെയൊരു കണ്‍ഫ്യൂഷന്‍ സിനിമ കാണാന്‍ തുടങ്ങുമ്പോഴും ഉണ്ടാകുന്നുണ്ട്. അത്രയേറെ സങ്കീര്‍ണമായ ബന്ധങ്ങളാണ് ചിത്രത്തിലെ കുടുംബങ്ങള്‍ തമ്മിലുള്ളത്. അതുകൊണ്ട് മുതിര്‍ന്ന കഥാപാത്രമായ മമ്മൂട്ടിയുടെ മൈക്കിളില്‍ തന്നെ ആ ശ്രേണി തുടങ്ങാം.

അഞ്ഞൂറ്റികുടുംബത്തിലെ അഞ്ചു മക്കളില്‍ മൂന്നാമനാണ് മൈക്കിള്‍. മൈക്കിളെന്ന ഭീഷ്മരാണ് ചിത്രത്തിന്റെ കേന്ദ്രം. ബന്ധുക്കളാലും കുടുംബത്തിലെ ഇളയ തലമുറയാലും ശരശയ്യയിലാവുന്ന ഭീഷ്മരെ പോലെയാണ് മമ്മൂട്ടിയുടെ മൈക്കിള്‍. ഭീഷ്മരെ പോലെ കുടുംബത്തിനായി മൈക്കിള്‍ വിവാഹ ജീവിതം വേണ്ടെന്ന് വെക്കുന്നു. തമ്മില്‍ തല്ലി പിരിയാതിരിക്കാനായി കുടുംബാംഗങ്ങളുടെ മേല്‍ അയാള്‍ ഒരു പേടി ഉണ്ടാക്കിയെടുത്തിട്ടുണ്ട്. എന്നാല്‍ അവരുടെ സംരക്ഷണ കവചവുമാണ് മൈക്കിള്‍.

May be an image of 1 person

ഭീഷമരെ എല്ലാവരും ബഹുമാനത്തോടെ ഭീഷ്മ പിതാമഹന്‍ എന്ന് വിളിക്കുന്നത് പോലെ അഞ്ഞൂറ്റി കുടുംബത്തിലെ ഏറ്റവും ഇളയ തലമുറ വരെ മൈക്കിളിനെ മൈക്കിളപ്പ എന്നാണ് വിളിക്കുന്നത്.

ഭീഷ്മരുടെ തല മുതല്‍ കാല് വരെ അസ്ത്രങ്ങള്‍ പതിക്കുന്നത് പോലെ മൈക്കിളിന് നേരെയും നാലു വശത്തു നിന്നും ആക്രമണം ഉണ്ടാവുന്നുണ്ട്. വീണു പോകുന്ന മൈക്കിള്‍ പിന്നീട് അജാസിനെ മുന്‍നിര്‍ത്തിയാണ് തന്റെ യുദ്ധം ചെയ്യുന്നത്. അജാസ് ആരാണെന്ന് വഴിയെ പറഞ്ഞു തരാം.

മൈക്കിളിന്റെ ജ്യേഷ്ഠനായി എത്തിയ മത്തായിയെ അവതരിപ്പിച്ചത് നിസ്താറാണ്. ഈ കഥാപാത്രം ധൃതരാഷ്ട്രരെ ഓര്‍മിപ്പിക്കുന്നു. ധൃതരാഷ്ട്രര്‍ക്ക് കണ്ണ് കാണില്ലെങ്കില്‍ മത്തായിക്ക് കണ്ണ് കാണാമെന്നതാണ് ഇവര്‍ തമ്മിലുള്ള ഏകവ്യത്യാസം. മഹാഭാരതത്തിലെ ഭീഷ്മരും ധൃതരാഷ്ട്രരും തമ്മിലുള്ള ബന്ധം നേരിട്ട് സിനിമയില്‍ സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഇവരുടെ കഥാപാത്രനിര്‍മിതി അത്തരത്തിലാണ്.

പുരാണ ഇതിഹാസത്തില്‍ ഭീഷ്മരുടെ അര്‍ധ സഹോദരനായ വിചിത്രവീര്യന്റെ മക്കളാണ് ധൃതരാഷ്ട്രരും പാണ്ഡുവും. എന്നാല്‍ സിനിമയില്‍ മൈക്കിളിന്റെ ജ്യേഷ്ഠനാണ് മത്തായി. ധൃതരാഷ്ട്രര്‍ക്ക് ഭീഷ്മരോടുള്ളതുപോലെ അനിയനാണെങ്കിലും മത്തായിക്ക് മൈക്കിളിനോട് ആരാധന കലര്‍ന്ന ബഹുമാനവുമുണ്ട്.

ധൃതരാഷ്ട്രരെ പോലെ ഇദ്ദേഹത്തിന് പുത്രവാത്സല്യം കാരണം അവരെ നേര്‍വഴിക്ക് നടത്താനോ ശാസിക്കാനോ ആവുന്നില്ല. മത്തായിയുടെ ഭാര്യ മാലാ പാര്‍വതി അവതരിപ്പിച്ച മോളി ഗാന്ധാരിയാണ്. എന്നാല്‍ സ്വഭാവത്തില്‍ ഗാന്ധാരിയില്‍ നിന്നും വ്യത്യസ്തയുമാണ്. ഗാന്ധാരിയെ പോലെ മോളി സ്നേഹമതിയോ സൗമ്യ സ്വഭാവക്കാരിയോ അല്ല. കണ്ണട വെക്കുന്നതാണ് ഇവരിലെ ഏക ഗാന്ധാരി റഫറന്‍സ്.

ഇവരുടെ മക്കളായ പീറ്ററും പോളും കൗരവരാണ്. ഷൈന്‍ ടോം ചാക്കോയും ഫര്‍ഹാന്‍ ഫാസിലുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൗരവരില്‍ പ്രത്യേകിച്ചും ദുര്യോധനനേനും ദുശ്ശാസനനേയുമാണ് ഇവര്‍ ഓര്‍മിപ്പിക്കുന്നത്. പീറ്ററിന്റെ ഏത് പദ്ധതിക്കും പോളിന്റെ പിന്തുണയുണ്ട്. ഇരുവര്‍ക്കും മൈക്കിളിനോട് ശക്തമായി എതിര്‍പ്പും വിരോധവുമുണ്ട്. അതുപോലെ ഭയവും.

May be an image of 1 person and text

ഇനി മൈക്കിളിന്റേയും മത്തായിയുടെയും ജ്യേഷ്ഠനായ പൈലി പാണ്ഡുവാണ്. ഇയാള്‍ ചിത്രത്തില്‍ കൊല്ലപ്പെടുന്നു. പൈലിയുടെ വിധവയായ ഭാര്യ നദിയ മൊയ്തു അവതരിപ്പിച്ച ഫാത്തിമ കുന്തിയാണ്. പാണ്ഡുവിനേയും കുന്തിയേയും പോലെ പൈലിയില്‍ ഫാത്തിമക്ക് കുട്ടികളില്ല. രണ്ടാം ഭര്‍ത്താവായ അലി കുന്തിക്ക് വരം കൊടുത്ത ദേവന്മാരെ പ്രതിനിധീകരിക്കുന്നു.

ഇവരുടെ മൂത്ത മകനായ അജാസ് പാണ്ഡവരെ പ്രതിനിധീകരിക്കുന്നു. യുധിഷ്ഠിരനെ പോലെ വിവേകമുള്ളവനും ഭീമനെ പോലെ ശക്തനും അര്‍ജുനനെ പോലെ സമര്‍ത്ഥനുമാണ് അജാസ്. അതേസമയം ഫാത്തിമയുടെ ഇളയ മകനായ ശ്രീനാഥ് ഭാസി അവതരിപ്പിച്ച അമിക്ക് അഭിമന്യുവിനോടാണ് സാമ്യം. അഭിമന്യുവിനെ പോലെ ചതിയില്‍ പെട്ടാണ് അമി കൊല്ലപ്പെടുന്നത്.

അജാസും അമിയും പൈലിയുടെ മക്കളല്ലാത്തതിനാല്‍ തന്നെ അഞ്ഞൂറ്റി കുടുംബത്തില്‍ ഇവര്‍ക്ക് പ്രാധാന്യം ലഭിക്കുന്നത് മറ്റുള്ളവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു. ഇത് മഹാഭാരത്തിന്റെ നേരിട്ടുള്ള റഫറന്‍സാണ്. കാരണം പാണ്ഡുവിന്റെ മക്കളായി പാണ്ഡവരെ കൗരവര്‍ അംഗീകരിക്കുന്നില്ല. പാണ്ഡവരെ പോലെ മിടുക്കരാണ് അജാസും അമിയും. ഇവര്‍ ആരംഭിക്കുന്ന സംരഭങ്ങളെല്ലാം വിജയിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മൈക്കിളിന് ഇവരോട് പ്രത്യേക വാത്സല്യമുണ്ട്. മൈക്കിളും അലിയിക്കയുടെ മക്കളും തമ്മില്‍ ഒരു പ്രത്യേക ബോണ്ട് ഷെയര്‍ ചെയ്യുന്നുണ്ട്.

May be an image of 1 person, beard and text

മൈക്കിളിന്റെ നേരെ അനിയനായ പള്ളീലച്ചനായ സൈമണ്‍ വിദുരരാവാനാണ് സാധ്യത. എന്നാല്‍ വിദുരരില്‍ നിന്നും പൂര്‍ണമായും വ്യത്യസ്തമാണ് സൈമണിന്റെ കഥാപാത്ര നിര്‍മിതി.

ഏറ്റവും ഇളയ പെങ്ങളായ ലെന അവതരിപ്പിച്ച സൂസന്‍ കൗരവരുടെ ഇളയ സഹോദരി ദുശ്ശളയെ ഓര്‍മിപ്പിക്കുന്നു. ഇവരുടെ ഭര്‍ത്താവായ മാര്‍ട്ടിന്‍ ജയദ്രഥനാവാനാണ് സാധ്യത. മാര്‍ട്ടിന്‍ പീറ്ററിനും പോളിനുമൊപ്പമാണ് ചിത്രത്തില്‍ നില്‍ക്കുന്നത്. തന്നെയുമല്ല അഭിമന്യുവിന്റെ മരണത്തിന് ജയദ്രഥന്‍ കാരണക്കാരനാവുന്നത് പോലെ അമിയുടെ കൊലപാതകത്തിലേക്ക് നയിക്കുന്നതും മാര്‍ട്ടിന്റെ ഇടപെടലാണ്.

ദിലീഷ് പോത്തന്‍ അവതരിപ്പിച്ച മോളിയുടെ സഹോദരനായ ടി.വി ജെയിംസ് ശകുനിയാണ്. ഇയാള്‍ ചിത്രത്തില്‍ രാഷ്ട്രീയക്കാരനാണ്. ശകുനിക്ക് ഭീഷ്മരോടെന്ന പോലെ ജെയിംസിന് മൈക്കിളിനോട് കടുത്ത വൈരാഗ്യമാണ്. ജെയിംസിന്റെ വഴികളില്‍ മൈക്കിള്‍ ഒരു തടസമായി മാറുന്നുണ്ട്. മൈക്കിളിന്റെ ശത്രുക്കളെ ഒന്നിപ്പിക്കുന്നതും പദ്ധതികള്‍ തയാറാക്കുന്നതും ജെയിംസാണ്.

May be an image of 1 person and text

സുദേവ് നായര്‍ അവതരിപ്പിച്ച രാജന്‍ കര്‍ണന്റെ സൂചനകളാണ് നല്‍കുന്നത്. പൂര്‍ണമായും കര്‍ണന്‍ എന്ന് പറയാന്‍ പറ്റില്ലെങ്കിലും ചില സാമ്യങ്ങളുണ്ട്. ചെറുപ്പത്തില്‍ തന്നെ രാജന്‍ നാട് കടത്തപ്പെടുന്നുണ്ട്. തങ്ങളുടെ പരിമിതിക്കപ്പുറം നില്‍ക്കുന്ന മൈക്കിളിനെ നേരിടാനാവാത്തത് കൊണ്ടാണ് ശക്തനായ രാജനെ കൂട്ടുപിടിക്കാന്‍ ജെയിംസ് പീറ്ററിനും പോളിനും ഉപദേശം നല്‍കുന്നത്. കര്‍ണനെ പോലെ രാജന്‍ കൊല്ലപ്പെടുന്നതും ചതിയിലൂടെയാണ്.


Content Highlight: mahabharata references of bheeshma parvam