മലയാള സിനിമയില്‍ ഒരു കാലത്ത് വില്ലന്‍ വേഷങ്ങളുടെ പര്യായമായി മാറിയ നടനാണ് മധുപാല്‍. നടനേക്കാളുപരി ഒരു എഴുത്തുകാരനും സംവിധായകനുമായ അദ്ദേഹം മികച്ച ചിത്രങ്ങള്‍ മലയാളിയ്ക്ക് സമ്മാനിയ്ക്കുകയും ചെയ്തിട്ടുണ്ട്. തലപ്പാവ്, ഒഴിമുറി, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് അദ്ദേഹം സംഭാവന ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഭാരത് ഗോപിയോടൊപ്പം വര്‍ക്ക് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് മധുപാല്‍. ഭരത് ഗോപിയുടെ ‘യമനം’ എന്ന ചിത്രം ഒരു പാഠശാലയായിരുന്നുവെന്നും മൂന്നുമാസത്തോളം ആ സിനിമക്കൊപ്പമുണ്ടായിരുന്നുവെന്നും മധുപാല്‍ പറയുന്നു. ആ സിനിമയില്‍ പ്രവൃത്തിച്ചതിലൂടെ സിനിമയുടെ എല്ലാ വഴികളിലൂടെയും സഞ്ചരിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
യമനം എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞപ്പോള്‍ ഭാരത് ഗോപി തനിക്ക് ഒരു കെട്ട് പണം തന്നെന്നും തുറന്ന് നോക്കിയപ്പോള്‍ അയ്യായിരം രൂപയുണ്ടായിരുന്നുവെന്നും അന്നത് വലിയ തുകയായിരുന്നുവെന്നും മധുപാല്‍ കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം.
‘ഭരത് ഗോപിയുടെ ‘യമനം’ എന്ന ചിത്രം ഒരു പാഠശാലയായിരുന്നു. മൂന്നുമാസത്തോളം ആ സിനിമയ്‌ക്കൊപ്പമുണ്ടായിരുന്നു. സിനിമയുടെ എല്ലാ വഴികളിലൂടെയും സഞ്ചരിക്കാനായി. എല്ലാം കഴിഞ്ഞപ്പോള്‍ ഗോപിയേട്ടന്‍ ഒരു കെട്ട് പണം തന്നു. തുറന്നു നോക്കിയപ്പോള്‍ ഞെട്ടി. അയ്യായിരം രൂപയുണ്ട്. അന്ന് അത് വലിയൊരു തുകയാണ്.
ആ സിനിമയുടെ കലാസംവിധായകനായിരുന്ന രാജീവ് അഞ്ചലുമായുണ്ടായ ബന്ധം പിന്നീട് ഉറ്റസൗഹ്യദമായി. രാജീവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് സഹസംവിധായകനായിട്ടായിരുന്നു അടുത്ത ക്ഷണം. ‘ഓസ്‌ട്രേലിയ’ എന്ന് പേരിട്ട് പിന്നീട് ‘ബട്ടര്‍ഫ്‌ളൈസ്’ എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു അത്,’ മധുപാല്‍ പറയുന്നു.